2018 November 19 Monday
നല്ല സ്വഭാവം ആഴ്ചകൊണ്ടോ മാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അത് ഓരോ ദിവസവും അല്‍പാല്‍പമായി രൂപപ്പെട്ട് വരുന്നതാണ്.

ഇന്ധനവില കുറക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തത് നികുതി നഷ്ടമുണ്ടാകുമെന്ന ഭയത്താല്‍

മുംബൈ: ആവശ്യമായ ഇടപെടല്‍ നടത്താതെ സര്‍ക്കാര്‍ കാഴ്ചക്കാരായതോടെ ഇന്ധന വില കുതിപ്പ് തുടരുന്നു. ഡല്‍ഹിയില്‍ പെടോള്‍ ലിറ്ററിന് 80 രൂപയിലേക്ക് കടന്നപ്പോള്‍ മുംബൈയില്‍ 87.39 രൂപയിലേക്കാണ് എത്തിയത്. ഡീസല്‍ വിലയും ഉയര്‍ച്ചയില്‍ തന്നെയാണ്. ഡല്‍ഹിയില്‍ ഡീസല്‍ ലിറ്ററിന് 72.07 രൂപയിലെത്തിയപ്പോള്‍ മുംബൈയില്‍ 76.51 രൂപയാണ്. 

രൂപയുടെ മൂല്യം ഇടിയുന്നതാണ് ഇന്ധന വിലയില്‍ കുതിപ്പിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഡോളറിനെതിരേ രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞ് 72ല്‍ എത്തിയിരിക്കുകയാണ്.
രൂപയുടെ മൂല്യം ഇടിയുന്നതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞത്. ആഗോള തലത്തിലെ പ്രശ്‌നങ്ങളാണ് ഇതിന് കാരണമെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ആഗോളതലത്തിലെ പ്രശ്‌നം ഇന്ത്യയുടെ ആഭ്യന്തര രംഗത്തെയാണ് കലുഷിതമാക്കിയിരിക്കുന്നത്. ഓരോ ദിവസവും ജീവിതച്ചെലവ് വലിയ പ്രതിസന്ധിയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്.
ഇന്ധന വില ഉയരുന്നതുകാരണം നിത്യോപയോഗ സാധനങ്ങളുടെ വിലയും ഉയരുകയാണ്. ഇന്ധനവില ഉയരുന്നത് സര്‍ക്കാരിന് ലഭിക്കുന്ന നികുതിയിലും വലിയ കുതിച്ചുകയറ്റത്തിന് ഇടയാക്കുന്നുണ്ട്. 2014 നവംബര്‍ മുതല്‍ 2016 ജനുവരി വരെ ഇന്ധനത്തിനുള്ള എക്‌സൈസ് ഡ്യൂട്ടി ഒന്‍പതു തവണയാണ് സര്‍ക്കാര്‍ കൂട്ടിയത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നാമമാത്രമായ രീതിയില്‍ ഇതില്‍ കുറവ് വരുത്തിയതൊഴിച്ചാല്‍ ഇക്കാര്യത്തില്‍ കാര്യമായ ഇടപെടലുകള്‍ നടത്താന്‍ സര്‍ക്കാര്‍ തയാറായില്ല. ഇതിനെ തുടര്‍ന്ന് 2014-15നും 2018-19നും ഇടയില്‍ ഇന്ധനത്തിന്റെ എക്‌സൈസ് ഡ്യൂട്ടിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ നേടിയത് 10 ലക്ഷം കോടി രൂപയാണ്.
ഇന്ധനത്തിനുള്ള വിലയില്‍ പകുതിയും നികുതിയാണ്. രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ ആളോഹരി വരുമാനത്തിന്റെ വളര്‍ച്ചാ നിരക്ക് ഉയര്‍ന്ന നില സൂചിപ്പിക്കാനിടയാക്കുന്നത് ഇതാണ്. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ആവശ്യമായ നടപടിയെടുക്കാത്തത് രാജ്യത്തിന് ലഭിക്കുന്ന വരുമാനം തടസപ്പെടാതിരിക്കാനാണ്.

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.