2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഇന്ത്യ- ആസ്‌ത്രേലിയ ആദ്യ ഏകദിനം ഇന്ന് ഇനിയാണ് കളി

 

 

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെയും ദക്ഷിണാഫ്രിക്കയെയും നേരിട്ട് അനായാസം പരമ്പര സ്വന്തമാക്കിയ ഇന്ത്യക്ക് ഇനി അഗ്നിപരീക്ഷ. ബദ്ധവൈരികളായ ആസ്‌ത്രേലിയയുമായുള്ള ആദ്യ ഏകദിന ക്രിക്കറ്റ് ഇന്ന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ നടക്കും. ഉച്ചയ്ക്ക് 1.30നാണ് മത്സരം. മത്സരത്തിന് മഴ ഭീഷണിയില്ല.
കഴിഞ്ഞ പരമ്പരകളില്‍ അപരാജിതരായ ഇരുടീമും ബാറ്റിങ് പിച്ചായ വാങ്കഡെയില്‍ കൊമ്പുകോര്‍ക്കുമ്പോള്‍ വെടിക്കെട്ട് പോരാട്ടം തന്നെ പ്രതീക്ഷിക്കാം.
ഈ വര്‍ഷം ആദ്യം കളിച്ച ശ്രീലങ്കയ്‌ക്കെതിരേയുള്ള ടി20 പരമ്പര അനായാസം സ്വന്തമാക്കിയാണ് കോഹ്‌ലിയും സംഘവും കംഗാരുക്കൂട്ടത്തിനു മുന്നിലെത്തുന്നത്. അതേസമയം, ശ്രീലങ്കയെയും പാകിസ്താനെയും കീഴ്‌പ്പെടുത്തിയാണ് ആസ്‌ത്രേലിയയുടെ വരവ്.
കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടന്ന ഏകദിന, ടി20 പരമ്പരകളില്‍ ഓസീസിനോട് നേരിട്ട പരാജയത്തിന് കണക്കുതീര്‍ക്കാനുറച്ചാവും ഇന്ത്യന്‍ പട മണ്ണിലിറങ്ങുന്നത്. അഞ്ചു മത്സരങ്ങളുടെ ഏകദിന പരമ്പര 2-3നാണ് ഇന്ത്യ കൈവിട്ടത്. തുടര്‍ന്നു നടന്ന രണ്ടു മത്സരങ്ങളുടെ ടി20 പരമ്പരയും തൂത്തുവാരി ഓസീസ് ഇന്ത്യയെ നാണംകെടുത്തിയിരുന്നു. ഇരുടീമും മൂന്ന് ഫോര്‍മാറ്റിലും ഒന്നിനൊന്ന് മെച്ചം. യുവതാരങ്ങളുടെ നിറകുടമായ ഇന്ത്യന്‍ ടീമില്‍ ഷമിയും ബുംറയും തിരിച്ചെത്തിയതും ടീമിന് ആത്മവിശ്വാസം പകരുന്നു.
ഇരുവരെയും കൂടാതെ, സൈനിയും ശര്‍ദുല്‍ താക്കൂറും കൂടി വരുന്നതോടെ ഇന്ത്യന്‍ ബൗളിങ് നിര സുശക്തം. ബാറ്റിങ്ങില്‍ കോഹ്‌ലിയും രോഹിത് ശര്‍മയും ശിഖര്‍ ധവാനും രാഹുലുമാണ് തുരുപ്പുചീട്ട്. അതേസമയം, ഓപ്പണിങ്ങില്‍ വൈസ് ക്യാപ്റ്റനായ രോഹിത് ശര്‍മ തിരിച്ചെത്തിയതോടെ ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍ ഇവരില്‍ ആരെ ഓപ്പണറാക്കുമെന്നതാണ് ടീമിനെ പുകയ്ക്കുന്നത്.
ഈയിടെ ഇറങ്ങിയ മത്സരങ്ങളിലെല്ലാം തകര്‍ത്താടിയ രാഹുലിനെ അന്തിമ ഇലവനില്‍ തന്നെ നിര്‍ത്തിയേക്കും. അങ്ങനെയെങ്കില്‍ ധവാന്‍ പുറത്തിരിക്കേണ്ടി വരും. നിലവില്‍ രോഹിത്തിന്റെ ഓപ്പണിങ് സ്ഥാനം മാത്രമേ ഉറപ്പുള്ളൂ.
കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ പര്യടനം നടത്തി പരമ്പരയുമായി തിരിച്ചതിനേക്കാള്‍ ശക്തമായ ടീമുമായാണ് ഇത്തവണ ഓസീസിന്റെ വരവ്. സൂപ്പര്‍ താരങ്ങളായ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച് എന്നിവര്‍ക്കൊപ്പം ബാറ്റിങ് സെന്‍സേഷന്‍ മാര്‍നസ് ലബുഷെയ്ന്‍ കൂടി ഇറങ്ങുന്നതോടെ ഇന്ത്യക്കെതിരേ മേല്‍ക്കൈ നേടാന്‍ ഓസീസിന് എളുപ്പം. ഇന്നിറങ്ങിയാല്‍ ഏകദിനത്തില്‍ ലബുഷെയ്‌ന്റെ അരങ്ങേറ്റമാവും ഇത്. പേരുകേട്ട ഇന്ത്യന്‍ ബാറ്റിങ്ങിനെ പിഴുതെറിയാന്‍ പാറ്റ് കമ്മിന്‍സ്, മിച്ചെല്‍ സ്റ്റാര്‍ക്ക് എന്നിവരടങ്ങുന്ന ശക്തമായ ബൗളിങ് നിരയെയും ഓസീസ് കരുതിവച്ചിട്ടുണ്ട്.
അതേസമയം, ഡേ നൈറ്റ് പരമ്പരയായതിനാല്‍ മഞ്ഞു വീഴ്ചയെ പ്രതിരോധിക്കാന്‍ പുതിയ പരിശീലനവുമായാണ് ഫിഞ്ച് പടയുടെ തയാറെടുപ്പ്. ഇതിനായി ജസ്റ്റിന്‍ ലാങ്ങറിന്റെ അഭാവത്തില്‍ സഹകോച്ച് ആന്‍ഡ്രു മക്‌ഡൊണാള്‍ഡ് ന നഞ്ഞ പന്തില്‍ ബാറ്റിങ് പരിശീലനം നല്‍കിയാണ് താരങ്ങളെ സജ്ജരാക്കിയിരിക്കുന്നത്. ന നഞ്ഞ പന്തില്‍ പരിശീലിക്കുന്നത് മഞ്ഞുവീഴ്ചയുടെ സമയത്തും പ്രശ്‌നങ്ങളില്ലാതെ കളിക്കാന്‍ ടീമിനെ സഹായിക്കുമെന്നാണ് ആസ്‌ത്രേലിയന്‍ സഹപരിശീലകന്‍ പറയുന്നത്.
സ്‌ക്വാഡ്:
ഇന്ത്യ: രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ശിവം ദുബെ, യുസ്‌വേന്ദ്ര ചഹല്‍, ഋഷഭ് പന്ത്, കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ, ശര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ.
ആസ്‌ത്രേലിയ: ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), ഡേവിഡ് വാര്‍ണര്‍, മാര്‍നസ് ലബുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, അലെക്‌സ് കാരി, ആഷ്ടണ്‍ ടേര്‍ണര്‍, ആഷ്ടണ്‍ ഏഗര്‍, പാറ്റ് കമ്മിന്‍സ്, മിച്ചെല്‍ സ്റ്റാര്‍ക്ക്, കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍, ആദം സാംപ, പീറ്റര്‍ ഹാന്‍്ഡ്‌സ്‌കോംപ്, ജോഷ് ഹാസില്‍വുഡ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.