2019 July 20 Saturday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ഇന്ത്യന്‍ ഹാജിമാര്‍ ഇന്ന് മിനയോട് വിടപറയും

അബ്ദുസ്സലാം കൂടരഞ്ഞി

മക്ക: ത്യഗോജ്ജ്വലമായ സ്മരണ പുതുക്കി ഈ വര്‍ഷത്തെ ഹജ്ജിനു സമാപനമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇരുപത്തി മൂന്നര ലക്ഷം തീര്‍ത്ഥാടകര്‍ സമ്മേളിച്ച ഹജ്ജില്‍ വ്യാഴാഴ്ച്ചയോടെ പകുതിയിലധികം ഹാജിമാരും മിനായില്‍ നിന്നും വിടപറഞ്ഞെങ്കിലും ബാക്കിയുള്ളവര്‍ ഇന്ന് വൈകുന്നേരത്തോടെ പൂര്‍ണമായും കര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചു മിനായില്‍ നിന്നും മടങ്ങും.

മിനായില്‍ നിന്നും മടങ്ങിയ ഹാജിമാരില്‍ ആഭ്യന്തര തീര്‍ഥാടകര്‍ വിദാഇന്റെ ത്വവാഫിന് ശേഷം മദീന സന്ദര്‍ശനവും കഴിഞ്ഞു സ്വദേശങ്ങളില്‍ എത്തിച്ചേര്‍ന്നു.

വിദേശ ഹാജിമാരില്‍ മുന്‍പ് മദീന സന്ദര്‍ശനം നടത്താത്തവര്‍ മദീനയിലേക്കും പ്രവാചക ഖബറിടം സന്ദര്‍ശിച്ചവര്‍ സ്വദേശങ്ങളിലേക്കുമുള്ള യാത്രാ ഒരുക്കത്തിലാണ്. വിദേശ ഹാജിമാര്‍ ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹജ്ജ് ടെര്‍മിനല്‍ വഴിയും മദീന വിമാനത്താവള ഹജ്ജ് ടെര്‍മിനല്‍ വഴിയുമാണ് യാത്ര തിരിക്കുക.

ഇന്ത്യയില്‍ നിന്നെത്തിയ ഭൂരിഭാഗം ഹാജിമാരും ഇന്നാണ് മിനായില്‍ നിന്നും യാത്ര പറയുക. ഇന്നലെ നല്ലൊരു ശതമാനം ഹാജിമാരും യാത്ര തിരിക്കുന്നതിനാല്‍ ഉണ്ടായേക്കാവുന്ന തിരക്ക് പരിഗണിച്ചാണ് ഹജ്ജ് കമ്മിറ്റി വഴിയെത്തിയ ഹാജിമാരോട് മിനയില്‍ താങ്ങാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഇവര്‍ ഇന്ന് വൈകീട്ടോടെ മിനായില്‍ നിന്നും തിരിക്കും. ഇന്ത്യന്‍ തീര്‍ഥാടകര്‍ തിങ്കളാഴ്ച്ച മുതല്‍ മടക്ക യാത്ര ആരംഭിക്കും. ആദ്യമാദ്യം പുണ്യ ഭൂമിയില്‍ വന്നിറങ്ങിയ ഹാജിമാരില്‍ മദീന സന്ദര്‍ശനം കഴിഞ്ഞവരാണ് മടക്കയാത്രക്കുള്ള ഒരുക്കങ്ങള്‍ നടത്തുന്നത്.

ബാക്കിയുള്ളവര്‍ മദീന സന്ദര്‍ശനത്തിനായുള്ള ഒരുക്കത്തിലാണ്. മദീന വിമാത്താവളം വഴിയെത്തിയവര്‍ ജിദ്ദയില്‍ നിന്നും ജിദ്ദ വിമാനത്താവളം വഴിയെത്തിയവര്‍ മദീനയില്‍ നിന്നുമാണ് യാത്ര തിരിക്കുക.

ഇതിനിടെ നടന്ന ജംറകളിലെ കല്ലേറ് കര്‍മ്മങ്ങള്‍ സമാധാന പരമായാണ് നടന്നത്. മൂന്നാം ദിനമായ ഇന്നലെ കല്ലേറ് കര്‍മ്മം പൂര്‍ത്തിയാക്കി ലക്ഷക്കണക്കിന് ഹാജിമാര്‍ വിടവാങ്ങല്‍ ത്വവാഫിനായി മക്കയില്‍ എത്തിയതിനെ തുടര്‍ന്ന് കനത്ത തിരക്കാണ് മക്കയില്‍ അനുഭവപ്പെട്ടത്.

കനത്ത സുരക്ഷയാണ് മക്കയില്‍ ഏര്‍പ്പെടുത്തിയിരുന്നത്. വിടവാങ്ങല്‍ ത്വവാഫിന് ശേഷമാണ് ഹാജിമാര്‍ മക്കയില്‍ നിന്നും താമസ സ്ഥലത്തേക്കും അവിടെ നിന്നും സ്വദേശങ്ങളിലേക്കും മടങുന്നത്.

അതേസമയം, ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ പൂര്‍ണമായും സമാധാന പരമായി അവസാനിച്ചതിനെ സന്തോഷത്തിലാണ് സഊദി ഭരണകൂടം.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു തീര്‍ഥാടകര്‍ ഒഴുകിയെത്തിയെങ്കിലും യാതൊരു പ്രയാസവും കൂടാതെ മുഴുവന്‍ കര്‍മ്മങ്ങളും സുഗമമായി നടത്താന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യത്തിലാണ് സഊദി ഹജ്ജ് ഉംറ മന്ത്രാലയവും മക്ക അതോറിറ്റിയും. വിവിധ വിഭാഗങ്ങള്‍ ഹജ്ജിനു ശേഷം ഇക്കാര്യം വ്യക്തമാക്കി വാര്‍ത്താ സമ്മേളനം നടത്തിയാണ് സന്തോഷം പങ്കുവെച്ചത്.

മക്ക അമീറും സഊദി കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരനും മിനയില്‍ വാര്‍ത്താ സമ്മേളനം നടത്തി ഹജ്ജ് പരിപൂര്‍ണവിജയമായിരുന്നുവെന്ന് വ്യക്തമാക്കി.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.