2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഇന്‍ഫോ പാര്‍ക്ക് സ്ഥലം ഏറ്റെടുക്കല്‍: യുവാക്കളുടെ ആത്മഹത്യാ ഭീഷണി

 

കാക്കനാട്: ഇന്‍ഫോ പാര്‍ക്ക് രണ്ടാംഘട്ട വികസനവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കാനെത്തിയ റവന്യൂ അധികൃതരെ സ്ഥല ഉടമകള്‍ തടഞ്ഞു. കോടതി ഉത്തരവുമായെത്തിയ റവന്യൂ ഉദ്യോഗസ്ഥരേ തടഞ്ഞ ഭൂഉടമകള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയതോടെ ഇവര്‍ പിന്‍വാങ്ങി. ജനവികാരം കണക്കിലെടുത്താണ് പിന്തിരിഞ്ഞത്.
ഇന്നലെ രാവിലെ ഇന്‍ഫോപാര്‍ക്ക് രണ്ടാംഘട്ട വികസനത്തിനായി വടക്കംകരി അബ്ദുല്‍ ഖാദറിന്റെ 23 സെന്റ് സ്ഥലം ഏറ്റെടുക്കാനാണ് ഇവര്‍ എത്തിയത്. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് കൂടുതല്‍ പൊലിസും തഹസീല്‍ദാറും എത്തിയതോടെ യുവാക്കള്‍ തൊട്ടടുത്ത മരത്തില്‍ കയറി ആത്മഹത്യഭീഷണി മുഴക്കുകയായിരുന്നു. വടക്കുംകരിയില്‍ അഫ്‌സല്‍, പിതൃസഹോദരപുത്രന്‍ നിസാര്‍ എന്നിവരാണ് അധികൃതരെ വട്ടംചുറ്റിച്ചത്.
കുന്നത്തുനാട് അഡീഷനല്‍ തഹസില്‍ദാര്‍, പൊലിസ്, ഇന്‍ഫോപാര്‍ക്ക് അധികൃതര്‍ എന്നിവര്‍ നോക്കി നില്‍ക്കവേയായിരുന്നു ആത്മഹത്യ ഭീഷണി. തങ്ങള്‍ക്ക് ലഭിക്കേണ്ട സ്ഥലവില ഇതുവരെ കോടതിയില്‍ കെട്ടിവച്ചിട്ടില്ലെന്ന് അഫ്‌സല്‍ പറഞ്ഞു. തൃക്കാക്കര ഫയര്‍ഫോഴ്‌സ് യൂനിറ്റില്‍ നിന്നും രണ്ട് ഫയര്‍എന്‍ജിനുകള്‍ സ്ഥലത്തെത്തിയതോടെ ജനംതടിച്ചുകൂടി.തര്‍ക്ക സ്ഥലത്തെ ലേബര്‍ ക്യാംപുകളും ജെ.സി.ബി ഉപയോഗിച്ച് പൊളിച്ചുനീക്കി.
അന്യസംസ്ഥാനത്തൊഴിലാളികളുടെ ഭക്ഷണവും, കിടക്കകളും മണ്ണിനടിയിലായി. തൊഴിലാളികള്‍ ജോലിക്ക് പോയ നേരത്തായിരുന്നു ഷെഡ് പൊളിക്കല്‍. സര്‍ക്കാര്‍ പദ്ധതിക്കായി കണ്ടെത്തിയ ഭൂമി ഏറ്റെടുക്കാന്‍ ഭൂഉടമകളുടെ അനുവാദം ആവശ്യമില്ലെന്ന് കുന്നത്തുനാട് അഡീഷനല്‍ തഹസില്‍ദാര്‍ പറഞ്ഞു. 12 വര്‍ഷം മുന്‍പാണ് സ്ഥലം ഏറ്റെടുക്കുമെന്ന് കാണിച്ച് ജില്ലാ കലക്ടര്‍ നോട്ടിസ് നല്‍കിയത്. എന്നാല്‍ സ്ഥലം വിട്ടുകെടുക്കാന്‍ ഉടമ വിസമ്മതിച്ചതിനെ തുടര്‍ന്ന് കേസ് കോടതിയിലായിരുന്നു. കഴിഞ്ഞ ദിവസം കോടതി കേസ് തള്ളിയതിനെ തുടര്‍ന്നാണ് സ്ഥലം ഏറ്റെടുക്കാന്‍ എത്തിയത്.
ഒരു വര്‍ഷം മുന്‍പ് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കലക്ടര്‍ നോട്ടിസ് നല്‍കിയിരുന്നു. ചൊവ്വാഴ്ച റവന്യു അധികൃതര്‍ എത്തി സ്ഥലം അളന്ന് തിരിച്ച് ഇന്‍ഫോപാര്‍ക്കിന് കൈമാറിയതാണെന്നും അവിടെയുള്ള ഷെഡുകള്‍ പൊളിച്ചുമാറ്റുന്നതിന് എത്തിയപ്പോഴാണ് പ്രശ്‌നം ഉണ്ടായതെന്നുമാണ് അധികൃതരുടെ വിശദീകരണം.
എന്നാല്‍ ഇന്‍ഫോപാര്‍ക്ക് നിര്‍മാണവുമായി ബന്ധപെട്ട് അന്നത്തെ കലക്ടറുടെ നിര്‍ദേശപ്രകാരം റോഡിന് വേണ്ടി 23 സെന്റ് സ്ഥലവും പിന്നീട് ഭാര്യയുടെ പേരിലുള്ള 14 സെന്റ് സ്ഥലവും വിട്ടുകൊടുത്തിരുന്നതായി അബ്ദുല്‍ ഖാദര്‍ പറഞ്ഞു. വീണ്ടും വീട് ഇരിക്കുന്ന സ്ഥലം ഏറ്റെടുക്കാനുള്ള നീക്കം അനുവദിക്കില്ലന്നും ഇയാള്‍ പറഞ്ഞു. വടവുകോട്പുത്തന്‍കുരിശ് പഞ്ചായത്തിലെ 30 ഓളം വീട്ടുകാര്‍ കുടിവെള്ളത്തിന് ഉപയോഗിക്കുന്ന കിണറും ഇവിടെ സ്ഥിതിചെയ്യുന്നുണ്ട്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.