2019 July 20 Saturday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ഇന്ത്യന്‍ രൂപ കൂപ്പുകുത്തുന്നു; നേട്ടം പ്രവാസികള്‍ക്ക്

പണപ്പെരുപ്പം, തെരഞ്ഞെടുപ്പ്, ആഗോള സാമ്പത്തിക പ്രതിസന്ധി എന്നിവ രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവുണ്ടാക്കും

 

അബ്ദുസ്സലാം കൂടരഞ്ഞി

റിയാദ്: ഇന്ത്യന്‍ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാതോടെ വിദേശ വിനിമയ നിരക്കില്‍ വന്‍ ഉയര്‍ച്ച.

കുത്തനെ മൂല്യമിടിഞ്ഞ രൂപ ഇന്നലെ ഡോളറിനെതിരെ 70 രൂപയിലേക്കെത്തിയതോടെ ഗള്‍ഫ് രാജ്യങ്ങളിലെ കറന്‍സികള്‍ ഇന്ത്യന്‍ കറന്‍സിയുമായുള്ള വിനിമയ നിരക്കിലും വന്‍ വര്‍ധനവാണ് ഉണ്ടാക്കിയത്.

തുര്‍ക്കിയിലുണ്ടായ സാമ്പത്തിക പ്രതിസന്ധി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലും പ്രതിഫലിച്ചതാണു നേരത്തെ തന്നെ മൂല്യമിടിഞ്ഞു തുടങ്ങിയ ഇന്ത്യന്‍ കറന്‍സി വീണ്ടും കൂപ്പു കുത്താന്‍ കാരണം.

കഴിഞ്ഞ വെള്ളിയാഴ്ച്ച തുര്‍ക്കിയില്‍ നിന്നുള്ള അലൂമിനിയത്തിന്നും സ്റ്റീലിനും അമേരിക്ക നൂറു ശതമാനം ഇറക്കുമതി നികുതി കൂട്ടിയതാണ് കറന്‍സി വിപണിയില്‍ പെട്ടെന്നുള്ള മാറ്റം ഉണ്ടായത്.

ഇതോടെ തുര്‍ക്കി കറന്‍സിയായ ലിറായുടെ മൂല്യം നാല്‍പതുശതമാനം ഇടിയുകയും ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളിലെ കറന്‍സികളെ ബാധിക്കുകയും ചെയ്തു.

ഡോളറിനെ അപേക്ഷിച്ച് ഇന്നലെ രൂപയുടെ വിലയിടിവ് നാട്ടില്‍ പണപ്പെരുപ്പത്തിനും അതുവഴി വിലക്കയറ്റത്തിനും ഇടയാക്കുമെങ്കിലും വിനിമയ നിരക്കിലെ ഇടിവ് പ്രവാസികള്‍ക്ക് ആശ്വാസകരമാണ്.

അന്താരാഷ്ട്ര തലത്തിലെ സാമ്പത്തിക ക്രയവിക്രയത്തില്‍ ഇന്ത്യന്‍ രൂപ കൂപ്പു കുത്തുന്നതോടെ ഗള്‍ഫ് കറന്‍സിയുമായുള്ള വിനിമയ നിരക്കില്‍ റെക്കോര്‍ഡ് വര്‍ധനവാണ് രേഖപ്പെടുത്തിയത്.

മലയാളികളടക്കം ലക്ഷക്കണക്കിന് പ്രവാസികളുടെ ആശാ കേന്ദ്രങ്ങളായ ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് ജോലി ആശങ്കക്കിടയില്‍ ഇത് തെല്ലാരാശ്വാസമാണ് നല്‍കുന്നത്.

സഊദി, ഖത്തര്‍, ഒമാന്‍ റിയാലുകളും യുഎഇ ദിര്‍ഹം, ബഹ്‌റിന്‍, കുവൈത്ത് ദിനാറുമെല്ലാം ഉയര്‍ന്ന നിരക്കിലെത്തി. നിലവിലെ പണപ്പെരുപ്പം, അടുത്ത വര്‍ഷത്തെ ഇന്ത്യയിലെ പൊതു തിരഞ്ഞെടുപ്പ് , ആഗോള സാമ്പത്തിക പ്രതിസന്ധി എന്നിവ രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവുണ്ടാക്കുമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

പ്രമുഖ എക്‌സ്‌ചേഞ്ച് വെബ്‌സൈറ്റ് പ്രകാരം സഊദി റിയാല്‍ 18.64 രൂപക്ക് മുകളിലാണ് വിപണം നടക്കുന്നത്. 19.20 രൂപയിലാണ് ഖത്തര്‍ റിയാലിന് ലഭിക്കുന്നത്.

19.03 ദിര്‍ഹത്തിലാണ് യുഎഇയുടെ നില. കുവൈത്ത് ദിനാറിന് 230.15 രൂപയാണ് ലഭിക്കുന്നത്. ബഹ്‌റൈന്‍ ദിനാര്‍ 185.93 രൂപയും ഒമാനി റിയാല്‍
181.80 രൂപക്കുമാണ് വിപണനം നടക്കുന്നത്.

പ്രവാസികള്‍ക്ക് ഇത് ആശ്വാസമാകുന്നുണ്ടെങ്കിലും നാട്ടില്‍ അനുഭവിക്കുന്ന ഭവിഷ്യത്ത് ആശങ്കക്കിട നല്‍കുന്നുണ്ട്.

2017 ഫെബ്രുവരിക്കു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് രൂപ ഇപ്പോള്‍ വ്യാപാരം നടത്തുന്നത്. ലോക കറന്‍സികളില്‍ ഏറ്റവും വേഗത്തില്‍ തകര്‍ച്ച നേരിടുന്നത് രൂപയാണെന്ന് സാമ്പത്തിക നിരീക്ഷകര്‍ പറയുന്നു.

ഇറക്കുമതിച്ചെലവു കൂടുന്നതാണ് രൂപയുടെ മൂല്യത്തകര്‍ച്ച വരുത്തുന്ന പ്രധാന ആഘാതം. ഇറക്കുമതിയെ ആശ്രയിക്കുന്ന വ്യവസായവും കച്ചവടവും പ്രതിസന്ധിയിലാകും.

പെട്രോള്‍, ഡീസല്‍ വിലകള്‍ ഇനിയും കുതിക്കാന്‍ ഇതു വഴിയൊരുക്കും. ഉയര്‍ന്ന ഇന്ധന വില ചരക്കുനീക്കത്തിന്റെ ചെലവു കൂട്ടും.

പച്ചക്കറികളുടെയും മറ്റു നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റമാണ് ഇതിന്റെ ഫലം. വിദേശ രാജ്യങ്ങളിലേക്ക് പഠനാവശ്യത്തിനായും വിനോദത്തിനായുമുള്ള യാത്രകള്‍ക്കും ചെലവേറും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News