2018 February 20 Tuesday
ഭൂമിയില്‍ കഴിയുന്നതിന് ഞാന്‍ നല്‍കുന്ന വാടകയാണ് സാമൂഹ്യപ്രവര്‍ത്തനം
ആലീസ് വാക്കര്‍

ഇന്ത്യന്‍ സുഗന്ധവ്യഞ്ജനങ്ങള്‍ക്ക് സഊദിയില്‍ ഇപ്പോഴും വന്‍ ഡിമാന്‍ഡ്

അബ്ദുസ്സലാം കൂടരഞ്ഞി

റിയാദ്: ഇന്ത്യന്‍ സുഗന്ധവ്യഞ്ജനങ്ങളോട് പുരാതനകാലം തൊട്ടേ ഉണ്ടായിരുന്ന താല്‍പര്യം അറേബ്യന്‍ ജനത ഇന്നും തുടരുന്നു. റിയാദില്‍ നടക്കുന്ന സഊദി ദേശീയ ‘ജനാദിരിയ്യ’ ഫെസ്റ്റിവെലില്‍ ഇന്ത്യന്‍ സ്‌പൈസസ് ബോര്‍ഡ് ഒരുക്കിയ സ്റ്റാളില്‍ ഒരുക്കിയ ഇന്ത്യന്‍ സുഗന്ധദ്രവ്യങ്ങളാണ് അറബികളുടെ മനം കവര്‍ന്നു കൊണ്ടിരിക്കുന്നത്. മികച്ച പ്രതികരണമാണ് ഇവയ്ക്കു ലഭിക്കുന്നതെന്ന് സ്റ്റാളിനു നേതൃത്വം നല്‍കുന്ന സ്‌പൈസസ് ബോര്‍ഡ് പബ്ലിക്കേഷന്‍ എഡിറ്റര്‍ ഡോ. ശ്രീകുമാര്‍ പറഞ്ഞു.
സുഗന്ധവ്യഞ്ജനങ്ങളില്‍ സഊദികള്‍ക്കിടയില്‍ ഏറ്റവും പ്രിയം ശുദ്ധമായ ഏലക്കായയോടും നല്ല മഞ്ഞളിനോടുമാണ്. അറബികളുടെ സല്‍ക്കാര പാനീയമായ കഹ്‌വയിലെ പ്രധാന ചേരുവ കൂടിയായ ഇന്ത്യന്‍ ഏലക്കായ ഈ വര്‍ഷം മാത്രം 2,500 മെട്രിക് ടണ്‍ ഇറക്കുമതി ചെയ്തതായാണു കണക്ക്. ഇത് ഏകദേശം 275 കോടിയോളം രൂപ വിലമതിക്കുന്നതാണ്. ഇന്ത്യയില്‍നിന്നുള്ള ഏലക്കായ കയറ്റുമതി ഈ വര്‍ഷം 4,000 ടണ്‍ കവിയുമെന്നാണു പ്രതീക്ഷയെന്നും ശ്രീകുമാര്‍ പറഞ്ഞു. 2015-16 കാലയളവില്‍ 3,897.59 മെട്രിക് ടണ്‍ ഏലക്കായ ഇന്ത്യ സഊദിയിലേക്ക് കയറ്റി അയച്ചിട്ടുണ്ട്.
ഈ വര്‍ഷം 5,257.16 മെട്രിക് ടണ്‍ മഞ്ഞളാണ് ഇന്ത്യയില്‍നിന്നു കയറ്റി അയച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ആയിരത്തിലധികം ടണ്‍ അധികമാണിത്. കൂടാതെ ഇന്ത്യന്‍ ജീരകം, കറിപ്പൊടികള്‍ എന്നിവയ്ക്കും സഊദിയില്‍ വന്‍ മാര്‍ക്കറ്റാണ്. ശ്രീകുമാറിനെ കൂടാതെ സ്‌പൈസസ് ബോര്‍ഡ് സീനിയര്‍ ഫീല്‍ഡ് ഓഫിസര്‍ മുഹമ്മദ് ഷമീര്‍ ചെറിയത്തും സ്റ്റാളിനു നേതൃത്വം നല്‍കുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.