2019 July 21 Sunday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ഇന്റര്‍നാഷനല്‍ ചാംപ്യന്‍സ് കപ്പ്; മാഞ്ചസ്റ്റര്‍ യുനൈറ്റഡിനും ടോട്ടനത്തിനും വിജയം, ബാഴ്‌സലോണക്ക് തോല്‍വി

ടെക്‌സസ്: ഇന്റര്‍നാഷനല്‍ ചാംപ്യന്‍സ് കപ്പിലെ വാശിയേറിയ മത്സരത്തില്‍ കരുത്തരായ റയല്‍ മാഡ്രിഡിനും ബാഴ്‌സലോണക്കും എ.സി മിലാനും തോല്‍വി. ഇന്നലെ നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 2-1ന് റയല്‍ മാഡ്രിഡിനെയും എ.എസ് റോമ 4-2 ന് ബാഴസലോണയെയും ടോട്ടനം 1-0ത്തിന് എ.സി മിലാനെയും തോല്‍പ്പിച്ചു.

 

അടിതെറ്റി റയല്‍

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അഭാവത്തില്‍ ഇറങ്ങിയ റയല്‍ മാഡ്രിഡിന് ആദ്യ മത്സരത്തില്‍ തന്നെ തോല്‍വി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡാണ് റയല്‍ മാഡ്രിഡിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയത്. ബ്രസീലിയന്‍ യുവതാരം വീനീഷ്യസ് ജൂനിയറിന്റെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇത്.
18ാം മിനുട്ടിലാണ് മത്സരത്തിലെ ആദ്യ ഗോള്‍ വീണത്. മൈതാനത്തിന്റെ പകുതിയില്‍ നിന്ന് തിമോത്തി മെന്‍സഹ് പന്ത് റയല്‍ ബോക്‌സിന്റെ വലതു ഭാഗത്തേക്ക് നീട്ടിക്കൊടുത്തു. ഓടിക്കയറിയ ഡാര്‍മിയന്‍ പന്ത് ഗോള്‍മുഖത്തേക്ക് മറിച്ചുനല്‍കി. അലക്‌സിസ് സാഞ്ചസിന്റെ ഫസ്റ്റ്‌ടൈം ഷോട്ട് ഗോള്‍കീപ്പര്‍ കസ്സില്ലയെ മറികടന്ന് വലയില്‍ കയറി. ഗോള്‍ വീണതോടെ റയല്‍ മാഡ്രിഡ് ഉണര്‍ന്നു.
വീനീഷ്യസ് ജൂനിയറിലൂടെ മാഞ്ചസ്റ്റര്‍ ഗോള്‍മുഖം ആക്രമിച്ചെങ്കിലും ഗോള്‍ നേടാനായില്ല. 27ാം മിനുട്ടില്‍ ആന്‍ഡെര്‍ ഹെരേരയിലൂടെ മാഞ്ചസ്റ്റര്‍ വീണ്ടും ലീഡ് നേടി. മൈതാനമധ്യത്തില്‍ നിന്ന് പന്തുമായി ഓടിക്കയറിയ മാട്ട പന്ത് ബോക്‌സിലുള്ള സാഞ്ചസിന് നല്‍കി. ഓടിക്കയറിയ ഹെരേരയെ ലക്ഷ്യംവച്ച് സാഞ്ചസിന്റെ ബാക്ക് ഹെഡ്ഡര്‍. ഒരു ബുള്ളറ്റ് ഷോട്ടിലൂടെ ഹെരേര റയല്‍വല കുലുക്കി. രണ്ട് ഗോള്‍ വീണതോടെ റയല്‍ ആക്രമണം ശക്തമാക്കി.
ആദ്യ പകുതിയുടെ ഇന്‍ജുറി ടൈമില്‍ ബെന്‍സേമയിലൂടെ റയല്‍ ഒരു ഗോള്‍ തിരിച്ചടിച്ചു. ഇടതു വിങ്ങില്‍ നിന്നുള്ള തിയോ ഹെര്‍ണാണ്ടസിന്റെ അളന്നുമുറിച്ച ക്രോസില്‍ നിന്നാണ് ബെന്‍സേമയുടെ ഗോള്‍. രണ്ടാം പകുതിയില്‍ അസെന്‍സിയോയും ഇസ്‌കോയും ക്രൂസും ഇറങ്ങിയെങ്കിലും റയലിന് മാഞ്ചസ്റ്റര്‍ പ്രതിരോധം തകര്‍ക്കാന്‍ കഴിഞ്ഞില്ല.
ബാഴ്‌സക്ക് വീണ്ടും റോമന്‍ ഷോക്ക്
ചാംപ്യന്‍സ് ലീഗ് ഫുട്‌ബോള്‍ മത്സരത്തില്‍ റോമയോടേറ്റ തോല്‍വിക്ക് മറുപടി നല്‍കാനെത്തിയ ബാഴ്‌സലോണ വീണ്ടും റോമയോട് പരാജയപ്പെട്ടു. രണ്ട് ഗോളിന് മുന്‍പില്‍ നിന്ന ശേഷമാണ് ബാഴ്‌സയുടെ തോല്‍വി. ബാഴ്‌സയുടെ പുതിയ താരം മാല്‍ക്കോം ഗോള്‍ നേടി വരവറിയിച്ചെങ്കിലും ജയിക്കാനായില്ല. മത്സരത്തിന്റെ ആറാം മിനുട്ടില്‍ തന്നെ ബാഴ്‌സലോണ ലീഡ് നേടിയിരുന്നു. മുനിറിന്റെ പാസില്‍ നിന്ന് റാഫിഞ്ഞയാണ് ഗോള്‍ നേടിയത്. 35ാം മിനുട്ടില്‍ എല്‍ ഷരാവിയിലൂടെ റോമ സമനില പിടിച്ചു. ക്ല്യുവേര്‍ട്ടിന്റെ ക്രോസില്‍ നിന്നായിരുന്നു എല്‍ഷരാവി ഗോള്‍ നേടിയത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ മാല്‍ക്കോമിലൂടെ ബാഴ്‌സ വീണ്ടും ലീഡ് നേടി. പക്ഷേ 78ാം മിനുട്ടില്‍ ഫ്‌ളോറെന്‍സിയിലൂടെ ബാഴ്‌സയെ സമനിലയില്‍ പിടിച്ച റോമ 83ാം മിനുട്ടില്‍ ബ്രയാന്‍ ക്രിസ്റ്റന്റെയിലൂടെയും 86ാം മിനുട്ടില്‍ ഡിയഗോ പെറോട്ടിയിലൂടെയും (പെനാല്‍റ്റി) ഗോള്‍ നേടി വിജയം സ്വന്തമാക്കി.

 

മിലാനെ തകര്‍ത്ത് ടോട്ടനം

മറ്റൊരു മത്സരത്തില്‍ ടോട്ടനം ഇറ്റാലിയന്‍ കരുത്തരായ എ.സി മിലാനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി. 47ാം മിനുട്ടില്‍ കെവിന്‍ എന്‍കോഡു നേടിയ ഗോളിലാണ് ടോട്ടനത്തിന്റെ വിജയം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News