2020 January 23 Thursday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

ഇന്ത്യയുടെ വിദേശനയവും അമേരിക്കയുടെ കുതന്ത്രവും

അഡ്വ. ജി. സുഗുണന്‍ 9847132428

 

സ്വാതന്ത്ര്യസമരകാലത്തു തന്നെ നമ്മുടെ വിദേശനയത്തിന്റെ അടിത്തറ പാകപ്പെട്ടിരുന്നു. അക്കാലങ്ങളില്‍ നടക്കുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അഖിലേന്ത്യാ സമ്മേളനങ്ങളില്‍ സാമ്രാജ്യ വിരുദ്ധ-ചേരിചേരാനയത്തില്‍ അതിഷ്ഠിതമായ വിദേശനയം ഉയര്‍ത്തിപ്പിടിച്ചിരുന്നു. സാമ്രാജ്യവിരുദ്ധ വിദേശനയം അക്കാലത്തെ ദേശീയനേതൃത്വം അപ്പാടെ അംഗീകരിച്ചിരുന്നു.

സ്വാതന്ത്ര്യാനന്തര കാലത്ത് നെഹ്‌റു മുതലുള്ള ദേശീയനേതാക്കള്‍ ഈ പ്രഖ്യാപിതനയത്തിലൂന്നിയാണു വിദേശനയം രൂപീകരിച്ചത്. ചൈനയുമായി ചേര്‍ന്നുള്ള പഞ്ചശീലതത്വങ്ങളുള്‍പ്പെടെ ഈ അടിത്തറയില്‍ രൂപം കൊടുത്തവയാണ്. ഇന്ദിരാഗാന്ധിവരെയുള്ള ഭരണാധികാരികള്‍ ഒരു പരിധിവരെ സാമ്രാജ്യവിരുദ്ധവും ചേരിചേരാനയത്തില്‍ അധിഷ്ഠിതവുമായ വിദേശനയമാണു നടപ്പാക്കിയത്. അടിയന്തരാവസ്ഥയ്ക്കുശേഷം അധികാരത്തിലേറിയ മൊറാര്‍ജി സര്‍ക്കാരും പിന്നീട് വി.പി സിങ് സര്‍ക്കാരും ഈ വിദേശനയം പിന്തുടര്‍ന്നു. വാജ്‌പേയ് സര്‍ക്കാരും കാതലായ മാറ്റമൊന്നും വരുത്തിയില്ല.
നിര്‍ഭാഗ്യവശാല്‍ നരസിംഹറാവു പ്രധാനമന്ത്രിയായപ്പോള്‍ ഇന്ത്യന്‍ വിദേശനയത്തിന്റെ അലകും പിടിയും മാറി. മന്‍മോഹന്‍ സിങ് ഇതു കുറേക്കൂടി തീവ്രമാക്കി. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഒന്നാം എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ഇന്ത്യയുടെ ഏറെ ശ്ലാഘിക്കപ്പെട്ട വിദേശനയത്തിന്റെ അടിത്തറ തോണ്ടി. പശ്ചിമേഷ്യന്‍ പ്രശ്‌നങ്ങളിലും ഫലസ്തീന്‍-ഇസ്രാഈല്‍ സംഘര്‍ഷങ്ങളിലുമെല്ലാം ഇതുവരെ ഇന്ത്യ പിന്തുടര്‍ന്ന വിദേശനയത്തില്‍ വെള്ളം ചേര്‍ക്കപ്പെട്ടു.

പല സാര്‍വദേശീയപ്രശ്‌നങ്ങളിലും സാമ്രാജ്യവിരുദ്ധസമീപനത്തിനു പകരം അമേരിക്കന്‍ സാമ്രാജ്യത്തോടു സന്ധി ചെയ്യുന്ന നിലപാടാണു മോദിസര്‍ക്കാര്‍ കൈക്കൊണ്ടത്. ഫലത്തില്‍ അമേരിക്കന്‍ ചേരിയിലുള്ള രാജ്യമാണ് ഇന്ത്യയെന്ന പ്രതീതിയുണ്ടായി.

മറ്റു രാജ്യങ്ങളുമായുള്ള വ്യാപാരബന്ധവും വിദേശനയത്തില്‍ അധിഷ്ഠിതമാണ്. ഇന്ത്യ അമേരിക്കയും റഷ്യയും ഫ്രാന്‍സും ചൈനയുമുള്‍പ്പെടെ വികസിതവും അവികസിതവുമായ വിവിധ രാജ്യങ്ങളുമായി നല്ല വ്യാപാരബന്ധമാണു നിലനിര്‍ത്തിയിരുന്നത്. ഇതിനിടയില്‍ ഇന്ത്യയുമായുള്ള വ്യാപാരബന്ധത്തില്‍ ചില ഉപരോധങ്ങള്‍ ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തി. റഷ്യയും ചൈനയുമായി ഇന്ത്യ വ്യാപാര ബന്ധം തുടരുന്നതിന്റെ പേരിലാണിതെന്നാണ് സംശയിക്കുന്നത്.

നീതീകരിക്കാനാവാത്ത ഈ ഉപരോധത്തിന്റെ പ്രത്യാഘാതമെന്ന നിലയില്‍ ഇന്ത്യയും അമേരിക്കയ്‌ക്കെതിരേ ചില വ്യാപാര ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി. ഇത്, അമേരിക്കയുമായുള്ള വ്യാപാരബന്ധത്തില്‍ സംഘര്‍ഷത്തിനിടയാക്കുകയും ചെയ്തു. ജപ്പാനില്‍ നടന്ന ജി 20 ഉച്ചകോടിക്കു മുന്നോടിയായി നടന്ന ട്രംപ്-മോദി ചര്‍ച്ചയിലൂടെ ഏതായാലും ഈ തര്‍ക്കത്തിന് പരിഹാരമുണ്ടായിരിക്കുന്നുവെന്നത് ആശ്വാസം.
വ്യാപാരം, സൈനികസഹകരണം, അഞ്ചാംതലമുറ സാങ്കേതിക വിദ്യ എന്നിവ ഈ കൂടിക്കാഴ്ചയില്‍ മുഖ്യ ചര്‍ച്ചാവിഷയമായി. ഇന്ത്യയെ അമേരിക്കയുടെ വ്യാപാര മുന്‍ഗണനാ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതും ചര്‍ച്ചയായി. വ്യാപാര മുന്‍ഗണനാ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതു പിന്‍വലിച്ചാല്‍ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ അമിത ഇറക്കുമതി തീരുവ കുറയ്ക്കാമെന്ന നിലപാട് ഇന്ത്യ സ്വീകരിച്ചതായാണു വിവരം.

കഴിഞ്ഞ വര്‍ഷം അമേരിക്ക വികസ്വര രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം പ്രോത്സാഹിപ്പിക്കുന്ന ജനറലൈസ്ഡ് സ്‌കീം ഓഫ് പ്രിഫറന്‍സ് പട്ടികയില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കുകയും സ്റ്റീല്‍, അലുമിനിയം തുടങ്ങിയ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കു നികുതി ഉയര്‍ത്തുകയും ചെയ്തിരുന്നു. ഇതിനു മറുപടിയായാണ് അവിടെ നിന്ന് ഇറക്കുമതി ചെയ്യുന്ന ബദാം, പയറുവര്‍ഗങ്ങള്‍ ഉള്‍പ്പെടെയുള്ള 28 ഉല്‍പ്പന്നങ്ങള്‍ക്ക് അധിക ഇറക്കുമതി തീരുവ ചുമത്താന്‍ ഇന്ത്യ തീരുമാനിച്ചത്.

വ്യാപാരമേഖലയിലെ തര്‍ക്കങ്ങള്‍ക്കു പുറമെ റഷ്യയില്‍ നിന്ന് ഇന്ത്യ എസ്-400 ഡ്രയംഫ് മിസൈല്‍ വാങ്ങുന്നതും ഇറാനെതിരേ യു.എസ് ഏര്‍പ്പെടുത്തിയ ഉപരോധം ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെ ബാധിച്ചതുമെല്ലാം ട്രംപ്-മോദി കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. എസ്-400 ഡ്രയംഫ് മിസൈല്‍ റഷ്യയില്‍ നിന്ന് ഇന്ത്യ വാങ്ങുന്നതില്‍ യു.എസിന് എതിര്‍പ്പുണ്ട്.

ജി-20 ഉച്ചകോടിക്കു മുന്നോടിയായി ട്രംപ് പരസ്യമായി വ്യാപാരത്തര്‍ക്കത്തിന്റെ പേരില്‍ ഇന്ത്യയെ ഭീഷണിപ്പെടുത്തുകയാണു ചെയ്തത്. കടുത്ത ഭീഷണിയുടെ സ്വരം തന്നെയായിരുന്നു ട്രംപിന്റെ പ്രസ്താവനയിലുണ്ടായിരുന്നത്. ഭയപ്പെടുത്തി ഇന്ത്യന്‍ ഭരണാധികാരികളെ സമ്മര്‍ദത്തിലാക്കുകയെന്ന തന്ത്രം തന്നെയാണിത്.

വ്യാപാരവാണിജ്യ ബന്ധങ്ങളില്‍ മുന്‍ഗണനാ പദവിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് അമേരിക്ക ഒഴിവാക്കിയത് ഇന്ത്യക്കു കനത്ത ആഘാതമായിരുന്നു. 630 കോടി ഡോളറിന്റെ ഉല്‍പ്പന്നങ്ങള്‍ തീരുവയില്ലാതെ അമേരിക്കയില്‍ ഇറക്കുമതി ചെയ്യാനുള്ള അവസരമാണ് ഇല്ലാതായത്. പ്രതിരോധ,സംഭരണ മേഖലയില്‍ അടക്കം ഇന്ത്യന്‍ വിപണി പൂര്‍ണമായും തുറന്നു കൊടുക്കണമെന്നതാണ് അമേരിക്കയുടെ ആവശ്യം.

1994 ലെ ഗാട്ട് കരാര്‍ വ്യവസ്ഥകളുടെ നഗ്നമായ ലംഘനമാണിത്. അമേരിക്കന്‍ തീരുമാനത്തിനെതിരേ ലോക വ്യാപാര സംഘടനയുടെ ട്രിബ്യൂണലിനെ സമീപിക്കാന്‍ ഇന്ത്യക്ക് കഴിയുമായിരുന്നു. അതിനുള്ള ചങ്കൂറ്റം മോദിസര്‍ക്കാര്‍ കാട്ടിയില്ല. അമേരിക്കയില്‍ നിന്നു വന്‍തോതില്‍ എണ്ണ ഇറക്കുമതി ചെയ്യണമെന്ന ആവശ്യത്തിനു വഴങ്ങുകയും അമേരിക്കയെ ഭയന്ന് ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി പകുതിയായി വെട്ടിക്കുറയ്ക്കുകയും ചെയ്തു.

ലോകസാമ്രാജ്യത്വത്തിനും അതിന്റെ നേതൃത്വത്തിലുള്ള അമേരിക്കയ്ക്കും ഒഴിയജന്‍ഡയുണ്ട്. ഇന്ത്യയുള്‍പ്പെടെയുള്ള വികസ്വര, അവികസിത രാജ്യങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കു പുല്ലുവില പോലും അമേരിക്ക നല്‍കുന്നില്ല. അവരുടെ വ്യാപാര താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന രാജ്യമായും ആയുധക്കച്ചവടത്തിനുള്ള വന്‍ വിപണിയായും ഇന്ത്യയെ മാറ്റുകയെന്നതു മാത്രമാണ് അമേരിക്കന്‍ ലക്ഷ്യം.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.