2020 July 11 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഇരകളുടെ സമരമല്ല, ഉയരേണ്ടത് ജനകീയ സമരം

എന്‍.എം.കോയ, ജന. കണ്‍വീനര്‍, കോട്ടക്കുന്ന് ബൈപ്പാസ് കുടിയിറക്കു വിരുദ്ധ സമരസമിതി

നാഷണല്‍ ഹൈവേ വികസനത്തിന്റെ പേരില്‍ 3 ഡി നോട്ടിഫിക്കേഷനിറക്കി ജനങ്ങളെ കുടിയിറക്കുന്ന തിരക്കിലാണു സര്‍ക്കാരും അധികാരികളും. 30 മീറ്ററില്‍ ആറുവരിപ്പാത ഉണ്ടാക്കി വികസിപ്പിക്കാമെന്നിരിക്കെയാണ് ബി.ഒ.ടി അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിക്കു വേണ്ടി 45 മീറ്ററില്‍ സ്ഥലമെടുക്കുന്നത്. എന്നിട്ട് പുനരധിവാസ സംവിധാനവുമൊരുക്കാതെ വീടൊഴിഞ്ഞു പോകാന്‍ ആവശ്യപ്പെടുകയാണ്. എവിടത്തേയ്ക്കാണു പോവേണ്ടത്. വാടകവീട്ടിലേയ്‌ക്കെന്നാണു മറുപടിയെങ്കില്‍ ഇത്രയും കുടുംബങ്ങള്‍ക്കു വേണ്ട വീടുകള്‍ എവിടെയാണു ലഭ്യമാകുന്നത്.
അധികൃതരും, സര്‍ക്കാരും യാഥാര്‍ഥ്യബോധത്തോടെയാണ് ഈ വിഷയം കൈകാര്യം ചെയ്യേണ്ടത്. കാരണം ഇതു കുറേ മനുഷ്യരുടെ ജീവിതവുമായി ബന്ധപ്പെട്ടതാണ്. ജീവിതകാലം മുഴുവന്‍ അധ്വാനിച്ചും കടമെടുത്തും ഉണ്ടാക്കിയെടുത്ത വീടുകളില്‍ താമസിക്കുന്നവരോട് ഒരു സുപ്രഭാതത്തില്‍ ഇതു സര്‍ക്കാര്‍ ഭൂമിയിലാണെന്നു പറയുന്നത് ഭരണനിര്‍വഹണത്തിന്റെ ഏകാധിപത്യ മുഖമാണു കാണിക്കുന്നത്.
സ്ത്രീകളും കുട്ടികളും വൃദ്ധരും രോഗികളുമടങ്ങുന്ന താമസക്കാരെ തെരുവിലേക്കെറിയുകയെന്നതു നിസാര കാര്യമല്ല. നഷ്ടപരിഹാരം തരുന്നില്ലേ എന്നായിരിക്കും ചോദ്യം. ആ സ്ഥലത്ത് അവസാനമായി ചെയ്ത ഏറ്റവും വലിയ 10 റജിസ്‌ട്രേഷന്‍ വിലകളുടെ ആവറേജിന്റെ 20 ശതമാനം കൂട്ടി അതിന്റെ ഇരട്ടിയാണു നഷ്ടപരിഹാരം.
നാട്ടില്‍ വികസനം നടക്കണ്ടേ എന്നതായിരിക്കും അടുത്ത ചോദ്യം. തീര്‍ച്ചയായും വേണം. ജനദ്രോഹപരമല്ലാത്ത, മനുഷ്യത്വവിരുദ്ധമല്ലാത്ത, പരിസ്ഥിതി നാശകാരിയല്ലാത്ത വികസനമാണു വേണ്ടത്. ഈ ബൈപ്പാസ് നിര്‍മാണവും അതോടനുബന്ധിച്ച ഇരസൃഷ്ടിപ്പുമെല്ലാം കേവലം ആ അലൈന്‍മെന്റില്‍ വരുന്നവരുടെ മാത്രം പ്രശ്‌നമാണെന്നു മനസിലാക്കി മറ്റുള്ളവര്‍ കൌതുകക്കാരായി നോക്കി നില്‍ക്കുകയോ മൗനമവലംബിക്കുകയോ ആണ്. പരിസ്ഥിതി വിരുദ്ധമായ, ജനദ്രോഹകരമായ വികസനപദ്ധതികള്‍ രാജ്യത്തിനാകെ വിപത്തും വിനാശവുമാണെന്ന പാഠമാണല്ലോ പ്രളയം നല്‍കിയത്. അതിനാല്‍ ഇനിയുമൊരു ദുരന്തം നമ്മെ വിഴുങ്ങാതിരിക്കാന്‍ കുന്നുകളും മലകളും ഇടിച്ചു നിരപ്പാക്കിക്കൊണ്ടും തണ്ണീര്‍ തടങ്ങളും വയലേലകളും മണ്ണിട്ടു നികത്തിക്കൊണ്ടും കണ്ടല്‍ക്കാടുകള്‍ നശിപ്പിച്ചുകൊണ്ടും നടത്തുന്ന വികസനപദ്ധതികള്‍ക്കെതിരേ രാഷ്ട്രീയത്തിനതീതമായി എല്ലാവരും ശക്തമായി പ്രതികരിക്കേണ്ടിയിരിക്കുന്നു.
ബി.ഒ.ടി മുതലാളിമാരുടെ ലാഭക്കൊതി തീര്‍ത്തുകൊടുക്കുക എന്നതിലുപരി നാടും നാട്ടാരും കുന്നും മലയും നദിയും വയലും ഇവിടെ നിലനില്‍ക്കേണ്ടതുണ്ട്. നമ്മുടെ മക്കളും പേരമക്കളുമുള്‍പ്പെടുന്ന ഭാവിതലമുറകള്‍ക്കും ഇവിടെ സമാധാനത്തോടെ ജീവിക്കേണ്ടതുണ്ട് എന്ന വികസന കാഴ്ചപ്പാടാണു ജനപക്ഷ സര്‍ക്കാരിനുണ്ടാവേണ്ടത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.