2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

ഇന്ത്യയുടെ അഞ്ച് യുദ്ധകപ്പലുകളുടെ ഗള്‍ഫ് സന്ദര്‍ശനം ഇന്നു തുടങ്ങും

അബ്ദുസ്സലാം കൂടരഞ്ഞി

ദമ്മാം: ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അഞ്ചു ഇന്ത്യന്‍ യുദ്ധകപ്പലുകള്‍ ഗള്‍ഫ് സന്ദര്‍ശനത്തിന്. ഗള്‍ഫ് മേഖലയിലെ പ്രധാന രാജ്യങ്ങളിലും നടത്തുന്ന സന്ദര്‍ശനത്തിന് ഇന്നു തുടക്കമാകും.

ഇന്ത്യയുടെ മിസൈല്‍ നശീകരണ കപ്പലുകളായ ഐ.എന്‍.എസ് ദല്‍ഹി, ഐ.എന്‍.എസ് തര്‍ക്കാശ്, ഐ.എന്‍.എസ് തിക്രത്, മിസൈല്‍ വാഹകകപ്പല്‍ ഐ.എന്‍.എസ് ഗംഗ, ടാങ്കര്‍ കപ്പല്‍ ഐ.എന്‍.എസ് ദീപക് എന്നീ യുദ്ധകപ്പലുകളാണ് സന്ദര്‍ശനത്തിനൊരുങ്ങുന്നത്. കുവൈത്ത്, ഒമാന്‍, യു.എ.ഇ, ബഹ്‌റിന്‍ എന്നീ രാജ്യങ്ങളുമായുള്ള സൗഹൃദ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ഇന്ത്യയുടെ പടിഞ്ഞാറന്‍ കപ്പല്‍ പടയിലെ യുദ്ധകപ്പലുകള്‍ എത്തുന്നത്.

മെയ് മൂന്നിന് ദുബായിലേക്ക് തിരിക്കുന്ന കപ്പല്‍ മൂന്നുദിവസത്തില്‍ ശേഷം അവിടെ നിന്നു പുറപ്പെട്ട് 12 ന് കുവൈത്തിലെത്തും. തുടര്‍ന്ന് ബഹ്‌റിന്‍, ഒമാന്‍ സന്ദര്‍ശനത്തിനു ശേഷം 28ന് മുംബൈയില്‍ തിരിച്ചെത്തും.

ഇതേ കാലയളവില്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സിലെ സുഖോയ് 300 യുദ്ധവിമാനവും ആകാശത്ത് നിന്നു ഇന്ധനം നിറക്കാവുന്ന ഐ.എല്‍ എയര്‍ക്രാഫ്റ്റും ദുബായ് സന്ദര്‍ശിക്കുന്നുണ്ട്. ഗള്‍ഫിലെ തന്ത്രപ്രധാനമായ രാജ്യങ്ങളുമായി ബന്ധം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. അന്താരാഷ്ട്ര കപ്പല്‍ ചാലുകളടക്കം തന്ത്രപ്രധാന കടല്‍ മേഖല ഉള്‍കൊള്ളുന്നതാണ് ഗള്‍ഫ് മേഖലയിലെ കടലുകള്‍.

കഴിഞ്ഞവര്‍ഷം യമനിലെ കടുത്ത സംഘര്‍ഷത്തിനിടെ വിദേശികളുള്‍പ്പെടെ അയ്യായിരത്തോളം ആളുകളെ രക്ഷിച്ച ഇന്ത്യന്‍ നാവികസേനയുടെ ധീരമായ നടപടിയെ ഗള്‍ഫ് രാജ്യങ്ങളുള്‍പ്പെടെ വിദേശ രാജ്യങ്ങള്‍ പ്രശംസിച്ചിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.