2018 June 19 Tuesday
ജീവതം അത്ര കഠിനവും ദുഖഭരിതവുമായിരിക്കെ എഴുതപ്പെടുന്ന വാക്കുകള്‍ കൊണ്ടല്ലാതെ മറ്റെന്തുകൊണ്ടാണ് ഒരാള്‍ മറ്റൊരാളെ തന്നിലേക്ക് ചേര്‍ത്തുപിടിക്കുക.
-കാഫ്ക

ഇരുട്ടിനെ അതിജീവിക്കാന്‍ ഇന്നേ തുടങ്ങാം

ശശി. ബി മറ്റം 9495158772

കേരളം വൈദ്യുതിപ്രതിസന്ധിയിലേയ്ക്കു നീങ്ങിക്കൊണ്ടിരിക്കുകയാണ്. വൈദ്യുതിയുടെ ആവശ്യം ഏറ്റവുമധികം വേണ്ടിവരുന്ന ദിനങ്ങളാണു വരാനിരിക്കുന്നത്. സംസ്ഥാനത്തെ ഏതാണ്ട് എല്ലാ മേഖലകളും കമ്പ്യൂട്ടര്‍വല്‍ക്കരിച്ച് കഴിഞ്ഞു. അപേക്ഷകളെല്ലാം ഓണ്‍ലൈനായി. ഇതിനെല്ലാം വൈദ്യുതി വേണം. പച്ചക്കറിക്കടയിലെ തുലാസിനും വേണം വൈദ്യുതി. ചുരുക്കത്തില്‍, വൈദ്യുതിയില്ലാതെ രാവിലെ 9 മുതല്‍ രാത്രി 9 വരെ ഒന്നും ചെയ്യാനാവില്ല.

രാത്രി ഉറങ്ങണമെങ്കില്‍ ഫാനോ എയര്‍കണ്ടീഷണറോ ഇല്ലാതെ പറ്റില്ല നമ്മളില്‍ പലര്‍ക്കും. പുതുവത്സരത്തോടെ ഉത്സവങ്ങളുടെ വരവായി. അതിനുപിന്നാലെ പരീക്ഷാകാലമായി. ഇതിനെല്ലാം വൈദ്യുതി അനിവാര്യം. കൂനിന്‍മേല്‍ കുരുവെന്നപോലെ ജലക്ഷാമവും നേരിടേണ്ടിവരും.
വരാനിരിക്കുന്ന വൈദ്യുതിപ്രതിസന്ധിക്കു ശമനമുണ്ടാകണമെങ്കില്‍ ഇടവപ്പാതി കനിയണം. വരുന്നവര്‍ഷത്തെ ഇടവപ്പാതിയും തുലാവര്‍ഷവും എന്താകുമെന്ന് ഇപ്പോഴേ പ്രവചിക്കാനാവില്ല. ഈ സാഹചര്യത്തില്‍, വൈദ്യുതിസംരക്ഷണത്തിന് ഏറെപ്രാധാന്യമുള്ള നാളുകളാണു വരാനിരിക്കുന്നത്.

സംസ്ഥാനത്തെ വൈദ്യുതിയാവശ്യത്തിന്റെ ശരാശരി 30 ശതമാനം മാത്രമാണു നമ്മുടെ ജലവൈദ്യുതനിലയങ്ങളില്‍ നിന്നു ലഭിക്കുന്നത്. ബാക്കി കേന്ദ്രവിഹിതമായും സ്വകാര്യവൈദ്യുതിനിലയങ്ങളില്‍നിന്നും പവര്‍പര്‍ച്ചേസ് എഗ്രിമെന്റ് പ്രകാരം വാങ്ങുകയാണ്. കേന്ദ്രവിഹിതവും പവര്‍പര്‍ച്ചേസ് എഗ്രിമെന്റ് പ്രകാരം വാങ്ങുന്ന വൈദ്യുതിയും കൊണ്ടുവരേണ്ടത് അയല്‍സംസ്ഥാനങ്ങളില്‍ക്കൂടി കടന്നുവരുന്ന പ്രസരണലൈനുകളില്‍ കൂടിയാണ്. ഈ പാത എപ്പോഴും സുഗമമാകണമെന്നില്ല.

അയല്‍സംസ്ഥാനങ്ങളില്‍നിന്നു വൈദ്യുതിയെത്തിക്കാന്‍ പറ്റാതെ വരുമ്പോള്‍ സ്വാഭാവികമായും കേരളം ആശ്രയിക്കുന്നത് കായംകുളം താപനിലയത്തെയും ഡീസല്‍ പവര്‍ പ്ലാന്റുകളെയുമാണ്. ഇവിടെ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയുടെ വില നമുക്കു താങ്ങാവുന്നതല്ല. സാമ്പത്തികമായി തകര്‍ന്നുനില്‍ക്കുന്ന ജനങ്ങളുടെമേല്‍ വര്‍ധിപ്പിച്ച വൈദ്യുതി ചാര്‍ജ് അടിച്ചേല്‍പിക്കുന്നതു നീതിയല്ല. ഈ സാഹചര്യത്തില്‍ പരസ്പരം പഴിചാരാതെ സര്‍ക്കാരും ജനങ്ങളും ഏകമനസോടെ പ്രവര്‍ത്തിച്ചാല്‍ ലോഡ്‌ഷെഡ്ഡിങ്ങോ പവര്‍കട്ടോ ഇല്ലാതെ ജീവിതം നയിക്കാം.

ഇപ്പോള്‍ കേരളത്തില്‍ ഒരുദിവസം വേണ്ടിവരുന്ന ശരാശരി വൈദ്യുതി 68 ദശലക്ഷം യൂണിറ്റും വൈകിട്ട് ആറു മുതല്‍ 10 വരെ സമയത്തെ ഉയര്‍ന്ന ഡിമാന്‍ഡ് ശരാശരി 3300 മെഗാവാട്ടുമാണ്. ഇതില്‍നിന്ന് 15 ശതമാനംവരെ വര്‍ധന വരുംമാസങ്ങളില്‍ പ്രതീക്ഷിക്കാം. മുകളില്‍കാണിച്ച കണക്കില്‍ ആഭ്യന്തര ഉല്‍പാദനം 15 ശതമാനത്തില്‍ താഴെ മാത്രം. ഈ സ്ഥിതിവിശേഷം അതിജീവിക്കാന്‍ കേരളത്തിലെ വൈദ്യുതി ഉപഭോക്താക്കളുടെ ആത്മാര്‍ഥമായ സഹകരണത്തിലൂടെ സാധിക്കും. ഇതിനുവേണ്ട ശക്തമായ നിരന്തരബോധവല്‍ക്കരണം വൈദ്യുതിബോര്‍ഡിന്റെ ഭാഗത്തുനിന്നുണ്ടാകണം.

ഇപ്പോഴത്തെ കണക്കുപ്രകാരം സംസ്ഥാനത്ത് ഒരുകോടി പതിനഞ്ചു ലക്ഷത്തിലേറെ ഉപഭോക്താക്കളുണ്ട്. ഇതില്‍ 90 ലക്ഷത്തിലേറെയും ഗാര്‍ഹിക ഉപഭോക്താക്കളാണ്. വൈദ്യുതിവിനിയോഗത്തിന്റെ 50 ശതമാനത്തിലേറെയും വേണ്ടിവരുന്നതു ഗാര്‍ഹിക ഉപയോഗത്തിനാണ്. ഗാര്‍ഹിക-ഗാര്‍ഹികേതര ഉപഭോക്താക്കള്‍ വൈദ്യുതിവിനിയോഗത്തില്‍ മിതത്വം പാലിക്കുകയും ചെറുകിട,വ്യാവസായിക ഉപഭോക്താക്കള്‍ വൈകിട്ട് 6 മുതല്‍ 10 വരെയുള്ള പീക്‌ലോഡ് സമയത്ത് തങ്ങളുടെ മോട്ടോര്‍, വെല്‍ഡിംഗ് സെറ്റ് തുടങ്ങിയ പ്രവര്‍ത്തിപ്പിക്കാതിരിക്കുകയും ചെയ്താല്‍ പവര്‍കട്ടും ലോഡ്‌ഷെഡ്ഡിംഗും ഒഴിവാകും.

വൈദ്യുതിബോര്‍ഡിന്റെ സപ്ലൈ ആക്ടില്‍ 28-ാം വകുപ്പു പ്രകാരം പീക് ലോഡ് നിയന്ത്രണം അനുശാസിക്കുന്നുണ്ട്. വൈദ്യുതിപ്രതിസന്ധി അതിജീവിക്കാന്‍ വൈദ്യുതി ഉല്‍പാദനം, പ്രസരണം, വിതരണം, ഉപഭോഗം എന്നീ മേഖലകളിലെ സാങ്കേതികവസ്തുതകള്‍ മുഴുവന്‍ സാധാരണക്കാരിലും എത്തിക്കലാണ് പ്രധാനപ്രവര്‍ത്തനം. അതോടൊപ്പം ഓരോരുത്തരും എന്തെല്ലാമാണു ചെയ്യേണ്ടതെന്ന ചെറുവിവരണവും നല്‍കണം. നിരന്തരബോധവല്‍ക്കരണത്തിലൂടെ നാലഞ്ചുവര്‍ഷംവരെ ഇന്നുലഭിക്കുന്ന വൈദ്യുതികൊണ്ടു കാര്യങ്ങള്‍ നിറവേറ്റാം.

വൈദ്യുതിയുടെ ചില പ്രത്യേകതകളിലൊന്ന് ഉല്‍പാദിപ്പിച്ചു ശേഖരിച്ചുവയ്ക്കാനാവില്ല. ഉപഭോക്താക്കള്‍ ഓരോ ഉപകരണവും പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ആ ഉപകരണത്തിനുകൂടിവേണ്ട വൈദ്യുതി അപ്പോള്‍ത്തന്നെ അധികമായി ഉല്‍പാദിപ്പിക്കപ്പെടുന്നു. ഇതു പവര്‍ഹൗസില്‍ നടക്കുന്ന ഒരു ഓട്ടോമാറ്റിക് ക്രമീകരണമാണ്. പ്രവര്‍ത്തിപ്പിക്കുന്ന ഉപകരണത്തിന്റെ വോള്‍ട്ടേജ് പ്രവര്‍ത്തിപ്പിക്കുന്ന സമയം ഇവയുടെ അടിസ്ഥാനത്തിലാണു ഡാമിലെ ജലവും താപനിലയങ്ങളിലെ ഇന്ധനവും വിനിയോഗിക്കപ്പെടുന്നത്. ഈ സാങ്കേതികകാരണത്താല്‍, വ്യക്തികള്‍ ഇന്നു വൈദ്യുതിയുടെ ഉപഭോഗം കുറയ്ക്കുന്നതിലൂടെ നാളത്തെ വൈദ്യുതി ഉല്‍പാദനത്തിനുവേണ്ട വെള്ളവും ഇന്ധനങ്ങളും മിച്ചം വരും.

രണ്ടാമത്തെ പ്രധാനകാര്യം ലോഡ്‌ഷെഡ്ഡിങ്ങിന് ഇടയാക്കുന്ന സാഹചര്യമാണ്. ലോഡ്‌ഷെഡ്ഡിങ് പവര്‍കട്ടല്ല. വൈകിട്ട് ആറു മുതല്‍ 10 വരെ സമയത്താണു വെളിച്ചത്തിനുവേണ്ടി വൈദ്യുതി പരമാവധി ഉപയോഗിക്കുന്ന സമയം. ഈ സമയത്തുതന്നെ ഗാര്‍ഹിക ഉപഭോക്താക്കള്‍ അറിവില്ലായ്മ മൂലം വാട്ടര്‍പമ്പ്, ഇസ്തിരിപ്പെട്ടി, മിക്‌സി, ഇന്‍ഡക്ഷന്‍ കുക്കര്‍ തുടങ്ങിയവ ഉപയോഗിക്കുന്നു. ചെറുകിടവ്യവസായികള്‍ വെല്‍ഡിംഗ് സെറ്റ്, മോട്ടോര്‍ തുടങ്ങിയവയും പ്രവര്‍ത്തിപ്പിക്കും.

പീക് ലോഡ് സമയത്ത് ഈ അധികഭാരം താങ്ങാനാകാതെ വരുമ്പോള്‍ ഏര്‍പ്പെടുത്തുന്ന ക്രമീകരണമാണു ലോഡ്‌ഷെഡ്ഡിംഗ്. കേവലം നാലുമണിക്കൂര്‍ സമയത്തിനുവേണ്ടി കൂടുതല്‍ ശേഷിയുള്ള ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതു ലാഭകരമല്ല. ഈ സാങ്കേതികവസ്തുതയുടെ അടിസ്ഥാനത്തില്‍ പീക് ലോഡ് നിയന്ത്രണം പാലിക്കുന്നതു വിവിധതലത്തില്‍ ഗുണകരമാണ്. വലിയ സാമ്പത്തികനേട്ടവും ഉണ്ടാക്കാം.

എനര്‍ജി എഫിഷ്യന്റ് ഉപകരണങ്ങളുടെ വ്യാപനം പവര്‍കട്ട് ഒഴിവാക്കാന്‍ പ്രധാനപ്പെട്ട ഘടകമാണ്. ഇന്നുള്ള സാധാരണ ബള്‍ബുകള്‍ക്കും ട്യൂബ് സെറ്റുകള്‍ക്കും പകരം എല്‍.ഇ.ഡി ബള്‍ബുകളും ട്യൂബ്‌സെറ്റുകളും ഉപയോഗിക്കല്‍, ആവശ്യമാണെന്നു കാണുമ്പോള്‍ മാത്രം ലൈറ്റുകള്‍ തെളിക്കല്‍, ശരാശരി 15 വാട്ട്‌സ് സീറോബള്‍ബിനുപകരം ഒരു വാട്ടില്‍ താഴെ മാത്രം വൈദ്യുതി ചെലവാക്കുന്ന എല്‍.ഇ.ഡി ഫോട്ടോലാബ് ഉപയോഗിക്കല്‍ എന്നിവയിലൂടെ വൈദ്യുതിചെലവു പകുതിയില്‍ താഴെ യാക്കാന്‍ ചുരുങ്ങിയ കാലം മതി. സാധാരണ 60 വാട്ട് ബള്‍ബിനുവേണ്ട വൈദ്യുതിയുടെ ഏഴിലൊന്നു മാത്രം മതി ഒമ്പത് വാട്ട് എല്‍.ഇ.ഡി ബള്‍ബുകള്‍ക്ക്. 60 വാട്ടിന്റെ ഒരു ബള്‍ബ് ഒരുമണിക്കൂര്‍ തെളിക്കാനുള്ള വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ 60 ക്യുബിക് മീറ്റര്‍ വെള്ളം വേണമെങ്കില്‍ ഒമ്പത് വാട്ട് ബള്‍ബ് തെളിക്കാന്‍ ഒമ്പത് ക്യുബിക് മീറ്റര്‍ വെള്ളം മതിയെന്നു സാരം. ഇതിലൂടെ 51 ക്യുബിക് മീറ്റര്‍ വെള്ളം ഡാമില്‍ മിച്ചം വരും.

വിവിധ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ അല്‍പം ശ്രദ്ധിച്ചാല്‍ വൈദ്യുതിചെലവു ഗണ്യമായി കുറയ്ക്കാം. റഫ്രിജറേറ്റര്‍ കൂടെകൂടെ തുറക്കുന്നതൊഴിവാക്കുക, ഓരോ വസ്ത്രംതേയ്ക്കാനും അപ്പപ്പോള്‍ ഇസ്തിരിപ്പെട്ടി ഓണാക്കുന്നതൊഴിവാക്കുക, ടി.വി പോലുള്ള ഉപകരണങ്ങള്‍ റിമോട്ടില്‍ മാത്രം ഓഫാക്കാതെ പ്ലഗ്ഗിന്റെ സ്വിച്ചുകൂടി ഓഫാക്കുക എന്നിവ വൈദ്യുതി ചെലവു കുറക്കാനും അപകടങ്ങള്‍ ഒഴിവാക്കാനും സഹായകമാണ്.

ഇടത്തരം ഗാര്‍ഹിക ഉപഭോക്താക്കള്‍ അല്‍പം ശ്രദ്ധിച്ചാല്‍ തങ്ങളുടെ വൈദ്യുതിബില്‍ ഗണ്യമായി കുറയ്ക്കാം. ഗാര്‍ഹിക ഉപഭോക്താക്കളുടെ രണ്ടുമാസത്തെ വൈദ്യുതിച്ചെലവ് 240 യൂണിറ്റില്‍ താഴെയാണെങ്കില്‍ അവര്‍ക്കു സര്‍ക്കാര്‍ സബ്‌സിഡി ലഭിക്കുമെന്ന കാര്യം പലര്‍ക്കും അറിയില്ല.
ഇന്‍വര്‍ട്ടറുകള്‍ വളരെയധികം വൈദ്യുതി പാഴാക്കുന്ന ഉപകരണമാണ്. ഇവയുടെ ഉപയോഗം പരിമിതപ്പെടുത്തുകയോ ഇന്‍വര്‍ട്ടറിന്റെ ബാറ്ററി ചാര്‍ജ്ജ് ചെയ്യാന്‍ സോളാര്‍ പാനല്‍ ഉപയോഗിക്കുകയോ ചെയ്യുന്നതു ഗുണകരമാണ്. കേരളത്തില്‍ ഇനി ഇടുക്കിപോലുള്ള വന്‍കിട ജലവൈദ്യുതപദ്ധതികള്‍ വരാനില്ലെന്ന വസ്തുത മനസിലാക്കി വൈദ്യുതിചെലവു പരമാവധി കുറച്ചു കേരളത്തെ ഇരുട്ടിലേക്കു തള്ളിവിടാതിരിക്കാന്‍ നമുക്ക് കൂട്ടായി യത്‌നിക്കാം.

(കെ.എസ്.ഇ.ബി റിട്ട.
അസി. എന്‍ജിനീയറാണ് ലേഖകന്‍)


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.