2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

ഇന്ധന വില കുറച്ചാലും സംസ്ഥാനങ്ങളുടെ വരുമാനത്തില്‍ കുറവുണ്ടാകില്ലെന്ന് എസ്.ബി.ഐ

മുംബൈ: രാജ്യത്ത് ഇന്ധന വില ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിലനിയന്ത്രണത്തിനു സംസ്ഥാന സര്‍ക്കാരുകള്‍ക്കു വലിയ പങ്കുവഹിക്കാനാകുമെന്ന് എസ്.ബി.ഐ. ഇന്നലെ എസ്.ബി.ഐ ഗവേഷണ വിഭാഗം പുറത്തുവിട്ട റിപ്പോര്‍ട്ടു പ്രകാരം രാജ്യത്തെ 19 സംസ്ഥാനങ്ങള്‍ക്കു പെട്രോള്‍ വില ലിറ്ററിന് ഏതാണ്ട് 3.2 രൂപ നിരക്കില്‍ കുറക്കാന്‍ തടസമില്ലെന്നു പറയുന്നു.
ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ചു കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഭാരത ബന്ദ് നടത്തിയതിനു പിന്നാലെ മൂന്നു സംസ്ഥാനങ്ങള്‍ ഇന്ധന വിലയില്‍ കുറവു വരുത്തിയിരുന്നു. രാജസ്ഥാന്‍ സര്‍ക്കാര്‍ പെട്രോള്‍ ലിറ്ററിന് ഏര്‍പ്പെടുത്തിയ വാറ്റില്‍ നാല് ശതമാനം കുറവ് വരുത്തിയപ്പോള്‍ ബംഗാള്‍ സര്‍ക്കാര്‍ ലിറ്ററിന് ഒരു രൂപയും കുറച്ചു. ആന്ധ്ര സര്‍ക്കാര്‍ പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതവുമാണ് കുറച്ചത്.
ഇന്ത്യയില്‍ പെട്രോളിനും ഡീസലിനും കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും വ്യത്യസ്ത രീതിയില്‍ നികുതി ഈടാക്കുന്നുണ്ട്. പെട്രോളിന് 19.43 രൂപയും ഡീസലിന് 15.33 രൂപയുമാണ് കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് ഡ്യൂട്ടി ഇനത്തില്‍ ചുമത്തുന്നത്. മൂല്യങ്ങള്‍ക്കനുസൃതമായി സംസ്ഥാന സര്‍ക്കാരുകളും നികുതി ചുമത്തും. അസംസ്‌കൃത എണ്ണയുടെ വിലയുടെ ആനുപാതികമായി നികുതിയും ചുമത്തുന്നതോടെ വലിയ വര്‍ധനയാണ് പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ ഉണ്ടാകുന്നത്.

അസംസ്‌കൃത എണ്ണയുടെ വില വര്‍ധിച്ചപ്പോള്‍ 22,000 കോടി രൂപയുടെ അധിക വരുമാനമാണ് ലഭിച്ചതെന്നും എസ്.ബി.ഐയുടെ ഗവേഷക വിഭാഗം പറയുന്നു. ക്രൂഡ് ബാരലിന് ഒരു ഡോളര്‍ വില വര്‍ധിക്കുമ്പോള്‍ ഇന്ധനത്തിന്റെ വിലയിലും വര്‍ധനവുണ്ടാകും. 19 സംസ്ഥാനങ്ങളില്‍ ശരാശരി 1513 കോടി രൂപയുടെ അധിക വരുമാനമാണ് ഇന്ധനം വഴി ലഭിക്കുന്നത്. നികുതിയിനത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്നത് മഹാരാഷ്ട്രക്കാണ്. 3,389 കോടി രൂപ മഹാരാഷ്ട്രക്കും 2,842 കോടി രൂപ ഗുജറാത്തിനും ലഭിക്കും.
പെട്രോളിന് ലിറ്ററിന് ശരാശരി 3.2 രൂപയും ഡീസലിന് 2.30 രൂപയും കുറച്ചാല്‍ സംസ്ഥാനങ്ങളുടെ വരുമാനത്തില്‍ കാര്യമായ ഇടിവുണ്ടാകില്ലെന്നും എസ്.ബി.ഐ ഗവേഷണ വിഭാഗം പറയുന്നു. ഇന്ധന വിലവര്‍ധനവില്‍ കഷ്ടപ്പെടുന്ന ജനങ്ങള്‍ക്ക് ആശ്വാസമേകുന്ന നടപടികള്‍ സര്‍ക്കാരുകള്‍ക്ക് സ്വീകരിക്കാവുന്നതാണ്.
എക്കാലത്തേയും ഏറ്റവും ഉയര്‍ന്ന വിലയിലാണ് ഇന്നലെ പെട്രോള്‍ എത്തിയത്. മുംബൈയില്‍ ലിറ്ററിന് 90 രൂപയിലേക്കാണ് എത്തിയത്. ഇന്നലെ പെട്രോളിന് 13 പൈസയും ഡീസലിന് 11 പൈസയുമാണ് വര്‍ധിച്ചത്.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.