2018 November 19 Monday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

ഇന്ധന വില: ഇടപെടാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി

 

ന്യൂഡല്‍ഹി: ഇന്ധനങ്ങള്‍ക്ക് പ്രതിദിന വില നിര്‍ണയം സാമ്പത്തിക നയങ്ങളുടെ ഭാഗമായതുകാരണം ഇടപെടാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നയത്തിന്റെ ഭാഗമാണിതെന്നും ഇതില്‍നിന്ന് കോടതികള്‍ വിട്ടുനില്‍ക്കണമെന്നും ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോനും ജസ്റ്റിസ് വി.കെ റാവുവും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
സാമ്പത്തിക നയത്തില്‍ വലിയതോതിലുള്ള പ്രശ്‌നങ്ങളുണ്ട്. ഇതിലെല്ലാം കോടതികള്‍ക്ക് ഇടപെടാനാകില്ല. ഇത്തരം പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ ഭാഗമാണെന്നും കോടതികള്‍ക്ക് ഇതില്‍ ഒന്നും ചെയ്യാനാകില്ലെന്നും ഹൈക്കോടതി വിലയിരുത്തി. അനിയന്ത്രിത വിലക്കയറ്റത്തെ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാരിനാകുമായിരിക്കും. ഇക്കാര്യത്തില്‍ സര്‍ക്കാരിന് വിലകുറക്കണമെന്ന് നിര്‍ദേശം നല്‍കാന്‍ കോടതികള്‍ക്ക് സാധിക്കില്ല.
ഡല്‍ഹി സ്വദേശിനിയായ പൂജ മഹാജനാണ് ഇന്ധന വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹരജി നല്‍കിയത്. ദിനംപ്രതി വില മാറ്റുന്ന രീതി നിര്‍ത്തലാക്കി ന്യായവിലക്ക് പെട്രോളും ഡീസലും ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ടാണ് അവര്‍ പൊതുതാല്‍പര്യ ഹരജി നല്‍കിയിരുന്നത്. ഇന്ധനം അവശ്യവസ്തുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും ഹരജിക്കാരി ആവശ്യപ്പെട്ടിരുന്നു.
അതേസമയം നാലാഴ്ചക്കകം കേന്ദ്ര സര്‍ക്കാരിനോട് നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട കോടതി കേസ് നവംബര്‍ 16ന് വീണ്ടും പരിഗണിക്കും.
ദിനംപ്രതി വില പുനര്‍നിര്‍ണയിക്കുന്ന രീതി സ്വീകരിച്ചെങ്കിലും കര്‍ണാടക തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ 22 ദിവസം നിശ്ചിത വില നിലനിര്‍ത്തുകയും ചെയ്ത സര്‍ക്കാര്‍ നടപടിയെയും ഹരജിക്കാരി ചോദ്യം ചെയ്തിരുന്നു.
അതേസമയം കഴിഞ്ഞ പത്തു ദിവസത്തിലധികമായി രാജ്യത്തെ ജനങ്ങളെ വെല്ലുവിളിക്കുന്ന രീതിയില്‍ പെട്രോള്‍ വില വര്‍ധന ഉയര്‍ന്ന് ലിറ്ററിന് 90 രൂപയ്ക്കടുത്ത് എത്തിയെങ്കിലും ഇന്നലെ വിലയില്‍ മാറ്റമുണ്ടായില്ല.
എന്നാല്‍, വിലയില്‍ വലിയ വര്‍ധനയുണ്ടാകുന്ന സാഹചര്യത്തില്‍ ഇന്ധനത്തെ ജി.എസ്.ടി പരിധിയില്‍ കൊണ്ടുവരണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഇതിനോട് വേണ്ട രീതിയിലുള്ള പ്രതികരണം ഉണ്ടായിട്ടില്ല. രാജ്യത്തെ ഏറ്റവും വലിയ നികുതി ദായകരംഗമാണ് ഇന്ധനം വഴിയുള്ളത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.