2018 August 14 Tuesday
വിദ്വാനായിരിക്കുന്നത് കുറ്റമാവുന്നിടത്ത് അജ്ഞത അനുഗ്രഹമാണ്
തോമസ് ഗ്രേ

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് ഇംഗ്ലണ്ട് 9ന് 285 അശ്വിന് 4 വിക്കറ്റ്

ബെര്‍മിങ്ഹാം: തങ്ങളുടെ 1000ാമത്തെ ടെസ്റ്റ് മത്സരത്തിനിറങ്ങിയ ഇംഗ്ലണ്ടിനെ ഇന്ത്യന്‍ ബോളര്‍മാര്‍ എറിഞ്ഞൊതുക്കി. ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സെടുക്കാനെ ഇംഗ്ലണ്ടിന് കഴിഞ്ഞുള്ളൂ. 

ഓള്‍ റൗണ്ടര്‍ സാം കുറാനും (24) ജയിംസ് ആന്‍ഡേഴ്‌സണുമാണ് (0) ക്രീസില്‍. ക്യാപ്റ്റന്‍ ജോ റൂട്ടിന്റെയും (80) ജോണി ബൈര്‍സ്‌റ്റോവിന്റെയും (70) അര്‍ധ സെഞ്ച്വറികളാണ് ഇംഗ്ലണ്ടിനെ ഒരു വലിയ വീഴ്ചയില്‍ നിന്ന് കരകയറ്റിയത്. ഒരു ഘട്ടത്തില്‍ 113 റണ്‍സ് ചേര്‍ക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട ഇംഗ്ലണ്ടിനെ ക്യാപ്റ്റന്‍ ജോ റൂട്ടും ജോണി ബൈര്‍സ്‌റ്റോവും നാലാം വിക്കറ്റില്‍ കൈപിടിച്ചുയര്‍ത്തുകയായിരുന്നു. 156 പന്തുകള്‍ നേരിട്ട ജോറൂട്ട് ഒന്‍പത് ഫോറുകളുടെ ബലത്തിലാണ് 80 റണ്‍സ് നേടിയത്.
സ്‌കോര്‍ 216ല്‍ നില്‍ക്കെ ഇന്ത്യന്‍ കോഹ്‌ലി ജോ റൂട്ടിനെ റണ്‍ഔട്ടാക്കുകയായിരുന്നു. ഇംഗ്ലണ്ട് സ്‌കോര്‍ 216 ല്‍ നില്‍ക്കെ 88 പന്തില്‍ 70 റണ്‍സ് നേടിയ ജോണി ബൈര്‍‌സ്റ്റോവിനെ ഉമേഷ് യാദവും പവലിയനിലേക്കയച്ചു. പിന്നീടെത്തിയ ജോസ് ബട്‌ലറെ റണ്‍സെടുക്കുന്നതിന് മുന്‍പേ വിക്കറ്റിനു മുന്നില്‍ കുരുക്കി അശ്വിന്‍ ഇന്ത്യക്ക് പ്രതീക്ഷ നല്‍കി. 60 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ അശ്വിനും 64 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയുമാണ് ഇന്ത്യക്ക് ഒന്നാംദിനം പ്രതീക്ഷകള്‍ നല്‍കിയത്. ഉമേഷ് യാദവും ഇഷാന്ത് ശര്‍മയും ഒരു വിക്കറ്റ് വീഴ്ത്തി. ഇംഗ്ലണ്ടിന് വേണ്ടി കീറ്റണ്‍ ജെന്നിങ്‌സ് (42), ബെന്‍ സ്‌റ്റോക്‌സ് (21), അലസ്‌റ്റൈര്‍ കുക്ക് (13), ഡേവിഡ് മലന്‍ (8), ആദില്‍ റാഷിദ് (13) റണ്‍സെടുത്തു.

 

6000 റണ്‍സ് സ്വന്തമാക്കി ജോ റൂട്ട്

ഏറ്റവും കുറഞ്ഞ ദിവസത്തിനുള്ളില്‍ 6000 ടെസ്റ്റ് റണ്‍സ് തികച്ച താരമെന്ന റെക്കോര്‍ഡ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് സ്വന്തമാക്കി. അഞ്ച് വര്‍ഷവും 231 ദിവസവും പിന്നിട്ടാണ് താരം 6000 റണ്‍സ് സ്വന്തമാക്കിയത്. ഇംഗ്ലണ്ട് താരം അലൈസ്റ്റര്‍ കുക്കാണ് ( 5 വര്‍ഷം 339 ദിവസം) രണ്ടാം സ്ഥാനത്ത്. കെവിന്‍ പീറ്റേഴ്‌സനാണ് (6 വര്‍ഷം) നാലാം സ്ഥാനത്ത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.