2019 June 17 Monday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

ഇന്ന് കൊട്ടിക്കലാശം; അടിയൊഴുക്ക് തടയാന്‍ നേതാക്കളുടെ നെട്ടോട്ടം

വി. അബ്ദുല്‍ മജീദ്

തിരുവനന്തപുരം: കേരളം വീറും വാശിയും നിറഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറുകളിലേക്ക്. പരസ്യ പ്രചാരണം ഇന്ന് വൈകീട്ട് അഞ്ചിന് അവസാനിക്കും. ഇതോടെ രാഷ്ട്രീയ കക്ഷികളുടെ പ്രവര്‍ത്തകര്‍ അവസാനമായി വോട്ട് ഉറപ്പിക്കുന്നതിനുള്ള നിശ്ശബ്ദ പ്രചാരണത്തിലേക്കു നീങ്ങും. തീര്‍ത്തും പ്രവചനാതീതമായ മത്സരം മുന്നണി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും നെഞ്ചിടിപ്പ് കൂട്ടുകയാണ്. കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്ന അടിയൊഴുക്കുകള്‍ പരമാവധി തടയാനുള്ള തീവ്രയത്‌നത്തിലാണവര്‍.
പരസ്യ പ്രചാരണത്തിന്റെ കൊട്ടിക്കലാശം പരമാവധി കൊഴുപ്പിക്കാനുള്ള ഒരുക്കത്തിലാണ് മുന്നണികള്‍. ആവേശം അണപൊട്ടിയൊഴുകുന്ന അവസാനഘട്ടത്തില്‍ സംഘര്‍ഷം ഒഴിവാക്കാനുള്ള ജാഗ്രതയിലാണ് അധികൃതര്‍. പരസ്യ പ്രചാരണ സമാപനത്തിന്റെ ഭാഗമായി നടത്തുന്ന റോഡ് ഷോയും പ്രകടനങ്ങളും സമാധാനപരമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ രാഷ്ട്രീയകക്ഷികളുടെ സഹകരണം ചീഫ് ഇലക്ടറല്‍ ഓഫിസര്‍ അഭ്യര്‍ഥിച്ചു. അനിഷ്ട സംഭവങ്ങളുണ്ടാകാതിരിക്കാന്‍ കര്‍ശന മുന്‍കരുതല്‍നടപടികള്‍ സ്വീകരിക്കാന്‍ പൊലിസിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ ഇത്തവണ കൊട്ടിക്കലാശം ഉണ്ടാവില്ല. സംഘര്‍ഷസാധ്യത കണക്കിലെടുത്താണ് രാഷ്ട്രീയ കക്ഷികളും പൊലിസ് അധികൃതരും ചേര്‍ന്ന് കൊട്ടിക്കലാശം വേണ്ടെന്ന തീരുമാനത്തിലെത്തിയത്. പരസ്യ പ്രചാരണ സമയപരിധിക്കുശേഷം ഇലക്‌ട്രോണിക് മാധ്യമങ്ങളില്‍ പ്രചാരണ സ്വഭാവമുളള പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നതിനും വിലക്കുണ്ടണ്ട്.
പതിവിനു വിപരീതമായുള്ള എന്‍.ഡി.എയുടെ വാശിയേറിയ സാന്നിധ്യം സൃഷ്ടിച്ചേക്കാവുന്ന അടിയൊഴുക്കുകളെക്കുറിച്ച് ആശങ്കയിലാണ് എല്‍.ഡി.എഫും യു.ഡി.എഫും. സുരക്ഷിതമെന്ന വിശ്വാസത്തില്‍ പ്രമുഖ നേതാക്കള്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ പോലും അടിയൊഴുക്കിനുള്ള സാധ്യത നേതാക്കള്‍ തള്ളിക്കളയുന്നില്ല. പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ മത്സരിക്കുന്ന മലമ്പുഴ, കേരളാ കോണ്‍ഗ്രസ് (എം) നേതാവ് കെ.എം മാണിയുടെ തട്ടകമായ പാലാ, മന്ത്രിമാരായ രമേശ് ചെന്നിത്തല ജനവിധി തേടുന്ന ഹരിപ്പാട്, കെ. ബാബു മത്സരിക്കുന്ന തൃപ്പൂണിത്തുറ, കെ.സി ജോസഫ് മത്സരിക്കുന്ന ഇരിക്കൂര്‍, ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവിയും സി.പി.ഐ നേതാവ് സി. ദിവാകരനും ഏറ്റുമുട്ടുന്ന നെടുമങ്ങാട് തുടങ്ങിയ മണ്ഡലങ്ങളില്‍ പോലും അടിയൊഴുക്കു ഭീഷണിയുണ്ട്. മലമ്പുഴയില്‍ എന്തു വില കൊടുത്തും വി.എസിനെ തോല്‍പ്പിക്കുകയെന്ന ലക്ഷ്യത്തോടെ വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തില്‍ ബി.ഡി.ജെ.എസ് നടത്തുന്ന നീക്കങ്ങളും എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ഥി ചോര്‍ത്താനിടയുള്ള വോട്ടുകളുമൊക്കെയാണ് ചുവപ്പുകോട്ടയായ മലമ്പുഴയില്‍ എല്‍.ഡി.എഫിന് ആശങ്ക സൃഷ്ടിക്കുന്നത്.
ചെന്നിത്തലക്കും ബാബുവിനും എന്‍.ഡി.എ സൃഷ്ടിച്ചേക്കാവുന്ന വോട്ടു ചോര്‍ച്ചയാണ് വെല്ലുവിളി ഉയര്‍ത്തുന്നത്. നെടുമങ്ങാട്ടും പോരാട്ടം പ്രവചനാതീതമാക്കുന്നത് എന്‍.ഡി.എ സാന്നിധ്യം തന്നെ. കെ.സി ജോസഫിനു ഭീഷണി കോണ്‍ഗ്രസ് വിമതന്റെ സാന്നിധ്യമാണ്. ഭീഷണി മുന്‍കൂട്ടി കണ്ട് ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങളിലാണ് ഇരു മുന്നണികളും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.