2018 November 17 Saturday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

ഇന്ധനവില വര്‍ധിപ്പിച്ച് മോദിസര്‍ക്കാര്‍ കൊള്ളയടിച്ചത് 14 ലക്ഷം കോടിയെന്ന് ചെന്നിത്തല

കൊച്ചി: പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് വില വര്‍ധിപ്പിച്ച് നാല് വര്‍ഷം കൊണ്ട് 14 ലക്ഷം കോടി രൂപ ജനങ്ങളില്‍നിന്ന് കൊള്ളയടിച്ച സര്‍ക്കാരാണ് നരേന്ദ്ര മോദിയുടേതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹര്‍ത്താല്‍ ദിനത്തില്‍ യു.ഡി.എഫ് സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പെട്രോളും ഡീസലും ജി.എസ്.ടിയുടെ പരിധിയില്‍ കൊണ്ടുവരണമെന്നതാണ് കോണ്‍ഗ്രസ് നിലപാട്. കുത്തനെയുള്ള വിലക്കയറ്റത്തില്‍ രാജ്യം ഒന്നടങ്കം പ്രതിഷേധിക്കുന്ന ദിവസം തന്നെ വീണ്ടും പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചത് ജനങ്ങള്‍ക്ക് പുല്ലുവിലയാണ് കല്‍പ്പിക്കുന്നതെന്നതിന്റെ തെളിവാണ്. ജനങ്ങളുടെ ആത്മാഭിമാനത്തെ വെല്ലുവിളിക്കുന്ന സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് ടി.ജെ വിനോദ് അധ്യക്ഷനായി. കെ.പി.സി.സി ജങ്ഷനില്‍നിന്ന് മറൈന്‍ ഡ്രൈവിലേക്ക് യു.ഡി.എഫ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ കാളവണ്ടിയില്‍ കയറി പ്രതിപക്ഷ നേതാവ് പങ്കെടുത്തു. കെ.വി തോമസ് എം.പി, ബെന്നി ബെഹന്നാന്‍, ജോസഫ് വാഴക്കന്‍, എന്‍. വേണുഗോപാല്‍, അജയ് തറയില്‍ എം.എല്‍.എമാരായ ഹൈബി ഈഡന്‍, പി.ടി തോമസ്, അന്‍വര്‍ സാദത്ത് സംസാരിച്ചു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.