2019 April 20 Saturday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

ഇന്ധന തീരുവ വര്‍ധിപ്പിച്ചത് പിന്‍വലിച്ചു: മുട്ടുമടക്കി ഫ്രഞ്ച് സര്‍ക്കാര്‍

പാരിസ്: ഇന്ധന തീരുവയ്‌ക്കെതിരേ പ്രതിഷേധവുമായിറങ്ങിയ ‘മഞ്ഞുക്കുപ്പാ’യക്കാര്‍ക്കു മുന്നില്‍ കീഴടങ്ങി ഫ്രഞ്ച് സര്‍ക്കാര്‍. തീരുവ വര്‍ധിപ്പിച്ചതു സര്‍ക്കാര്‍ ആറു മാസത്തേയ്ക്കു നിര്‍ത്തിവച്ചു. ജനങ്ങളുടെ അമര്‍ഷം പരിഹരിക്കണമെന്നും അനുയോജ്യമായ ചര്‍ച്ച നടത്തുന്നതുവരെ വര്‍ധനവ് ഏര്‍പ്പെടുത്തില്ലെന്നും പ്രധാനമന്ത്രി എഡ്വേര്‍ഡ് ഫിലിപ്പ് പറഞ്ഞു.
ഭരണകക്ഷി അംഗങ്ങളുമായുള്ള കൂടിക്കാഴ്ചക്കു ശേഷം ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വൈദ്യുതി, പാചകവാതകം തുടങ്ങിയവയിലെ തീരുവ വര്‍ധനവും ആറു മാസത്തേയ്ക്കു നീട്ടിവച്ചു. മഞ്ഞ വസ്ത്രം ധരിച്ചെത്തിയവര്‍ ഫ്രാന്‍സിനെ സ്‌നേഹിക്കുന്നവരാണ്. അവരുടെ ശ്രേഷ്ഠത തങ്ങള്‍ പങ്കുവയ്ക്കുകയാണ്. എന്നാല്‍, ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, സര്‍ക്കാരിന്റെ പ്രധാന ഉത്തരവാദിത്തം നീതിന്യായ സംവിധാനം ഉറപ്പുവരുത്തുകയെന്നതാണെന്നും പറഞ്ഞു.
രാജ്യത്തിന്റെ ഐക്യത്തെ ബാധിക്കുന്ന സംഭവങ്ങള്‍ക്കെതിരേ പോരാടണം. ഭാവിയില്‍ പ്രതിഷേധം നടത്തുന്നവര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കണമെന്നും സമാധാനപരമായിരിക്കണം പ്രതിഷേധങ്ങളെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍, പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരേ പ്രതിഷേധക്കാരുടെ വക്താവ് ബെന്‍യമിന്‍ കോഷെ രംഗത്തെത്തി. കാപട്യത്തോടെയുള്ള നീക്കമാണിതെന്നും ആറു മാസത്തിനു ശേഷം തീരുവ വീണ്ടും കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. താല്‍ക്കാലികമായി റദ്ദാക്കിയത് അനുചിത നടപടിയാണെന്നു പ്രതിപക്ഷമായ മധ്യ വലതുപക്ഷ നേതാവ് ബര്‍നോ റിട്ടാലിയോ പറഞ്ഞു.
മൂന്നാഴ്ചയായി തുടരുന്ന പ്രതിഷേധങ്ങള്‍ രാജ്യത്തെ വന്‍ തോതില്‍ ബാധിച്ചിരുന്നു. സര്‍ക്കാരിനെതിരേ പൊതുജനങ്ങള്‍ക്കിടിയില്‍ വന്‍ എതിര്‍പ്പാണുയര്‍ന്നത്. തലസ്ഥാനമായ പാരിസില്‍ പതിനായിരങ്ങളുടെ പ്രകടനത്തോടെയാണ് ‘മഞ്ഞക്കുപ്പായ’ പ്രക്ഷോഭം ആരംഭിച്ചിരുന്നത്. പ്രക്ഷോഭത്തിനിടെ ഇതിനകം നാലു പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 23 സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 133 പേര്‍ക്കു പരുക്കേറ്റു. ആറു കെട്ടിടങ്ങളും 112 വാഹനങ്ങളും തകര്‍ക്കപ്പെടുകയും ചെയ്തു.
പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മാക്രോണ്‍ ഇന്ധന തീരുവ വര്‍ധിപ്പിച്ചത്. എന്നാല്‍, ജനജീവിതത്തെ ദുസഹമാക്കുന്നതാണ് തീരുമാനമെന്നു പറഞ്ഞ് ഒരു സംഘം സമൂഹമാധ്യമങ്ങള്‍ വഴി പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്യുകയായിരുന്നു. നവംബര്‍ 17നാണ് ‘മഞ്ഞക്കുപ്പായ പ്രക്ഷോഭം’ എന്ന പേരില്‍ പാരിസില്‍ പുതിയ സമരപരിപാടിക്കു തുടക്കമായത്. അന്നത്തെ പ്രക്ഷോഭത്തില്‍ മൂന്നു ലക്ഷത്തോളം പേര്‍ പങ്കെടുത്തതായാണ് വിവരം. പ്രസിഡന്റിന്റെ കൊട്ടാരവും പ്രധാനമന്ത്രിയുടെ വസതിയുമടക്കം തന്ത്രപ്രധാന മേഖലയായ ചാംപ്‌സ് എലിസീസില്‍നിന്നാണ് പ്രക്ഷോഭങ്ങള്‍ തുടങ്ങിയത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.