2018 December 14 Friday
തനിക്കു ലഭിച്ച കുറഞ്ഞ ഗുണത്തിനു നന്ദി ചെയ്യാത്തവന്‍ അധിക ഗുണങ്ങള്‍ക്കും നന്ദി ചെയ്യുകയില്ല

ഇന്നത്തെ ഇഫ്താറില്‍ പ്രണബ് പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നടത്തുന്ന ഇഫ്താറില്‍ നിന്ന് മുതിര്‍ന്ന നേതാവും മുന്‍ രാഷ്ട്രപതിയുമായ പ്രണബ് മുഖര്‍ജിയെ ഒഴിവാക്കിയെന്ന വാര്‍ത്ത നിഷേധിച്ച് പാര്‍ട്ടി. കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ വിഭാഗം ഇന്ന് ന്യൂഡല്‍ഹി താജ് ഹോട്ടലില്‍ നടത്തുന്ന ഇഫ്താറില്‍ നിന്ന് പ്രണബിനെ ഒഴിവാക്കിയെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തിരുന്നു. അടുത്തിടെ നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്തു നടന്ന സമ്മേളനത്തെ അഭിസംബോധനചെയ്ത പ്രണബിന്റെ നടപടി വിവാദമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പേര് ഒഴിവാക്കി ക്ഷണിതാക്കളുടെ പേര് തയാറാക്കിയതെന്നായിരുന്നു റിപ്പോര്‍ട്ട്. വാര്‍ത്ത വിവാദമായതോടെ പ്രണബിനെ ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം ക്ഷണം സ്വീകരിച്ചെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞു.
മുസ്ലിംലീഗ് ഉള്‍പ്പെടെ യു.പി.എയുടെ എല്ലാ ഘടകകക്ഷികള്‍ക്കും സി.പി.എം, തൃണമൂല്‍ കോണ്‍ഗ്രസ്, ബി.എസ്.പി, എന്‍.സി.പി ഉള്‍പ്പെടെയുള്ള പ്രധാന പ്രതിപക്ഷകക്ഷികളുടെ നേതാക്കളെയും വിരുന്നിലേക്കു ക്ഷണിച്ചിട്ടുണ്ട്. ദേശീയതലത്തില്‍ കോണ്‍ഗ്രസ്- ബി.ജെ.പി മുന്നണിക്കു ബദലായി മൂന്നാം ഫെഡറല്‍ മുന്നണിക്കു വേണ്ടിയുള്ള നീക്കങ്ങള്‍ നടത്തിവന്ന ടി.ആര്‍.എസ് നേതാവ് ചന്ദ്രശേഖര റാവുവിനെയും ചടങ്ങിലേക്കു ക്ഷണിച്ചു. മുസ്ലിം ലീഗ് രാഷ്ട്രീയകാര്യ സമിതി അധ്യക്ഷനും കേരളാ സംസ്ഥാന അധ്യക്ഷനുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും ഇന്നത്തെ പരിപാടിയില്‍ പങ്കെടുക്കും.
അതേസമയം നരേന്ദ്രമോദി മന്ത്രിസഭയിലെ ന്യൂനപക്ഷകാര്യമന്ത്രി മുഖ്താര്‍ അബ്ബാസ് നഖവിയും ഇന്നു ഇഫ്താര്‍ വിരുന്ന് സംഘടിപ്പിക്കുന്നുണ്ട്. ത്വലാഖിന്റെ ഇരകളായ സ്ത്രീകളെയും അവരുടെ കുടുംബങ്ങളെയുമാണ് കേന്ദ്രമന്ത്രി പരിപാടിയിലേക്കു ക്ഷണിക്കുന്നത്. എന്നാല്‍, വിവാഹമോചിതരായ സ്ത്രീകളെ മാത്രം പങ്കെടുപ്പിച്ചു നടത്തുന്ന പരിപാടിയിലേക്കുള്ള ക്ഷണിതാക്കളുടെ എണ്ണമോ മറ്റു മാനദണ്ഡമോ വ്യക്തമല്ല. നരേന്ദ്രമോദി മന്ത്രിസഭയില്‍ ഇഫ്താര്‍ നടത്തുന്ന ആദ്യ മന്ത്രിയാവും മുഖ്താര്‍ അബ്ബാസ് നഖവി. തീര്‍ത്തും സസ്യാഹാരം മാത്രം വിളമ്പി പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദിയും ഇന്ന് ഇഫ്താര്‍ നടത്തുന്നുണ്ട്. രാജ് നിവാസില്‍ നടക്കുന്ന ചടങ്ങിലേക്ക് 100 പേര്‍ക്കാണ് ക്ഷണം.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.