2019 January 19 Saturday
ഒരു നല്ല വാക്ക് പറയുന്നതും അരോചകമായത് ക്ഷമിക്കുന്നതും ദ്രോഹം പിന്തുടരുന്ന ദാനത്തെക്കാള്‍ ഉല്‍കൃഷ്ടമാകുന്നു

ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളില്‍ വന്‍ തിരക്ക്; വാഹന ഉടമകള്‍ വലയുന്നു

പറവൂര്‍: പ്രളയക്കെടുതിയില്‍ വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങിയതിന് ഇന്‍ഷുറന്‍സ് തുക ലഭിക്കാതെ നൂറ് കണക്കിന് വാഹന ഉടമകള്‍ വലയുന്നു.
പറവൂര്‍ മേഖലയിലാണ് ഏറെയും വാഹനങ്ങള്‍ പ്രളയത്തില്‍ മുങ്ങി കേട് പാട് സംഭവിച്ചത്. ഇത്തരം വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ലഭിക്കുന്നതിനായി ദിവസവും നിരവധി അപേക്ഷകളാണ് ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളില്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്.
അപേക്ഷകള്‍ ലഭിച്ചിട്ടും ഗുണഭോക്താക്കള്‍ക്ക് അറ്റകുറ്റ പണികള്‍ക്കുള്ള തുകയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാത്ത സ്ഥിതിയാണ്. അപേക്ഷകളോടപ്പം വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങിയതിന്റെ ഫോട്ടോകളും ഉള്‍പ്പെടുത്തിയാണ് വാഹന ഉടമകള്‍ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളെ സമീപിച്ചിട്ടുള്ളത്. എന്നാല്‍ ഇത്തരം സ്ഥാപനങ്ങളില്‍ ആവശ്യത്തിന് സര്‍വേയര്‍മാര്‍ ഇല്ലാത്തത് നടപടി ക്രമങ്ങള്‍ അനന്തമായി നീളുകയാണ്. സംസ്ഥാനത്ത് സര്‍വ്വേയറന്‍മാരുടെ എണ്ണം വളരെ പരിമിതമാണ്.
ഓരോ ജില്ലയിലും മുന്നോ നാലോ പേര് മാത്രമെ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നത്. മോട്ടോര്‍ വാഹന അപകടങ്ങളില്‍പ്പെടുന്ന വാഹനങ്ങള്‍ പരിശോധിക്കുന്നതാണ് ഇവര്‍ക്കുള്ള ജോലി. ഇത്തരം വാഹനങ്ങള്‍ക്ക് ഉണ്ടായിട്ടുള്ള കേട് പാടുകള്‍ പരിശോധിച്ച് ഇന്‍ഷുറ്വന്‍സ് കമ്പനികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യലാണ് ഇവര്‍ നടത്തി കൊണ്ടിരിക്കുന്നത്.
അംഗീകൃത ഷോറുമുകളില്‍ നിന്നും നല്‍കുന്ന അറ്റകുറ്റപണികള്‍ക്കുള്ള എസ്റ്റിമേറ്റ് കൊട്ടേഷന്‍ അംഗീകരിച്ചു നല്‍കുന്നതിനും സര്‍വേയര്‍മാര്‍ സഹായിക്കും. എന്നാല്‍ പ്രളയക്കെടുതിയില്‍ വാഹനങ്ങളുടെ എണ്ണം കൂടിയതോടെ വിരലിലെണ്ണാവുന്ന സര്‍വേയര്‍മാരെ മാത്രം ആശ്രയിച്ച് മുന്നോട്ട് കൊണ്ട് പോകാത്ത സ്ഥിതിയാണ്. ഇന്‍ഷുറന്‍സ് ആനുകൂല്യത്തിനായി അപേക്ഷകള്‍ കൊടുത്തവര്‍ ദിവസവും ഓഫിസുകള്‍ കയറിയിറങ്ങുകയാണ്.
ഇതോടെ ചെന്നൈ, തിരുച്ചി, കോയമ്പത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും സര്‍വേയര്‍മാരെ നിയോഗിച്ചിട്ടുണ്ടെങ്കിലും അപേക്ഷകരുടെ എണ്ണം പെരുകിയത് ഇവരെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.