2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

ഇരകള്‍ ഉണ്ടാകുന്നത്

ടി.ആര്‍ തിരുവഴാംകുന്ന് 9048768775

ഒരു കാമാതുരന്റെ ആര്‍ത്തിക്കു വിധേയയായി ജീവന്‍ ത്യജിക്കേണ്ടി വന്ന ‘ജ്യോതി’, കുറേക്കാലം മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു. ‘സൗമ്യ’യെന്ന പുതിയ ഇരയെക്കിട്ടിയതോടെ ജ്യോതി മറവിയില്‍ മുങ്ങി. സൗമ’യായി താരം. പിന്നീടു സൗമ്യയും വിസ്മൃതിയിലായി. ഇപ്പോള്‍ മാധ്യമങ്ങളും സമൂഹവും ആഘോഷിക്കുന്നതു ജിഷാവധമാണ്. ജിഷയും അതുവഴി പെരുമ്പാവൂര്‍ എന്ന ഗ്രാമവും കൊടുംക്രൂരതയുടെ പേരില്‍ കുപ്രസിദ്ധി നേടിക്കഴിഞ്ഞു
‘ജിഷാ’വിഷയം ചര്‍ച്ചചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ കാണാതെ പോകരുത്. കൗമാരപ്രായക്കാരെ ഉത്തേജിപ്പിക്കാനുതകുന്ന കാഴ്ച്ചകളാണ് അവരുടെ ചുറ്റുമുള്ളത്.

അവര്‍ എഴുതാനുപയോഗിക്കുന്ന നോട്ടുബുക്കിന്റെ പുറംചട്ടയിലെ അല്‍പ്പവസ്ത്രധാരിണിയായ പുതുമുഖനായിക, അവന്റെ സതീര്‍ഥ്യകളില്‍ ചിലരുടെയെങ്കിലും സ്‌നിഗ്ദ്ധമേനിയിലെ സുതാര്യ വസ്ത്രധാരണം, ശരീരത്തിലെ ചുവന്നുതുടുത്ത മാംസളഭാഗങ്ങള്‍ മാദകമാംവിധം പ്രദര്‍ശിപ്പിക്കുന്ന, റോഡരികുകളിലെ സിനിമാ പോസ്റ്ററുകളിലെ നായികമാരുടെ മുഴുനീള വര്‍ണചിത്രം, പല കമ്പനികളുടെയും സോപ്പ്, ചീര്‍പ്പ്, കണ്ണാടി മുതല്‍ കമ്പ്യൂട്ടര്‍ വരെയുള്ള ഹോംനീഡ്‌സിന്റെ പരസ്യത്തിനായി അണിനിരത്തുന്ന അര്‍ദ്ധനഗ്‌നകളായ അംഗനമാരുടെ ചിത്രമുള്ള വന്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍……. ഇങ്ങനെ ധാരാളം.

ഫുള്‍ പാന്റ്‌സ്, ഫുള്‍ ഷര്‍ട്ട്, മീതെ ഓവര്‍കോട്ട്, കഴുത്തില്‍ ടൈ, തലയില്‍ ഹാറ്റ്- ഇതാണ് ആധുനിക പുരുഷവസ്ത്രസങ്കല്പ്പം. സ്ത്രീയുടേതോ കൊച്ചുപട്ടത്തിന്റെ മാതൃകയില്‍ അല്‍പം തുണി അരയിലും നാലിഞ്ചു ദീര്‍ഘചതുരാകൃതിയിലുള്ള തുണിക്കഷ്ണം മാറത്തും ധരിച്ചാല്‍, ‘മോഡേണ്‍ ലേഡി’ വസ്ത്രസങ്കല്‍പ്പം പൂര്‍ത്തിയായി!
നമ്മുടെ പല വനിതകളെയും കാണുമ്പോഴാണ്, ഈ രാജ്യത്ത് അനുഭവപ്പെടുന്ന തുണിക്ഷാമത്തിന്റെ രൂക്ഷത ബോധ്യമാകുക. അസ്ഥിപഞ്ജരങ്ങളായ അഗതികളോ, വൃദ്ധജനങ്ങളോ അല്‍പ്പവസ്ത്രധാരികളാകുന്നതു ക്ഷന്തവ്യമാണ്. ശരീരത്തിലെ നിമ്‌നോന്നതഭാഗങ്ങള്‍ അല്‍പ്പവസ്ത്രങ്ങള്‍ ധരിച്ചു യുവതികള്‍ മാദകമാംവിധം പ്രദര്‍ശിപ്പിച്ചാല്‍, സാധാരണമനുഷ്യരെന്നല്ല, പണ്ടു കവിപാടിയതുപോലെ, ‘ആരാകിലെന്ത്, മിഴിയുള്ളവര്‍ നോക്കിനില്‍ക്കും’.

നോക്കിയാലോ പീഡനമായി! പിന്നത്തെ പുകിലുകള്‍ പറയാന്‍ വയ്യ. പൊലിസ് കേസ്, മാധ്യമങ്ങളില്‍ നിത്യേന നാലുകോളം വാര്‍ത്ത. ദൃശ്യമാധ്യമങ്ങളില്‍ സന്ധ്യാസമയത്തു ചര്‍ച്ച. കാഴ്ച്ചക്കാരുടെ തല്‍സമയപ്രതികരണം. ഇങ്ങനെ എല്ലാം കൂട്ടിച്ചേര്‍ത്ത്, രണ്ടോമൂന്നോ ആഴ്ച ചൂടോടെ ചെലവാക്കാനുള്ള വക വീണുകിട്ടിയാല്‍ നമ്മുടെ ദൃശ്യ-ശ്രാവ്യമാധ്യമങ്ങള്‍ക്ക് ‘വെരി ഹാപ്പി’. ദൃശ്യ-ശ്രാവ്യമാധ്യമങ്ങളില്‍ ബഹുഭൂരിപക്ഷവും മാനസമലിനീകരണത്തിന്റെ മൊത്തവിതരണക്കാരാണ്. പല രതിച്ചിത്രങ്ങളും ചലച്ചിത്രമെന്ന പേരില്‍ പ്രദര്‍ശിപ്പിക്കുന്നത് നമുക്കറിയാം.

മഹത്തായ കലാമൂല്യമുള്ള ചിത്രമാണിതെന്ന് അനുസ്യൂതം പ്രചരിപ്പിച്ച് അനുദിനം സംപ്രേക്ഷണം ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ മത്സരിക്കുകയാണ്. സത്യത്തില്‍, ഈ കലാസൃഷ്‌കളില്‍ കൂടുതലും കുറ്റവാസനയോ അരാജകത്വധ്വനിയോയാണ് നിറഞ്ഞുനില്‍ക്കുന്നത്. ഈ കലാരൂപങ്ങള്‍ കണ്ടും കേട്ടും ‘മനംനിറച്ചും’ വളരുന്ന കൗമാരങ്ങളും യുവാക്കളും കുറ്റം ചെയ്തില്ലെങ്കിലേ അത്ഭതപ്പെടാനുള്ളൂ.

പണ്ട്, സ്ത്രീകള്‍ക്കു മാറുമറയ്ക്കാന്‍ അവകാശമുണ്ടായിരുന്നില്ല. മാറുമറയ്ക്കാനായി ‘മുലക്കച്ച സമരം’ നടത്തിയ നാടാണു കേരളം. പണിപ്പെട്ടു നേടിയെടുത്തു മറച്ച മാറ്, ഇന്ന് ഏതുനിമിഷവും നഗ്‌നമാക്കാന്‍ നടിമാരും മറ്റും തയ്യാര്‍! പല ചാനലുകളിലും നടക്കുന്ന ഡാന്‍സ് പരിപാടികളില്‍ പങ്കെടുക്കുന്ന ഗ്രൂപ്പ് ഡാന്‍സുകാരികളുടെ വസ്ത്രധാരണം കാണുമ്പോഴാണ്, വസ്ത്രം ധരിച്ചുകൊണ്ട് എങ്ങനെ നന്നായി നഗ്‌നത പ്രദര്‍ശിപ്പിക്കാമെന്നു മനസ്സിലാകുന്നത്.
ഇതെല്ലാം വര്‍ണമനോഹാരിതയോടെ ദൃശ്യമാധ്യമങ്ങള്‍ മാലോകരുടെ മുമ്പില്‍ വിളമ്പുന്നു. ഇതു കണ്ടുംകേട്ടുമാണു നമ്മുടെ കുട്ടികള്‍ വളരുന്നത്. ഇന്ന് ഏതാണ്ട് എല്ലാ വീടുകളിലും ഇന്റര്‍നെറ്റ് കണക്ഷനുണ്ട്. വിരലൊന്നു മുട്ടിയാല്‍ തുരുതുരെ രതിച്ചിത്രങ്ങള്‍ കാണാന്‍ സൗകര്യമാണ്. ഫലമോ സഹോദരി, ജേഷ്ടഭാര്യ, പുത്രവധു, ഭാര്യാമാതാവ്, സുഹൃത്തിന്റെ ഭാര്യ തുടങ്ങിയ പദങ്ങളെല്ലാം പുരുഷസമൂഹം മറക്കുകയാണ്. അവര്‍ക്ക് ഇന്നറിയുന്ന സ്ത്രീലിംഗപദങ്ങള്‍ രണ്ടെണ്ണം മാത്രം: കാമുകി, ഭാര്യ. അല്‍പ്പം കൂടി വിശദമാക്കിയാല്‍ ‘പെണ്ണ്’ മാത്രം.
അത് ആസ്വദിക്കാനുള്ള വസ്തുവാണെന്ന് അവനറിയാം അവന്‍ കേള്‍ക്കുന്ന വാര്‍ത്ത, അവന്‍. കാണുന്ന സിനിമ അവന്‍ വായിക്കുന്ന സാഹിത്യം, അവന്‍ ജീവിക്കുന്ന സമൂഹം-എല്ലാം ആ ധാരണയ്ക്ക് അടിവരയിടുകയാണ്. സമസ്തമേഖലകളും യുവാക്കളെ കുറ്റംചെയ്യാന്‍ പ്രേരിപ്പിക്കുകയാണ്. ഈ പരിതോവസ്ഥനിലനില്‍ക്കുന്ന കാലത്തോളം, ഇരകള്‍ ഉണ്ടായിക്കൊണ്ടേയിരിക്കും.

അപ്പോഴും സംഭവം നടന്നു രണ്ടോ മൂന്നോ ആഴ്ച്ച കേരളം ഇരകളെക്കുറിച്ചോര്‍ത്തു കരയും. മാധ്യമങ്ങള്‍ അന്തമില്ലാതെ സന്ധ്യാചര്‍ച്ചകളും രാഷ്ട്രീയക്കാര്‍ റാലികളും സംഘടിപ്പിക്കും. ചിലര്‍ സാമ്പത്തിക സഹായം നല്‍കുകയും അത് ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുക്കുകയും ചെയ്യും. അതിനിടെയാകും മറ്റൊരു ഇരയുടെ കദനകഥ കേള്‍ക്കുന്നത്. അപ്പോള്‍ ആദ്യത്തേതു മറക്കും. ഈ പ്രവണതയില്ലാതാക്കാനാണു സമൂഹം സത്വരം ശ്രദ്ധിക്കേണ്ടത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.