2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഇന്ധനവിലവര്‍ധനവിന്റെ രാഷ്ട്രീയം പകല്‍കൊള്ളയുടെ കൂട്ടുകച്ചവടം

പെട്രോളിയം ഉല്‍പന്നങ്ങളുടെ സംസ്‌കരണം വളരെ കുറഞ്ഞ ചെലവില്‍ നടക്കുന്ന രാജ്യം ഇന്ത്യയായിരിക്കെ ഇന്ത്യയിലെ ജനങ്ങള്‍ കൂടുതല്‍ നല്‍കേണ്ടിവരുന്നതിന് കാരണം മറ്റ് രാജ്യങ്ങളിലൊന്നുമില്ലാത്തവിധം പെട്രോളിയം ഉല്‍പന്നങ്ങളിലൂടെ കൊള്ളനടത്താന്‍ കൂട്ടുകച്ചവടക്കാരായി നില്‍ക്കുന്ന കോര്‍പറേറ്റ് കമ്പനികളും അവരുടെ താല്‍പര്യസംരക്ഷകരായി നില്‍ക്കുന്ന കേന്ദ്രസര്‍ക്കാരുമാണ്. ഇത്തരമൊരു പശ്ചാത്തലത്തില്‍ ഇന്ധനവില വര്‍ധനവിന്റെ മറവില്‍ നടമാടുന്ന ഈ പകല്‍കൊള്ളയ്‌ക്കെതിരേ അതിശക്തമായജനകീയ ചെറുത്തുനില്‍പ്പ് സംഘടിപ്പിക്കേണ്ട കാലം അതിക്രമിച്ചു.

 

പ്രൊഫ. കെ. അരവിന്ദാക്ഷന്‍ 9446495119

കേരളത്തില്‍ പ്രധാനമായും രാഷ്ട്രീയകൊലപാതകങ്ങളും ഇന്ധനവില വര്‍ധനവും നാട്ടുകാരറിഞ്ഞിരുന്നത് പ്രതിപക്ഷ കക്ഷികളുടെ ഹര്‍ത്താല്‍ ആഹ്വാനത്തിലൂടെയായിരുന്നു. ഇന്ന് രാഷ്ട്രീയകൊലപാതകങ്ങള്‍ അറിയിക്കാന്‍ രീതിമാറ്റിയിട്ടില്ലെങ്കിലും പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ധനവിനെതിരേയുള്ള മുഖ്യധാരാ രാഷ്ട്രീയസംഘടനകളുടെ പ്രതിഷേധം നേര്‍ത്തതായി മാറി. കാരണം ഇപ്പോള്‍ ഇന്ധനവില വര്‍ധനവിനെതിരേ ഹര്‍ത്താല്‍ നടത്താന്‍ ഇറങ്ങിയാല്‍ ദിവസവും നടത്തേണ്ടിവരുന്ന അവസ്ഥയിലേക്കായി രാജ്യത്തിന്റെ പോക്ക്.
പെട്രോളിയം ഉല്‍പന്നങ്ങളുടെ ഉപയോഗം ദൈനംദിന ജനജീവിതവുമായി സാരമായി ബന്ധപ്പെട്ടുകിടക്കുന്നതായതിനാല്‍ ഇവയുടെ വിലവര്‍ധനവ് വലിയ പ്രതിഷേധം ഉയര്‍ത്തുന്ന ഒന്ന് തന്നെയാണ് ഇപ്പോഴും. പക്ഷെ, ജനങ്ങളറിയാതെ അവരെ ചൂഷണം ചെയ്യുന്നതെങ്ങനെ എന്ന തന്ത്രം അതിവിദഗ്ധമായാണ് നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഇന്ന് പെട്രോള്‍-ഡീസല്‍ വില വര്‍ധന വാര്‍ത്തയല്ലാതായി . അതുകൊണ്ടാണ് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന് വാഹനം വാങ്ങുന്നവര്‍ അധികപണം നല്‍കി ഇന്ധനവും വാങ്ങാന്‍ ബാധ്യസ്ഥരാണെന്നും വികസനത്തിന്റെ ഭാരം ആരെങ്കിലും ചുമന്നേ മതിയാകുകയുള്ളുവെന്നും വളരെ ലാഘവത്തോടെ പറയാന്‍ കഴിയുന്നത്.

ലക്ഷങ്ങളും കോടികളും വിലവരുന്ന ആഡംബരകാറുകള്‍ വാങ്ങിക്കൂട്ടുന്ന ചെറിയ ശതമാനം ആളുകളെ മാറ്റി നിര്‍ത്തിയാല്‍ ബഹുഭൂരിപക്ഷവും ബസും ഓട്ടോയും ഉള്‍പ്പെടെയുള്ള പൊതുയാത്രാ സംവിധാനങ്ങളെയാണ് ഇന്നും ആശ്രയിക്കുന്നതെന്നും അവര്‍ക്ക് ഒരു രൂപയുടെ വര്‍ധന പോലും കുടുംബബജറ്റിന്റെ താളം തകര്‍ക്കുന്നതാണെന്നും തിരിച്ചറിയാനുള്ള വിവേകം കേന്ദ്രമന്ത്രിക്ക് ഇല്ലാതെ പോയി. യു.പി.എ സര്‍ക്കാരിന്റേതില്‍ നിന്ന് വ്യത്യസ്തമായി പെട്രോളിയം ഉല്‍പന്നങ്ങളായ പെട്രോളിന്റെയും ഡീസലിന്റെയും ചിലപ്പോള്‍ മണ്ണെണ്ണയുടെയും വിലനിലവാരം ഓരോ ദിവസവും ഉയര്‍ത്തുകയെന്ന പ്രക്രിയയാണ് ഇപ്പോള്‍ നടപ്പാക്കി വരുന്നത്.

എന്നാല്‍, പാചകവാതകസബ്‌സിഡിയുടെ കാര്യത്തില്‍ വെട്ടിചുരുക്കലുമാണ് .ഇതൊരു പതിവ് ഏര്‍പ്പാടായതിനാല്‍ ചില്ലറ വിലവര്‍ധന മുമ്പെന്ന പോലെ ചര്‍ച്ചചെയ്യപ്പെടുന്നില്ല. 2017 ജൂണ്‍ 16 മുതലാണ് ഈ ചൂഷണതന്ത്രം പ്രയോഗിക്കപ്പെട്ടുതുടങ്ങിയത്. രണ്ടാം യു.പി.എ സര്‍ക്കാര്‍ അധികാരത്തില്‍ കയറുന്നതിന് മുമ്പ് പെട്രോളിയം ഉല്‍പന്നവിലയിലെ മാറ്റങ്ങള്‍ ഭരണപരമായ നടപടികള്‍ വഴിയായിരുന്നു നടപ്പാക്കിയിരുന്നത്.

പിന്നീട് അത് ഡീസലിനും പെട്രോളിനും മണ്ണെണ്ണയ്ക്കും പാചകവാതകത്തിനും വിപണിശക്തികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് വിധേയമാക്കപ്പെടുകയുമായിരുന്നു. ഈ സൗകര്യം മുതലാക്കി റിലയന്‍സ്, എസ്സാര്‍ തുടങ്ങിയ കുത്തകകള്‍ക്കൊപ്പം പൊതുമേഖലാ എണ്ണക്കമ്പനികളും പകല്‍കൊള്ള തുടര്‍ന്നുവരികയാണിന്നും. ഇതോടെ ആഗോളവിപണിയില്‍ സര്‍വസാധാരണമായി മാറിയിരിക്കുന്ന തുടര്‍ച്ചയായ അസംസ്‌കൃത പെട്രോളിയം വിലക്കുറവ് , ആഭ്യന്തരപെട്രോളിയം ഉല്‍പന്നങ്ങളുടെ വിലനിലവാരത്തില്‍ പ്രതിഫലിക്കാത്ത സ്ഥിതിവിശേഷം സംജാതമാകുകയും ചെയ്തു.

മോദിയുടെ അനുഗ്രഹാശിസ്സുകളോടെ കേന്ദ്രപെട്രോളിയം വകുപ്പ് മന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍ കാര്യക്ഷമമായി നടപ്പാക്കിവരുന്ന ഈ പരിഷ്‌കാരത്തിന്റെ പ്രധാന ഗുണഭോക്താക്കള്‍ സ്വകാര്യ പെട്രോളിയം സംസ്‌കരണകമ്പനികളായ റിലയന്‍സ് പെട്രോളിയവും എസ്സാര്‍ ഗുജറാത്തും ആണ്. നിലവില്‍ ആഭ്യന്തരസ്രോതസുകളില്‍ നിന്ന് നമുക്കാവശ്യമായ അസംസ്‌കൃത പെട്രോളിയത്തിന്റെ 20 ശതമാനം മാത്രമാണ് ലഭിച്ചുവരുന്നത്.

ശേഷിക്കുന്ന 80 ശതമാനം ആവശ്യം ഇറക്കുമതിയിലൂടെയാണ് നിര്‍വഹിച്ചുവരുന്നത് . പെട്രോളിയം ഉല്‍പന്നങ്ങളുടെ ആഭ്യന്തര ഉപഭോഗമാണെങ്കില്‍ അനുദിനം വര്‍ധിച്ചുവരുകയുമാണ്. സ്വാഭാവികമായും ആഭ്യന്തരവില നിലവാരവര്‍ധനവിലൂടെയുണ്ടാകുന്ന പരമാവധി നേട്ടം പൊതുമേഖലാ എണ്ണക്കമ്പനികളോടൊപ്പം സ്വകാര്യ കുത്തകക്കമ്പനികള്‍ക്കും കൊയ്‌തെടുക്കാന്‍ കഴിയും. ആഭ്യന്തര സ്രോതസുവഴി ലഭിക്കുന്ന അസംസ്‌കൃത പെട്രോളിയത്തിന്റേയും ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത പെട്രോളിയത്തിന്റെയും സംസ്‌കരണത്തിന് ശേഷം വിപണിയിലെത്തുന്ന പെട്രോളിയം ഉല്‍പന്നങ്ങളുടെയും ചില്ലറ വില്‍പന വിലയില്‍ തുല്യതയുള്ളതിനാല്‍ കൂടുതല്‍ ലാഭം കിട്ടുക സ്വകാര്യ കോര്‍പറേറ്റുകള്‍ക്കായിരിക്കുകയും ചെയ്യും.

ആഗോള എണ്ണവിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ക്കനുസൃതമായി അതിന്റെ ആനുകൂല്യം അതതുദിവസം തന്നെ ഉപഭോക്താക്കള്‍ക്ക് പകര്‍ന്നുനല്‍കുമെന്ന് വാഗ്ദാനം നല്‍കി അധികാരത്തിലേറിയ നരേന്ദ്രമോദി നേരെ വിപരീതമായനിലയിലാണ് കാര്യങ്ങള്‍ ചെയ്തുവരുന്നത്. ധര്‍മ്മേന്ദ്ര പ്രധാന്‍ ചുമതലയേറ്റപ്പോള്‍ മുതല്‍ കൃത്യമായി വില പരിഷ്‌കരണതന്ത്രത്തിലൂടെ പ്രതിഷേധത്തിന്റെ കുന്തമുന ഒടിക്കുന്നതിലും വന്‍വിജയമാണ് നേടിയത്. ഏതായാലും പൊതുജനത്തിന്റെ നട്ടെല്ല് ഒടിഞ്ഞെങ്കിലും കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്രപ്രധാന് നല്ല പ്രതിഫലം കിട്ടി. പുതിയ മന്ത്രിസഭാ പുനസ്സംഘടനയിലൂടെ സ്റ്റേറ്റ് മന്ത്രി പദവിയില്‍ നിന്ന് കാബിനറ്റ് പദവിയിലേക്ക് ഉയരാന്‍ കഴിഞ്ഞു.
2017 ജൂലായ് ഒന്നുമുതല്‍ ബാരല്‍ ഒന്നിന് 47.07 ഡോളറില്‍ നിന്ന് 48.41 ഡോളര്‍വരെയായി അസംസ്‌കൃത ഉല്‍പന്നമായ ക്രൂഡോയില്‍ വില ആഗോളവിപണിയില്‍ ഉയര്‍ന്നെങ്കിലും ആഗസ്റ്റ് 28 മുതല്‍ ബാരല്‍ ഒന്നിന് വിലനിലവാരം 46.62 ലേക്ക് കുറഞ്ഞിട്ടുണ്ട്. ഈ വിലക്കുറവ് നമ്മുടെ ആഭ്യന്തരവിപണിയില്‍ പ്രതിഫലിക്കാത്തതിന് കാരണം മോദി സര്‍ക്കാരും അംബാനിമാര്‍ ഉള്‍പ്പെടെയുള്ള കോര്‍പറേറ്റുകളും ചേര്‍ന്ന് നടത്തുന്ന പകല്‍ക്കൊള്ളയാണ്. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പും ആഗോളഎണ്ണവിലയേക്കാള്‍ ഉയര്‍ന്ന വിലനിലവാരമാണ് പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് ആഭ്യന്തരവിപണിയില്‍ ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍, അക്കാലത്തെല്ലാം ആഗോളഎണ്ണ വില വലിയ ഉയരത്തിലാണ് നിലനിന്നിരുന്നതെന്നതും തിരിച്ചറിയേണ്ടതാണ്.

2014 ല്‍ മോദി അധികാരത്തിലേറി ഏതാനും ആഴ്ചകള്‍ക്കകം തന്നെ ആഗോള എണ്ണവില ബാരലിന് 125 ഡോളര്‍വരെ ആയിരുന്നത് കുത്തനെ ഇടിഞ്ഞ് 2014 ജൂണില്‍ 101 ഡോളര്‍ ആയി. 2017 ജൂണ്‍ -ജൂലൈ മാസമായതോടെ വില ബാരലിന് 52 ഡോളറിലേക്ക് കുറഞ്ഞു. ഒരു ബാരല്‍ എണ്ണ എന്നാല്‍ 159 ലിറ്റര്‍ വരും. രൂപയുടെ വിനിമയനിരക്ക് ഡോളറിന് 64.18 രൂപ ആണെങ്കില്‍ ഒരു ബാരല്‍ അസംസ്‌കൃത എണ്ണയുടെ വില 3273.18 രൂപ മാത്രം. ഇതിനോട് ചേര്‍ക്കേണ്ടി വരുന്നത് അസംസ്‌കൃത എണ്ണയുടെ ശുദ്ധീകരണചെലവാണ്. ഇതാണെങ്കില്‍ ഇന്ത്യയില്‍ മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് കുറവാണ്. അതായത് പരമാവധി ഒരു ലിറ്റര്‍ പെട്രോളിന്റെ വില്‍പനവില 67-68 രൂപവരെയായി നിജപ്പെടുത്തിയാല്‍ മതിയാകും.പെട്രോളിയം ഉല്‍പന്നവ്യാപാരികളുടെ സംഘടനകളും ഈ നിഗമനത്തോട് യോജിക്കുകയാണ്.

പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലവര്‍ധനവ് നിത്യോപയോഗവസ്തുക്കളുടെ വില കുതിച്ചുയരുന്നതിന് കാരണമാകും. ധനശാസ്ത്രത്തില്‍ ഈ പ്രക്രിയയ്ക്ക് നല്‍കിയിരിക്കുന്ന പേര് കാസ്‌കേസിങ് ഇഫക്ട്‌സ് അഥവാ ചാക്രിക പ്രത്യാഘാതങ്ങള്‍ എന്നതാണ്. നിത്യോപയോഗവസ്തുക്കളുടെ ചരക്കുനീക്കത്തിലൂടെയുണ്ടാകുന്ന വിലവര്‍ധനവിലൂടെ ഇതൊക്കെ അന്തിമഘട്ടത്തില്‍ വന്നുപതിക്കുക യഥാര്‍ഥഉപഭോക്താക്കളുടെ മേല്‍ ആയിരിക്കും. ഇതോടൊപ്പം സര്‍ക്കാരുകളുടെ നികുതിക്കൊള്ള കൂടിയാകുമ്പോള്‍ ദുരിതവലയം പൂര്‍ത്തിയാവുകയാണ്. ആഗോള മാന്ദ്യത്തിന്റെ ഫലമായി ഇന്ധനവില താഴ്ന്നതോടെ നികുതി വരുമാനവും താഴും. എന്നാല്‍, ഇത് തടയാനായി പെട്രോളിയം ഉല്‍പന്നങ്ങളുടെ എക്‌സൈസ് നികുതി ബാധ്യത 16 തവണയാണ് കേന്ദ്രസര്‍സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്.

വിലക്കുറവിന്റെ നേട്ടം ജനങ്ങള്‍ക്ക് കൈമാറുന്നത് നികുതിവര്‍ധനവിലൂടെ അതപ്പാടെ കവര്‍ന്നെടുക്കുക വഴി മോദി തെരഞ്ഞെടുപ്പ് വേളയില്‍ നല്‍കിയ വാഗ്ദാനം കാറ്റില്‍പറത്തി. 2014 ല്‍ പെട്രോളിന്റെ എക്‌സൈസ് നികുതി 9.20 രൂപയായിരുന്നത് 2017 ജനുവരിയില്‍ 21.48 രൂപയായി കുതിച്ചുയര്‍ന്നു. 133 ശതമാനം വര്‍ധന.
ഡീസലിന്റെ നികുതിയാവട്ടെ ഇതേ കാലയളവില്‍ 3.46 രൂപയില്‍ നിന്ന് 17.33 രൂപയിലേക്കുയര്‍ന്നു,400 ശതമാനം വര്‍ധനവ്. ഇതിനിടയില്‍ നികുതിക്ക് പുറമേ സംസ്ഥാന സര്‍ക്കാരിന്റെ വക ഒരു സെസ് മാത്രമാണ് അധിക ബാധ്യതയായിരുന്നത്. അധികനികുതി തീര്‍ത്തും ഒഴിവാക്കുകയും ചെയ്തിരുന്നു. അതായത് നിലവിലുള്ള വിലക്കയറ്റത്തിന് പിന്നില്‍ പെട്രോളിയം കമ്പനികളുടെ കൊള്ളയും നരേന്ദ്രമോദി സര്‍ക്കാരിന്റെ നികുതിയും മാത്രമാണ്.

ആഗോളതലത്തില്‍ നോക്കിയാല്‍ 80 രാജ്യങ്ങളില്‍ പെട്രോളിന്റെ വില്‍പനവില ഇന്ത്യയിലുള്ളതിനേക്കാള്‍ കുറവാണ്. ഡീസലിനാണെങ്കില്‍ 60 രാജ്യങ്ങളില്‍ വിലനിലവാരം ഇന്ത്യയെ അപേക്ഷിച്ച് കുറവാണെന്നും കാണുന്നു. പെട്രോളിയം ഉല്‍പന്നങ്ങളുടെ സംസ്‌കരണം വളരെ കുറഞ്ഞ ചെലവില്‍ നടക്കുന്ന രാജ്യം ഇന്ത്യയായിരിക്കെ ഇന്ത്യയിലെ ജനങ്ങള്‍ കൂടുതല്‍ നല്‍കേണ്ടിവരുന്നതിന് കാരണം മറ്റ് രാജ്യങ്ങളിലൊന്നുമില്ലാത്തവിധം പെട്രോളിയം ഉല്‍പന്നങ്ങളിലൂടെ കൊള്ളനടത്താന്‍ കൂട്ടുകച്ചവടക്കാരായി നില്‍ക്കുന്ന കോര്‍പറേറ്റ് കമ്പനികളും അവരുടെ താല്‍പര്യസംരക്ഷകരായി നില്‍ക്കുന്ന കേന്ദ്രസര്‍ക്കാരുമാണ്. ഇത്തരമൊരു പശ്ചാത്തലത്തില്‍ ഇന്ധനവില വര്‍ധനവിന്റെ മറവില്‍ നടമാടുന്ന ഈ പകല്‍കൊള്ളയ്‌ക്കെതിരേ അതിശക്തമായജനകീയ ചെറുത്തുനില്‍പ്പ് സംഘടിപ്പിക്കേണ്ട കാലം അതിക്രമിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.