2019 February 18 Monday
എന്റെ കാലിന്റെ ഗതിനിയന്ത്രിക്കുന്നത് ഒരു വിളക്കാണ്. അത് എന്താണെന്നോ? അനുഭവദീപം! -പാട്രിക് ഹെന്റി

ഇന്റര്‍നെറ്റിലെ മതപ്രബോധനം; നിയന്ത്രണങ്ങളുമായി ചൈന

 

ബെയ്ജിങ്: പള്ളികള്‍, ചര്‍ച്ചുകള്‍ എന്നിവക്കെതിരേയുള്ള നടപടികള്‍ക്ക് പിന്നാലെ ഇന്റര്‍നെറ്റിലെ മതപ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണങ്ങളുമായി ചൈന. മതവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ഇന്റര്‍നെറ്റിലൂടെ കൈമാറുന്നവര്‍ മുന്‍കൂട്ടി അറിയിക്കണമെന്നും മതപ്രബോധനങ്ങള്‍ ഭരണകൂടം മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചായിരിക്കണമെന്നും ചൈനീസ് മത വകുപ്പ് അധികൃതര്‍ അറിയിച്ചു.
സംഘടനകള്‍, സ്‌കൂളുകള്‍ എന്നിവ മത പ്രബോധനത്തിനോ മറ്റു വിശ്വാസങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തിലോ ഉള്ള സന്ദേശങ്ങള്‍ കൈമാറാനോ ഉപയോഗിക്കരുത്. പാര്‍ട്ടി നേതൃത്വത്തെ വിമര്‍ശിക്കുന്നത് തടയുന്നതോടൊപ്പം ഇന്റര്‍നെറ്റില്‍ പോസ്റ്റിടുന്നതിനും കര്‍ശന മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചു.
പ്രാര്‍ഥന, പ്രഭാഷണം ഉള്‍പ്പെടെയുള്ളവ തത്സമയം സംപ്രേക്ഷണത്തിന് വിലക്കേര്‍പ്പെടുത്തി. മുസ്‌ലിംകള്‍, ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെയുള്ള മത വിശ്വാസങ്ങളെ അടച്ചമര്‍ത്തുന്ന സമീപനമാണ് ചൈനീസ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
കുരിശുകള്‍ തകര്‍ക്കല്‍, ബൈബിള്‍ കത്തിക്കല്‍, ചര്‍ച്ചുകള്‍ പൂട്ടില്‍, മസ്‌ലിംകളെ വിശ്വാസ മാറ്റത്തിനായി തടവിലിടല്‍ എന്നിവ നടപടികളുടെ ഭാഗമാണ്.
നിരീശ്വരത ഔദ്യോഗിക വിശ്വാസമായ ചൈനയില്‍ മുസ്‌ലിംകള്‍ക്കെതിരേയുള്ള അടിച്ചമര്‍ത്തിയതിനെതിരേ യു.എന്‍ രംഗത്തെത്തിയിരുന്നു.
ഷിന്‍ജിയാങ് പ്രവിശ്യയിലെ മുസ്‌ലിം വിഭാഗമായ ഉയിഗുറുകളെ വിശ്വാസ മാറ്റത്തിനായി തടവിലിടുന്നുണ്ടെന്നും പത്ത് ലക്ഷത്തോളം ഉയിഗുറുകള്‍ സര്‍ക്കാര്‍ തടവിലാണെന്ന് യു.എന്‍ കഴിഞ്ഞ മാസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.