2018 October 22 Monday
തീവ്രമായ സ്‌നേഹം അളക്കുന്നില്ല കൊടുക്കുക മാത്രമേ ചെയ്യുന്നുള്ളൂ

ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ്: തുടക്കം പാളി ഇന്ത്യ

  • ഇന്ത്യ 34/3, കോഹ്‌ലി - 14*,രഹാനെ - 7*
  • ജയിംസ് ആന്‍ഡേഴ്‌സണ് രണ്ട് വിക്കറ്റ്

 

ലോര്‍ഡ്‌സ്: ഇടക്കിടെ മഴ വില്ലനായെത്തിയ ഇന്ത്യ – ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് തകര്‍ച്ചയോടെ തുടക്കം. ആദ്യ ടെസ്റ്റ് മത്സരത്തില്‍ 31 റണ്‍സിന് ആതിഥേയരോട് പരാജയപ്പെട്ട ഇന്ത്യ രണ്ടാം ടെസ്റ്റില്‍ 15 റണ്‍സ് ചേര്‍ക്കുന്നതിനിടെ മൂന്ന് വിക്കറ്റാണ് നഷ്ടപ്പെടുത്തിയത്. ഇടക്കിടെ മഴ വില്ലനായെത്തിയതോടെ കളി നിര്‍ത്തിവയ്‌ക്കേണ്ടി വന്നെങ്കിലും മഴ മാറിയതോടെ വീണ്ടും തുടര്‍ന്നു. 14 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 34 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. 14 റണ്‍സുമായി ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും 7 റണ്‍സുമായി അജങ്ക്യ രഹാനെയുമാണ് ക്രീസിലുള്ളത്. ഇന്ത്യക്ക് ഇനി ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയില്‍ മാത്രമാണ് പ്രതീക്ഷ.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ മുരളി വിജയിയുടെ വിക്കറ്റ് നഷ്ടമായി. ജയിംസ് ആന്‍ഡേഴ്‌സണ്‍ എറിഞ്ഞ ആദ്യ ഓവറിന്റെ അവസാന പന്തില്‍ റണ്ണൊന്നുമെടുക്കാതെ ക്ലീന്‍ബൗള്‍ഡായാണ് മുരളി വിജയ് മടങ്ങിയത്. പിന്നാലെ ഓപ്പണര്‍ ലോകേഷ് രാഹുലിനെയും ആന്‍ഡേഴ്‌സണ്‍ മടക്കി.
14 പന്തില്‍ രണ്ട് ഫോറുകളോടെ എട്ട് റണ്‍സെടുത്ത രാഹുലിനെ ഏഴാം ഓവറില്‍ വിക്കറ്റ് കീപ്പര്‍ ജോണി ബൈര്‍സ്സോയുടെ കൈകളിലെത്തിച്ചാണ് ആന്‍ഡേഴ്‌സണ്‍ ഇന്ത്യക്ക് രണ്ടാം ഷോക്ക് നല്‍കിയത്. പിന്നാലെ ഇന്ത്യയുടെ വന്മരമെന്ന് വിളിപ്പേരുള്ള പൂജാരയും പവലിയനിലേക്കെത്തിയതോടെ ഇന്ത്യ ആദ്യ ദിനം തകര്‍ച്ചാ ഭീക്ഷണിയിലായി. 25 പന്ത് നേരിട്ട് ഒരു റണ്‍സെടുത്ത പൂജാരയെ നേരിട്ടുള്ള ത്രോയില്‍ ഒല്ലി പോപ് റണ്‍ഔട്ട് ആക്കുകയായിരുന്നു.

 

ധവാനും ഉമേഷും പുറത്ത് കുല്‍ദീപും പൂജാരയും അകത്ത്

കഴിഞ്ഞ മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാതെ വന്നതിനാല്‍ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ശിഖര്‍ ധവാനെയും പേസ്ബൗളര്‍ ഉമേഷ് യാദവിനെയും പുറത്തിരുത്തിയാണ് ഇന്ത്യന്‍ ടീം രണ്ടാം ടെസ്റ്റ് മത്സരത്തിനിറങ്ങിയത്. പകരം ചേതേശ്വര്‍ പൂജാരയും സ്പിന്‍ ബൗളര്‍ കുല്‍ദീപ് യാദവും ടീമില്‍ ഇടംപിടിച്ചു. പക്ഷേ പൂജാരക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. ഇംഗ്ലണ്ടും രണ്ട് മാറ്റങ്ങളുമായാണ് രണ്ടാം ടെസ്റ്റിനെത്തിയത്. ഡേവിഡ് മാലന് പകരം ഒലി പോപ്പും ബെന്‍ സ്റ്റോക്‌സിന് പകരം ക്രിസ് വോക്‌സും ടീമില്‍ ഇടംപിടിച്ചു.

ടീം

ഇന്ത്യ: മുരളി വിജയ്, ലോകേഷ് രാഹുല്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്‌ലി, അജിങ്ക്യ രഹാനെ, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, രവിചന്ദ്രന്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ്മ. ഇംഗ്ലണ്ട്: അലിസ്റ്റര്‍ കുക്ക്, കീറ്റണ്‍ ജെന്നിങ്‌സ്, ജോ റൂട്ട്, ഒല്ലി പോപ്, ജോണി ബൈര്‍‌സ്റ്റോ, ജോസ് ബട്‌ലര്‍, ക്രിസ് വോക്‌സ്, സാം കറന്‍, ആദില്‍ റാഷിദ്, സ്റ്റുവാര്‍ട് ബ്രോഡ്, ജെയിംസ് ആന്‍ഡേഴ്‌സണ്‍.

 

 

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.