2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

ഇന്ത്യന്‍ ഹാജിമാരെ സ്വീകരിക്കാന്‍ മദീന ഒരുങ്ങി ആദ്യ സംഘം ഇന്നെത്തും

നിസാര്‍ കലയത്ത്

 

ജിദ്ദ: തീര്‍ഥാടനത്തിനെത്തുന്ന ഇന്ത്യന്‍ ഹാജിമാരെ സ്വീകരിക്കാന്‍ മദീനയില്‍ ഒരുക്കങ്ങളായി. ഇന്ത്യയില്‍ നിന്നുള്ള ആദ്യ സംഘം ഇന്നു സഊദി പ്രാദേശിക സമയം ഉച്ചക്ക് 2.50ന് മദീന പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവളത്തിലിറങ്ങും. 410 പേരാണ് സംഘത്തിലുള്ളത്.
ഡല്‍ഹിയില്‍ നിന്നുള്ള തീര്‍ഥാടകരാണ് ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം. ഇന്ത്യന്‍ അംബാസഡര്‍ അഹ്മദ് ജാവേദ്, കോണ്‍സണ്‍ ജനറല്‍ നൂര്‍ റഹ്മാന്‍ ശൈഖ് തുടങ്ങിയവര്‍ ചേര്‍ന്ന് ആദ്യ സംഘത്തെ സ്വീകരിക്കും.
ഇതിനു പുറമെ ഇന്ന് വിവിധ വിമാനങ്ങളിലായി 2700 ഓളം ഹാജിമാര്‍ ഇന്ത്യയില്‍ നിന്ന് മദീനയിലെത്തും.
മര്‍കിസിയയില്‍ മസ്ജിദുന്നബവിക്ക് സമീപം അല്‍ മുക്താര്‍ ഇന്റര്‍നാഷനല്‍ ബില്‍ഡിങിലാണ് ഇവര്‍ക്ക് താമസമൊരിക്കിയിരിക്കുന്നത്. മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ മികച്ച സൗകര്യങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നതെന്നും ഇന്ത്യന്‍ ഹജ്ജ് മിഷന്‍ പറഞ്ഞു. എട്ട് ദിവസമാണ് തീര്‍ഥാടകര്‍ മദീനയില്‍ താമസിക്കുക. ശേഷം ബസ് മാര്‍ഗം ഇവര്‍ മക്കയിലേക്ക് പോവും.
ഡല്‍ഹിക്ക് പുറമെ ഗയ, ഗുവാഹത്തി, വാരണാസി, ശ്രീനഗര്‍, ലഖ്‌നൗഎന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരും ആദ്യ ദിനം മദീനയിലെത്തും.
ജൂലൈ 29 നാണ് ജിദ്ദയിലേക്കുള്ള ആദ്യ വിമാനം. കേരളത്തില്‍ നിന്നുള്ള ആദ്യവിമാനം ഓഗസ്റ്റ് ഒന്നിന് കൊച്ചിയില്‍ നിന്നും ജിദ്ദയിലേക്കാണ്. ഓഗസ്റ്റ് 16 ന് ജയ്പൂരില്‍ നിന്നാണ് ഹജ്ജിനുള്ള അവസാന വിമാനമെത്തുക.
ഹറമിന്റെ വിവിധ ഭാഗങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നാല് ഓഫിസുകളാണ് മദീന ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഒരുക്കിയിരിക്കുന്നത്.
ഇന്ത്യയില്‍ നിന്ന് മദീന വിമാനത്താവളം വഴി എത്തുന്ന ഹാജിമാരുടെ സേവനങ്ങള്‍ക്കായി മെഡിക്കല്‍, അഡ്മിനിസ്‌ട്രേഷന്‍, സീസണല്‍ സ്റ്റാഫ് അടക്കം 200 ഓളം ജീവനക്കാരാണുള്ളത്. മസ്ജിദു അബൂദറിന് അടുത്തായാണ് പ്രധാന ഓഫിസും ഡിസ്‌പെന്‍സറിയും പ്രവര്‍ത്തിക്കുന്നത്.
ഓഫിസ് മര്‍കിസിയയിലുള്ള മര്‍കസ് ഇല്യാസ്, പോസ്റ്റ് ഓഫിസിനടുത്തുള്ള മര്‍കസ് ദഹബ, അല്‍ബെയ്കിനടുത്തുള്ള ഖസര്‍ ആദില്‍ എന്നിവിടങ്ങളിലാണ് മറ്റു ഓഫിസുകളുള്ളത്.
എയര്‍പോര്‍ട്ടില്‍ ഹാജിമാരെ സഹായിക്കല്‍, ഹറമില്‍ നിന്ന് വഴി തെറ്റിയവരെ സഹായിക്കല്‍, രോഗികളെ ആശുപത്രിയില്‍ എത്തിക്കല്‍, മക്കയിലേക്ക് ബസ് മാര്‍ഗം പുറപ്പെടുന്നതിനുള്ള ക്രമീകരണങ്ങള്‍, താമസസ്ഥലങ്ങളിലുള്ള സഹായം തുടങ്ങിയ കാര്യങ്ങളാണ് മിഷന്റെ മേല്‍നോട്ടത്തില്‍ നടക്കുക. ഇതിനു പുറമെ വിവിധ മലയാളി സന്നദ്ധ സംഘടനകളായ എസ്.കെ.എസ്.എസ്.എഫ് വിഖായ, കെ.എം.സി.സി തുടങ്ങിയവരും ഹാജ്ജിമാരുടെ സേവനത്തിനുണ്ടാകും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.