2018 November 17 Saturday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

ഇന്ധനവില കുറയ്ക്കാനാകില്ല, കൈയൊഴിഞ്ഞു കേന്ദ്രം

നികുതി
കുറയ്ക്കാനാകില്ല:
തോമസ് ഐസക്

തിരുവനന്തപുരം: സംസ്ഥാനത്തിന് ഇനിയും ഇന്ധനികുതി കുറയ്ക്കാനാകില്ലെന്ന് ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം വിചിത്രമാണ്.
ഇന്ധന നികുതി കൂടുന്നത് വികസനത്തിന് തിരച്ചിടയാവുകയാണ്. അധിക നികുതി വരുമാനമായതിനാല്‍ സംസ്ഥാനങ്ങള്‍ക്ക് വിഹിതം ലഭിക്കുന്നില്ലെന്നും തോമസ് ഐസക് പറഞ്ഞു. ഒരു രൂപ നികുതി വേണ്ടെന്ന് വച്ചപ്പോള്‍ സംസ്ഥാനത്തിന് പ്രതിവര്‍ഷ നഷ്ടം 500 കോടി ആണെന്നും സാമ്പത്തിക പ്രതിസന്ധിയില്‍ ഇനിയും കുറയ്ക്കാന്‍ കഴിയില്ലെന്നും ഐസക് പറഞ്ഞു.


മാതൃകയായി മമത

കൊല്‍ക്കത്ത: രാജസ്ഥാന്‍, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങള്‍ക്കു പിന്നാലെ പശ്ചിമ ബംഗാളിലും ഇന്ധന വില കുറച്ചു. പെട്രോളിനും ഡീസലിനും ഒരു രൂപ വീതമാണ് കുറച്ചത്. ഇന്ധനത്തിന് ഈടാക്കുന്ന സെസ് പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാരും തയാറാകണമെന്നും ബംഗാള്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
അസംസ്‌കൃത എണ്ണക്ക് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വില കുറഞ്ഞിട്ടും കേന്ദ്ര സര്‍ക്കാര്‍ ഒന്‍പതു തവണയാണ് എക്‌സൈസ് ഡ്യൂട്ടി വര്‍ധിപ്പിച്ചതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി ആരോപിച്ചു. സെയില്‍സ് ടാക്‌സ്, സെസ് എന്നിവ ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ വര്‍ധിപ്പിച്ചിട്ടില്ലെന്നും അവര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം പെട്രോള്‍, ഡീസല്‍ വിലയില്‍ രണ്ടു രൂപ വീതമാണ് ആന്ധ്രാ സര്‍ക്കാര്‍ കുറച്ചത്.
രാജസ്ഥാന്‍ സര്‍ക്കാര്‍ നാല് ശതമാനം വാറ്റ് കുറക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് പെട്രോളിനും ഡീസലിനും ലിറ്ററിന് 2.50 രൂപയുടെ കുറവാണ് ഉണ്ടാകുക.

 

ന്യൂഡല്‍ഹി: ഇന്ധനവില കുറക്കാനാവില്ലെന്ന നിലപാട് ആവര്‍ത്തിച്ച് കേന്ദ്രസര്‍ക്കാര്‍. വില കുറക്കുന്നത് വികസന പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും ലിറ്ററിന് രണ്ടുരൂപ കുറച്ചാല്‍ തന്നെ 30,000 കോടി രൂപയുടെ നഷ്ടമാണ് ഖജനാവിന് ഉണ്ടാവുകയെന്നും ധനമന്ത്രാലയം വ്യക്തമാക്കി.

തിങ്കളാഴ്ച ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനുമായി വില വര്‍ധനവ് സംബന്ധിച്ച് ചര്‍ച്ചനടത്തിയിരുന്നു. നികുതി കുറച്ച് ഇന്ധനവില പിടിച്ചുനിര്‍ത്തി ജനരോഷം ശമിപ്പിക്കുന്നതിനെ കുറിച്ചായിരുന്നു ആലോചന. നികുതി കുറയ്ക്കുന്ന കാര്യത്തില്‍ ധനമന്ത്രാലയമാണ് നിലപാട് സ്വീകരിക്കേണ്ടതെന്നും ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചു. എന്നാല്‍, ഇതിനുശേഷം ധനമന്ത്രാലയത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ഇന്ധന നികുതി കുറയ്ക്കാനാവില്ലെന്നും അത് രാജ്യത്ത് വികസനപ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നുമുള്ള നിലപാടില്‍ എത്തുകയായിരുന്നു.
പെട്രോളിയം ഉല്‍പന്നങ്ങളില്‍നിന്ന് 2.29 ലക്ഷം കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേന്ദ്രസര്‍ക്കാരിന് എക്‌സൈസ് നികുതിയായി കിട്ടിയത്. നിലവില്‍ ലിറ്റര്‍ പെട്രോളിന് 19.48ഉം ഡീസലിന് 15.33 രൂപയുമാണ് എക്‌സൈസ് നികുതി. 2014 നവംബര്‍ മുതല്‍ 2016 ജനുവരി വരെ ഒന്‍പത് തവണയാണ് മോദി സര്‍ക്കാര്‍ എക്‌സൈസ് നികുതി കൂട്ടിയത്.

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.