2019 October 18 Friday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ഇന്ന് നിശബ്ദപ്രചാരണം; നാളെ ബൂത്തിലേയ്ക്ക്, ആരവമടങ്ങി; നെഞ്ചിടിപ്പുയര്‍ന്നു

വി. അബ്ദുല്‍ മജീദ്

തിരുവനന്തപുരം: വാശിയേറിയ കൊട്ടിക്കലാശത്തോടെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ശബ്ദപ്രചാരണത്തിനു സമാപനമായി. ഇന്ന് നിശബ്ദപ്രചാരണം നടക്കും. തുടര്‍ന്ന് കേരളത്തിന്റെ രാഷ്ട്രീയ ഭാവി നിര്‍ണയിക്കാനായി വോട്ടര്‍മാര്‍ നാളെ പോളിങ് ബൂത്തുകളിലേയ്ക്കു പോകും.
പതിവില്‍നിന്ന് വ്യത്യസ്തമായി ഇന്നലെ വൈകിട്ട് ആറിനാണ് ശബ്ദപ്രചാരണം അവസാനിച്ചത്. ഇതുവരെയുള്ള തെരഞ്ഞെടുപ്പുകളിലെല്ലാം വൈകിട്ട് അഞ്ചിനായിരുന്നു ശബ്ദപ്രചാരണം അവസാനിച്ചിരുന്നത്. എന്നാല്‍, വോട്ടെടുപ്പ് വൈകിട്ട് അഞ്ചിന് അവസാനിക്കുന്നതില്‍ മാറ്റംവരുത്തി ആറു മണിയാക്കിയതിനാലാണ് ശബ്ദപ്രചാരണവും ഒരു മണിക്കൂര്‍ നീട്ടാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചത്.

തെരഞ്ഞെടുപ്പിലെ പതിവില്‍ക്കവിഞ്ഞ വീറും വാശിയും ഇത്തവണ കൊട്ടിക്കലാശത്തിലും പ്രതിഫലിച്ചു. കൊട്ടിക്കലാശത്തിന്റെ ഭാഗമായി നടന്ന റോഡ് ഷോകളില്‍ കേന്ദ്രമന്ത്രിമാരുള്‍പ്പെടെ വിവിധ പാര്‍ട്ടികളുടെ ദേശീയനേതാക്കളുടെ സാന്നിധ്യവുമുണ്ടായി. കടുത്ത ചൂടിനെപ്പോലും അവഗണിച്ച് വിവിധ പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ കൊട്ടിക്കലാശത്തിന് വീറോടെ തെരുവിലിറങ്ങി.

മലപ്പുറം ഒഴികെയുള്ള ജില്ലകളിലെല്ലാം വര്‍ണപ്പകിട്ടേറിയ കലാശക്കൊട്ടാണ് നടന്നത്. സംഘര്‍ഷ സാധ്യത ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ മലപ്പുറത്ത് കൊട്ടിക്കലാശം വേണ്ടെന്നുവയ്ക്കാന്‍ വിവിധ പാര്‍ട്ടികളുടെ നേതാക്കളും പൊലിസ് അധികൃതരും തീരുമാനിച്ചിരുന്നു. ദൃശ്യ, ശ്രാവ്യ മാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണവും ഇന്നലെ വൈകിട്ട് ആറുമണിക്ക് അവസാനിച്ചു. ശബ്ദപ്രചാരണം അവസാനിച്ചതോടെ വോട്ടുകള്‍ ഉറപ്പിച്ചുനിര്‍ത്താനുള്ള നീക്കങ്ങളിലാണ് വിവിധ പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍. ഗൃഹസന്ദര്‍ശനമടക്കമുള്ള നിശബ്ദ പ്രവര്‍ത്തനമാണ് അവസാനഘട്ടത്തില്‍ നടക്കുന്നത്.

അതേസമയം, അവസാന മണിക്കൂറുകളിലും മികച്ചനേട്ടം അവകാശപ്പെടുകയാണ് മുന്നണികളുടെ നേതാക്കള്‍. 80 സീറ്റുകളിലധികംനേടി യു.ഡി.എഫിന് ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്നാണ് മുന്നണി നേതാക്കളുടെ അവകാശവാദം. എല്‍.ഡി.എഫ് ആകട്ടെ, 2006ലേതുപോലെ 90ലധികം സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്ന് അവകാശപ്പെടുന്നു.

അധികാരത്തില്‍ വരുമെന്ന് തറപ്പിച്ചു പറയുന്നില്ലെങ്കിലും ഗണ്യമായ അംഗബലത്തോടെ സഭയില്‍ സാന്നിധ്യമുണ്ടാക്കുമെന്നാണ് ബി.ജെ.പി നേതൃത്വംനല്‍കുന്ന എന്‍.ഡി.എയുടെ അവകാശവാദം. എന്നാല്‍, എന്‍.ഡി.എക്ക് അക്കൗണ്ട് തുറക്കാനാവില്ലെന്ന് യു.ഡി.എഫ്, എല്‍.ഡി.എഫ് നേതാക്കള്‍ അവസാനഘട്ടത്തിലും പറയുന്നു. യു.ഡി.എഫിന്റെയും എല്‍.ഡി.എഫിന്റെയും നിയന്ത്രണത്തിലുള്ള മാധ്യമങ്ങള്‍ വിവിധ ഏജന്‍സികളുമായി ചേര്‍ന്ന് നടത്തിയ സര്‍വേകള്‍ അതതു മുന്നണികള്‍ക്ക് മുന്‍തൂക്കം പ്രവചിച്ചിരുന്നു. മറ്റു ചില ഏജന്‍സികള്‍ നടത്തിയ സര്‍വേ ഫലങ്ങള്‍ ഇതില്‍നിന്ന് വ്യത്യസ്തമായിരുന്നു.

എന്നാല്‍, അവകാശവാദങ്ങളുടെയും സര്‍വേകളുടെയുമെല്ലാം കണക്കുകൂട്ടലുകള്‍ തെറ്റുമെന്ന ആശങ്ക എല്ലാ കക്ഷികളുടെയും നേതാക്കളിലുണ്ട്. അറുപതോളം മണ്ഡലങ്ങളിലെ പോരാട്ടം പ്രവചനാതീതമാണ്. എന്‍.ഡി.എയുടെ സാന്നിധ്യമാണ് ഇവിടങ്ങളില്‍ പ്രവചനം അസാധ്യമാക്കുന്നത്.

ഓരോ മണ്ഡലത്തിലും എന്‍.ഡി.എ ചോര്‍ത്തുന്ന വോട്ടുകള്‍ ആരുടേതായിരിക്കുമെന്ന് പ്രവചിക്കാനാവാത്ത അവസ്ഥയുണ്ട്. പ്രചാരണത്തിന്റെ തുടക്കം മുതല്‍ എല്‍.ഡി.എഫും യു.ഡി.എഫും പരസ്പരം ഉന്നയിച്ചുപോരുന്ന ബി.ജെ.പി ബന്ധമെന്ന ആരോപണം ഇന്നലെയും തുടര്‍ന്നു. തങ്ങളെ തോല്‍പ്പിക്കാന്‍ മറുപക്ഷം ബി.ജെ.പിയുമായി ചില മണ്ഡലങ്ങളില്‍ ധാരണയുണ്ടാക്കിയിട്ടുണ്ടെന്നാണ് ഇരു മുനണികളുടെയും ആരോപണം.

ബാര്‍കോഴയിലും സോളാര്‍ തട്ടിപ്പിലും കേന്ദ്രീകരിച്ച് ആരംഭിച്ച പ്രചാരണം പിന്നീട് വിവിധ വിഷയങ്ങളിലേക്കു വ്യാപിച്ചു. മദ്യനയവും എല്‍.ഡി.എഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വവും കൊലപാതക രാഷ്ട്രീയവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘സൊമാലിയ’ പരാമര്‍ശവും ജിഷ വധവുമൊക്കെ ചൂടുപിടിച്ച പ്രചാരണവിഷയങ്ങളായി.

ഏറ്റവുമൊടുവില്‍ സരിത എസ്. നായര്‍ പുതിയ തെളിവുകളുമായി അന്വേഷണ കമ്മിഷനു മുന്നില്‍ എത്തിയതോടെ സോളാര്‍ വീണ്ടും പ്രചാരണത്തിലേക്കു കടന്നുവന്നിരിക്കുകയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News