2019 May 24 Friday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

ഇന്ത്യന്‍ ഹാജിമാരുടെ എണ്ണം അര ലക്ഷം കവിഞ്ഞു; മലയാളിയടക്കം രണ്ടു ഹാജിമാര്‍ മരിച്ചു

അബ്ദുസ്സലാം കൂടരഞ്ഞി

മക്ക: പുണ്യ ഭൂമിയിലെത്തിയ ഇന്ത്യന്‍ ഹാജിമാരുടെ എണ്ണം അര ലക്ഷം കവിഞ്ഞു. ഇവരില്‍ പതിനായിരത്തിലധികം ഹാജിമാര്‍ മക്കയിലും ബാക്കിയുള്ളവര്‍ മദീനയിലുമാണ്.

മദീന വഴിയാണ് നിലവില്‍ ഇന്ത്യയില്‍ നിന്നും ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ഹാജിമാര്‍ എത്തിച്ചേരുന്നത്. ഏകദേശം 170 വിമാനങ്ങളിലായി ഡല്‍ഹി, ലക്‌നൗ, ശ്രീനഗര്‍, ഗുവാഹത്തി, ഗയ, കൊല്‍ക്കത്ത , വാരാണസി, മംഗലാപുരം എന്നീ എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് ഇത് വരെ എത്തിക്കൊണ്ടിരിക്കുന്നത്.

ഇന്ത്യയില്‍ നിന്നും ആകെ മൊത്തം 234 സര്‍വിസുകളാണ് മദീനയിലേക്ക് നടത്തുന്നത് . 67,302 യാത്രക്കാരാണ് മദീനയിലെത്തിച്ചേരുക. ഇതിനു ശേഷം ഇന്ത്യന്‍ ഹാജിമാരുടെ യാത്ര ജിദ്ദയിലേക്കായിരിക്കും.

മദീനയിലെത്തിയ ഹാജിമാരില്‍ ആദ്യ സംഘങ്ങളുടെ മക്ക യാത്ര പുരോഗമിക്കുകയാണ്. പതിനായിരത്തോളം ഹാജിമാരാണ് മദീനയില്‍ നിന്നും മക്കയിലെത്തിയത്. മക്കയിലെത്തിയ ഇന്ത്യന്‍ ഹാജിമാര്‍ക്ക് ഹജ്ജ് മിഷന്‍ ഒരുക്കിയ സൗകര്യങ്ങളില്‍ ഹാജിമാര്‍ സംതൃപ്തരാണ്.

ഇവര്‍ക്ക് ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഒരുക്കിയ മക്ക യാത്രാ സംവിധാനവും കെട്ടിട സൗകര്യങ്ങളും ഏറെ മികച്ചതാണെന്നും തങ്ങള്‍ സമ്പതൃപ്തരാണെന്നും ഹാജിമാര്‍ പ്രതികരിച്ചു.

മദീന മക്ക സര്‍വിസില്‍ കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായ മോശപ്പെട്ട സേവനത്തില്‍ നിന്നും പാഠം ഉള്‍കൊണ്ട ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഇത്തവണ ഏറ്റവും മുന്തിയ ഇനം ബസുകളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

മദീന യാത്ര ഏറ്റവും സുഖകരവും സന്തോഷകരവുമായിരുന്നുവെന്നു ഇന്ത്യന്‍ ഹാജിമാര്‍ ‘സുപ്രഭാതത്തോട്’ പറഞ്ഞു. മക്കയിലെത്തുന്ന ഹാജിമാര്‍ വിശ്രമ ശേഷം ഉംറ നിര്‍വഹിക്കാനായി പുറപ്പെടുകയാണ്. ശേഷം ഇവര്‍ ഉംറയിലും മറ്റു ആരാധനാ കര്‍മ്മങ്ങളിലുമായി ഹജ്ജ് സമയം തുടങ്ങുന്നത് വരെ ഇവിടെ തുടരും.

ഈ മാസം 29 മുതലാണ് ഇന്ത്യയില്‍ നിന്നുള്ള ഹാജിമാര്‍ ജിദ്ദ വിമാനത്താവളം വഴി മക്കയിലെത്തുക. കേരളത്തില്‍ നിന്നുള്ളവര്‍ ആഗസ്റ്റ് ഒന്നിനും എവിടെയെത്തും. ഇവരെ സ്വീകരിക്കാന്‍ ഹജ്ജ് മിഷന്‍ സംവിധാനങ്ങള്‍ മക്കയില്‍ പൂര്‍ണ്ണ സജ്ജമാണ്.

ഇതോടൊപ്പം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരുടെ വരവും ശക്തമായി. മദീന, ജിദ്ദ വിമാനത്താവളങ്ങള്‍ വഴിയാണ് വിദേശ രാജ്യങ്ങളിലെ ഹാജിമാര്‍ വ്യോമ മാര്‍ഗ്ഗം എത്തിക്കൊണ്ടിരിക്കുന്നത്.

അതേസമയം ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴിയെത്തിയ ഒരു ഹാജി കൂടി മരണപ്പെട്ടു. ജമ്മു കാശ്മീരില്‍ നിന്നുള്ള പപ്പി മഖാന്‍ ദിന്‍ (74) എന്ന ഹാജിയാണ് മദീനയില്‍ വെച്ച് മരണപ്പെട്ടത്.

ഇതോടെ ഹജ്ജ് കമ്മിറ്റി മുഖേനഎത്തിയ ഹാജിമാരില്‍ മരണപ്പെട്ടവരുടെ എണ്ണം രണ്ടായി. സ്വകാര്യ ഹജ്ജ് ഗ്രൂപ്പില്‍ മക്കയിലെത്തിയ മലയാളി ഹാജിയും കഴിഞ്ഞ ദിവസം മരിച്ചു. ഹജ്ജ് കമ്മിറ്റി വഴിയെത്തിയ ഒരു യുവതി കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു.

മലയാളി ഹാജി മക്കയില്‍ മരിച്ചു

മക്ക: സ്വകാര്യ ഹജ്ജ് സര്‍വിസില്‍ ഹജ്ജിനെത്തിയ മലയാളി തീര്‍ഥാടകന്‍ മക്കയില്‍ മരിച്ചു.

തിരൂര്‍ താനാളൂര്‍ സൈതലവി എന്ന ബാവയാണ് (67) മക്കയില്‍ ഹറം പള്ളിയില്‍ വെച്ച് മരണപ്പെട്ടത്.

അല്‍ഹിന്ദ് ഗ്രൂപ്പില്‍ ഭാര്യയോടൊപ്പം ഹജ്ജിനെത്തിയ ഇവര്‍ ദുഹ്ര്‍ നിസ്‌കാരം കഴിഞ്ഞു ഇരിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.

അല്‍ഹിന്ദ് ഹജ്ജ് സര്‍വിസില്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് മക്കയിലെത്തിയത്.

മയ്യത്ത് ഹറമിന് സമീപമുള്ള അജ്‌യാദ് ഹോപിറ്ററില്‍ സൂക്ഷിച്ചിരിക്കുകയാണ്. വളണ്ടിയര്‍ സംഘങ്ങള്‍ മറ്റു കാര്യങ്ങള്‍ക്കായി സഹായത്തിനുണ്ട്. നാല് മക്കളാണ് ഇവര്‍ക്കുള്ളത്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.