2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ്: ക്രിസ് വോക്‌സ് അടിച്ചു തകര്‍ത്തു; ഇംഗ്ലണ്ട് മികച്ച സ്‌കോറിലേക്ക്‌

  • ഇംഗ്ലണ്ട് 357- 7
  • 250 റണ്‍സിന്റെ ലീഡ്
  • ക്രിസ് വോക്‌സിന് സെഞ്ച്വറി (120*)
  • മുഹമ്മദ് ഷമിക്ക് മൂന്ന് വിക്കറ്റ്

 

 

ലോര്‍ഡ്‌സ്: ഇന്ത്യക്കെതിരെയുള്ള രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് മികച്ച സ്‌കോറിലേക്ക്. മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് 357 റണ്‍സ് എടുത്തു. 250 റണ്‍സിന്റെ ലീഡുമായാണ് ഇംഗ്ലണ്ട് കളംവിട്ടത്. രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയെ 107 റണ്‍സില്‍ എറിഞ്ഞൊതുക്കിയ ഇംഗ്ലണ്ട് ക്രിസ് വോക്‌സിന്റെ സെഞ്ച്വറിയുടെ ബലത്തിലാണ് മികച്ച സ്‌കോര്‍ കണ്ടെത്തിയത്. കളി അവസാനിക്കുമ്പോള്‍ 159 പന്തില്‍ 120 റണ്‍സുമായി ക്രിസ് വോക്‌സും 24 പന്തില്‍ 22 റണ്‍സുമായി സാം കറനുമാണ് ക്രീസില്‍. 144 പന്തില്‍ 93 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ജോണി ബൈര്‍‌സ്റ്റോവും ഇംഗ്ലണ്ട് സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. ഇന്ത്യയുടെ ചെറു സ്‌കോര്‍ പിന്തുടര്‍ന്ന ഇംഗ്ലണ്ട് തുടക്കത്തില്‍ ഒന്നു പതറിയതിന് ശേഷമാണ് മികച്ച സ്‌കോര്‍ കണ്ടെത്തിയത്. ഒരു ഘട്ടത്തില്‍ 131-5 വിക്കറ്റ് നഷ്ടപ്പെട്ട ഇംഗ്ലണ്ടിനെ ക്രിസ് വോക്‌സ്- ജോണി ബൈര്‍‌സ്റ്റോവ് കൂട്ടുകെട്ടാണ് രക്ഷിച്ചത്. ബൈര്‍‌സ്റ്റോവിനെ കാര്‍ത്തിക്കിന്റെ കൈകളിലെത്തിച്ച് ഹര്‍ദിക് പാണ്ഡ്യയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
32 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഇംഗ്ലണ്ടിന്റെ രണ്ട് ഓപ്പണിങ് ബാറ്റ്‌സ്മാന്മാര്‍ പുറത്തായതോടെയാണ് ഇന്ത്യക്ക് പ്രതീക്ഷ മുളച്ചിരുന്നു. സ്‌കോര്‍ 28ല്‍ നില്‍ക്കെ കീറ്റണ്‍ ജെന്നിങ്‌സിനെ വിക്കറ്റിന് മുന്നില്‍ കുരുക്കി മുഹമ്മദ് ഷമിയാണ് ആദ്യ വിക്കറ്റ് നേടിയത്. അടുത്ത ഓവറില്‍ 21 റണ്‍സെടുത്ത അലസ്റ്റൈര്‍ കുക്കിനെ ഇഷാന്ത് ശര്‍മ ദിനേഷ് കാര്‍ത്തിക്കിന്റെ കൈകളിലെത്തിച്ചു. തുടര്‍ന്ന് ക്രീസിലെത്തിയ ഒല്ലി പോപ് ജോറൂട്ടിനെ കൂട്ടുപിടിച്ച് ഇംഗ്ലണ്ട് പതുക്കെ സ്‌കോര്‍ ഉയര്‍ത്തി. സ്‌കോര്‍ 77ല്‍ നില്‍ക്കെ ഒല്ലി പോപിനെ വിക്കറ്റിന് മുന്നില്‍ കുരുക്കി ഹര്‍ദിക് പാണ്ഡ്യ ഇംഗ്ലണ്ടിന് ഷോക്ക് നല്‍കി. പിന്നാലെ ജോസ് ബട്‌ലര്‍ 24 റണ്‍സെടുത്തും ക്യാപ്റ്റന്‍ ജോ റൂട്ട് 19 റണ്‍സെടുത്തും പുറത്തായതോടെ ഇന്ത്യക്ക് കളി തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന അവസ്ഥയിലായി. ഇരുവരേയും മുഹമ്മദ് ഷമി വിക്കറ്റിന് മുന്നില്‍ കുരുക്കുകയായിരുന്നു. പക്ഷേ തുടര്‍ന്നെത്തിയ ക്രിസ് വോക്‌സ്- ജോണി കൂട്ടുകെട്ട് ഇന്ത്യന്‍ ബൗളര്‍മാരെ അക്രമിക്കുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഹര്‍ദിക് പാണ്ഡ്യ രണ്ടും ഇഷാന്ത് ശര്‍മ ഒരു വിക്കറ്റും വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യ ഇംഗ്ലണ്ട് പേസ് ബൗളിങ്ങിന് മുന്നില്‍ വിയര്‍ത്തു. അഞ്ച് വിക്കറ്റുമായി ജയിംസ് ആന്‍ഡേഴ്‌സണ്‍ കൊടുങ്കാറ്റയപ്പോള്‍ ഇന്ത്യന്‍ ബാറ്റിങ് നിര ഓരോരുത്തരായി പവലിയനിലേക്ക് ഒഴുകിയെത്തി. 29 റണ്‍സെടുത്ത രവിചന്ദ്രന്‍ അശ്വിനാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. വിരാട് കോഹ്‌ലി (23), അജങ്ക്യ രഹാനെ (18), ഹര്‍ദിക് പാണ്ഡ്യ (11), മുഹമ്മദ് ഷമി(10*), ലോകേഷ് രാഹുല്‍ എന്നിവരാണ് ഇന്ത്യയുടെ മറ്റു സ്‌കോറര്‍മാര്‍. ചേതേശ്വര്‍ പൂജാരയും ദിനേഷ് കാര്‍ത്തികും ഒരു റണ്‍സ് നേടി പുറത്തായപ്പോള്‍ മുരളി വിജയ്, കുല്‍ദീപ് യാദവ്, ഇഷാന്ത് ശര്‍മ എന്നിവര്‍ സംപൂജ്യരായി മടങ്ങി. രണ്ട് വിക്കറ്റ് വിഴിത്തി ക്രിസ് വോക്‌സും ഒരോ വിക്കറ്റുമായി സാം കറനും സ്റ്റുവാര്‍ട്ട് ബ്രോഡും ആന്‍ഡേഴ്‌സണ് മികച്ച പിന്തുണ നല്‍കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News