2018 November 18 Sunday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

ഇന്ധന വില വര്‍ധനക്കെതിരേ 10ന് ഭാരത ബന്ദ്

 

ന്യൂഡല്‍ഹി: അനിയന്ത്രിതമായ ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച് രാജ്യവ്യാപക ബന്ദിന് കോണ്‍ഗ്രസ് ആഹ്വാനം. ഈ മാസം 10ന് രാവിലെ ഒന്‍പത് മുതല്‍ ഉച്ചക്കുശേഷം മൂന്നുവരെയായിരിക്കും ബന്ദ്.
പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പുറമെ പൊതുസമൂഹവും വിവിധ എന്‍.ജി.ഒകളും ബന്ദുമായി സഹകരിക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല അഭ്യര്‍ഥിച്ചു.
ദിവസേന ഇന്ധന വില വര്‍ധിക്കുന്നത് സാധാരണക്കാരായ ജനങ്ങളെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. ഇന്ധന വില വര്‍ധനവിലൂടെ കേന്ദ്ര സര്‍ക്കാര്‍ 11 ലക്ഷം കോടി രൂപയാണ് കൊള്ളയടിച്ചിരിക്കുന്നതെന്നും കോണ്‍ഗ്രസ് വക്താവ് ആരോപിച്ചു. കേന്ദ്ര എക്‌സൈസ് ഡ്യൂട്ടി കുറയ്ക്കുക, സംസ്ഥാനങ്ങളിലെ അനിയന്ത്രിതമായ വാറ്റ് നികുതി കുറയ്ക്കുക എന്നീ ആവശ്യങ്ങളും അദ്ദേഹം ഉന്നയിച്ചു.
പെട്രോളും ഡീസലും ജി.എസ്.ടിക്കു കീഴില്‍ കൊണ്ടുവരണമെന്ന് സുര്‍ജേവാല ആവര്‍ത്തിച്ചു. ഇപ്പോഴത്തെ സാഹചര്യത്തില്‍ സാധാരണക്കാരുടെ ജീവിത മൂല്യത്തെ തകിടം മറിക്കുന്നതാണ് വിലക്കയറ്റം കാരണമായുണ്ടാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബന്ദിനോടനുബന്ധിച്ച് പെട്രോള്‍ ബങ്കുകള്‍ കേന്ദ്രീകരിച്ച് ധര്‍ണ നടത്താനും തീരുമാനിച്ചിട്ടുണ്ട്. ബന്ദിനെ ഒരു പൊതുജന മുന്നേറ്റമായി മാറ്റണമെന്നും സുര്‍ജേവാല ആഹ്വാനം ചെയ്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.