2018 September 25 Tuesday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങുന്നവര്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ
സോക്രട്ടീസ്

ഇന്ത്യയിലെ മികച്ച ആശുപത്രികള്‍ക്കുള്ള അംഗീകാരം കേരളത്തിന്

 

തിരുവനന്തപുരം: രാജ്യത്തെ മികച്ച സര്‍ക്കാര്‍ ആശുപത്രികളായി ചാലക്കുടി താലൂക്ക് ആശുപത്രിയെയും നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തെയും തെരഞ്ഞെടുത്തതായി മന്ത്രി കെ.കെ ശൈലജ അറിയിച്ചു.
നാഷനല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ്(എന്‍.ക്യൂ.എ.എസ്.) പ്രകാരം നടന്ന പരിശോധനയിലാണ് ചാലക്കുടി താലൂക്ക് ആശുപത്രി 98.07 ശതമാനം മാര്‍ക്ക് നേടി രാജ്യത്തെ ഏറ്റവും നല്ല സബ്ജില്ലാ ആശുപത്രിയായി മാറിയത്. 98 ശതമാനം മാര്‍ക്ക് നേടിയ നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം രാജ്യത്തെ ഏറ്റവും നല്ല പ്രാഥമിക ആരോഗ്യ കേന്ദ്രമായി മാറി. ഇതുകൂടാതെ കാസര്‍കോട് ജില്ലയിലെ പനത്തടി സാമൂഹ്യ ആരോഗ്യ കേന്ദ്രം, കണ്ണൂര്‍ ജില്ലയിലെ നഗര പ്രാഥമിക ആരോഗ്യ കേന്ദ്രമായ മൈതാനപ്പള്ളി എന്നിവയ്ക്കും നാഷനല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് അക്രഡിറ്റേഷന്‍ ലഭിച്ചു. ഇതോടെ സംസ്ഥാനത്തെ നാഷനല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് ലഭിക്കുന്ന ആശുപത്രികളുടെ എണ്ണം 13 ആയി. ഈ വര്‍ഷം കേരളത്തിലെ എഴുപതോളം സര്‍ക്കാര്‍ ആശുപത്രികളാണ് നാഷനല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡിനായി തയാറെടുത്തു കൊണ്ടിരിക്കുന്നത്.
അന്താരാഷ്ട്ര ഏജന്‍സിയായ ഐ.എസ്.ക്യു.യു.എ അംഗീകരിച്ച മാനദണ്ഡങ്ങള്‍ ഉപയോഗിച്ചാണ് എന്‍.ക്യൂ.എ.എസ്. അക്രഡിറ്റേഷന്‍ നല്‍കുന്നത്. ഏകദേശം 6000ത്തോളം ചികിത്സ, സുരക്ഷാ, ശുചിത്വ, മാനദണ്ഡങ്ങള്‍ വിലയിരുത്തിയാണ് എന്‍.ക്യൂ.എ.എസ്. അക്രഡിറ്റേഷന്‍ നല്‍കുന്നത്. ഇക്കഴിഞ്ഞ ജൂണ്‍, ജൂലൈ മാസങ്ങളില്‍ നടന്ന പരിശോധനയുടെ ഫലമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. എന്‍.ക്യൂ.എ.എസ്. ലഭിക്കുന്ന ആശുപത്രികള്‍ക്ക് സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി വര്‍ഷം തോറും പ്രത്യേക ധനസഹായം ദേശീയ ആരോഗ്യ ദൗത്യം മുഖേന കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.