2019 August 25 Sunday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

ഇന്ത്യന്‍ ഹാജിമാര്‍ നാളെ മുതല്‍ മക്കയിലേക്ക് തിരിക്കും

അബ്ദുസ്സലാം കൂടരഞ്ഞി

മദീന: ഈ വര്‍ഷത്തെ ഹജ്ജിനായി മദീനയില്‍ എത്തിയ ഇന്ത്യന്‍ തീര്‍ഥാടകരുടെ മക്ക യാത്രക്ക് നാളെ തുടക്കമാകും. ഇന്ത്യയില്‍നിന്നു ആദ്യ ദിനത്തില്‍ മദീനയില്‍ എത്തിച്ചേര്‍ന്ന തീര്‍ഥാടക സംഘമാണ് നാളെ മക്കയിലേക്ക് തിരിക്കുന്നത്. തൊട്ടടുത്ത ദിവസങ്ങളിലായി മദീനയില്‍ എത്തിച്ചേര്‍ന്ന ഹാജിമാര്‍ യഥാക്രമം മക്കയിലേക്കു തിരിക്കും. മലയാളി ഹാജിമാരുടെ മദീനായാത്രയ്ക്ക് പതിനാറിനാണ് തുടക്കമാവുക.
ന്യൂഡല്‍ഹിക്ക് പുറമെ ഗയ, ശ്രീനഗര്‍, ഗുവാഹത്തി എന്നിവിടങ്ങളില്‍ നിന്നായി ആദ്യ ദിനത്തില്‍ എത്തിച്ചേര്‍ന്ന തീര്‍ഥാടകരാണ് ആദ്യ ദിനങ്ങളിലെ മക്ക സര്‍വിസുകളില്‍ പുറപ്പെടുക. ഏഴാം തിയതി മുതല്‍ മദീനയില്‍ എത്തിച്ചേര്‍ന്ന ഹജ്ജ് സംഘത്തിന്റെ മക്ക സന്ദര്‍ശനം അടുത്തയാഴ്ച മുതലായിരിക്കും. മദീനയില്‍ എത്തിച്ചേര്‍ന്ന ഇന്ത്യന്‍ ഹാജിമാരുടെ പാസ്‌പോര്‍ട്ടുകള്‍ മുത്വവ്വിഫിനു കീഴില്‍ സൂക്ഷിച്ചിരിക്കുകയാണ്. മദീന വിമാനത്താവളത്തില്‍നിന്നു താമസ സ്ഥലത്തേക്ക് പുറപ്പെട്ട ബസുകളിലെ നാല്‍പ്പതിലധികം ഹാജിമാരുടെ സംഘത്തിന്റെ പാസ്‌പോര്‍ട്ടുകള്‍ എന്ന രീതിയില്‍ തരം തിരിച്ചാണുവച്ചിരിക്കുന്നത്. ഇതേപ്രകാരം തന്നെയായിരിക്കും മദീനയില്‍നിന്നു മക്കയിലേക്കുള്ള ബസ് സര്‍വിസുകളിലും സംവിധാനം നടത്തിയിരിക്കുന്നത്.

മദീനയില്‍നിന്നു പുറപ്പെടും മുന്‍പ് ഇവര്‍ക്കു പാസ്‌പോര്‍ട്ടുകള്‍ കൈമാറും. മികച്ച ബസുകളാണ് മക്കയാത്രക്കായി ഒരുക്കിയിരിക്കുന്നത്. മക്കയിലെത്തുന്ന ഇന്ത്യന്‍ ഹാജിമാര്‍ക്ക് ഹജ്ജ് മിഷന്റെ നേതൃത്വത്തില്‍ വിപുലമായ സംവിധാനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇവരുടെ താമസ കേന്ദ്രങ്ങളും ആരോഗ്യ സംരക്ഷണത്തിനുള്ള കേന്ദ്രങ്ങളും സജ്ജമാണ്.
ഇതോടൊപ്പം ഏതു അടിയന്തര സാഹചര്യങ്ങളിലും ഹാജിമാര്‍ക്കായി സേവനം ചെയ്യാനുള്ള സംഘവും ഹജ്ജ് മിഷനു കീഴില്‍ പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്.
വിവിധ മലയാളി സംഘങ്ങളുടെ കീഴില്‍ ഹജ്ജ് സേവക സംഘങ്ങളും മദീനയിലുണ്ട്. കടുത്ത ചൂടാണ് ഇവിടെ അനുഭവപ്പെടുന്നതെന്നതിനാല്‍ എല്ലാ സഹായത്തിനും പ്രവര്‍ത്തകര്‍ സദാ സമയവും സജ്ജമാണ്. വിഖായ സന്നദ്ധ സേവക സംഘത്തിന് കീഴില്‍ പ്രത്യേക മെഡിക്കല്‍ സംഘവും മക്കയില്‍ സഹായത്തിനായി രംഗത്തുണ്ട്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News

Trending News