2018 September 23 Sunday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

ഇന്ധനവില വര്‍ധന: നികുതിക്കൊള്ള

 

തിരുവനന്തപുരം: ഇന്ധനവില വര്‍ധനവിലൂടെ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത് നികുതി കൊള്ള. ഒരു ലിറ്റര്‍ പെട്രോള്‍ വാങ്ങുമ്പോള്‍ പകുതിയിലേറെ തുകയും ഉപഭോക്താവില്‍ നിന്ന് നികുതിയായി ഊറ്റുകയാണ്.
തിരുവനന്തപുരത്ത് ഇന്നലെ പെട്രോള്‍ വില 84.19 രൂപയായിരുന്നു. ഇതില്‍ 46 രൂപയിലേറെ നികുതിയും കമ്മിഷനുമാണ്. ഡീസലിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല.
ഡീസലിന് ഇന്നലെ തിരുവനന്തപുരത്ത് 78.14 രൂപയായിരുന്നു. ഇതില്‍ 40 രൂപയിലേറെയാണ് നികുതിയായി ഊറ്റിയത്. പ്രവേശന നികുതി, ശുദ്ധീകരണ ചെലവ്, ചരക്കുകൂലി, കമ്മിഷന്‍, സംസ്ഥാന വാറ്റ്, അധികനികുതി, സോഷ്യല്‍ സെസ് എന്നിങ്ങനെയാണ് ഊറ്റിയെടുക്കുന്നത്.
ഒരു ലിറ്റര്‍ പെട്രോള്‍ വാങ്ങുമ്പോള്‍ പ്രവേശന നികുതി, ശുദ്ധീകരണചെലവ്, ചരക്കുകൂലി ഇനത്തില്‍ 3.45 രൂപയാണ് ഉപഭോക്താവ് അധികം നല്‍കേണ്ടി വരുന്നത്.
കേന്ദ്ര നികുതിയായി 19.48 രൂപയും, കമ്മിഷനായി മൂന്ന് രൂപയും സംസ്ഥാന വാറ്റായി 18.97 രൂപയും അധികം നല്‍കണം. ഇതിന് പുറമേ അധിക നികുതിയായി ഒരു രൂപയും സോഷ്യല്‍ സെസായി 0.19 രൂപയും ഉപഭോക്താവ് അധികം നല്‍കണം.
ഡീസലിന്റെ കാര്യത്തിലും സ്ഥിതി വിഭിന്നമല്ല. പ്രവേശന നികുതി, ശുദ്ധീകരണ ചെലവ്, ചരക്കുകൂലി ഇനത്തില്‍ 7.14 രൂപയും കേന്ദ്രനികുതിയായി 15.33 രൂപയാണ് നല്‍കേണ്ടത്. രണ്ട് രൂപ കമ്മിഷനായി ഈടാക്കുമ്പോള്‍ സംസ്ഥാന വാറ്റ് 14.48 രൂപയാണ്. ഒരു രൂപ അധിക നികുതിയും സോഷ്യല്‍ സെസ് ഇനത്തില്‍ 0.14 രൂപയും നല്‍കണം.
രാജ്യാന്തര വിപണിയിലെ എണ്ണ വിലയില്‍ ചാരിയാണ് രാജ്യത്ത് പെട്രോളിനും ഡീസലിനും വിലവര്‍ധിപ്പിക്കുന്നത്. എന്നാല്‍, യു.പി.എ സര്‍ക്കാരിന്റെ കാലത്ത് പെട്രോള്‍ ലിറ്ററിന് 9.2 രൂപയായിരുന്നു എക്‌സൈസ് ഡ്യൂട്ടി. ഇന്ന് അത് 19.48 രൂപയായി വര്‍ധിച്ചു. ഡീസലിന് 3.42 രൂപയായിരുന്ന എക്‌സൈസ് ഡ്യൂട്ടി ഇപ്പോള്‍ 19.48 രൂപയാണ്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം 12 തവണയാണ് എക്‌സൈസ് നികുതി വര്‍ധിപ്പിച്ചത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.