2019 July 18 Thursday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ഇന്ത്യന്‍ തീര്‍ഥാടകരെ സഹായിക്കാനുള്ള ഉദ്യോഗസ്ഥസംഘം സഊദിയില്‍ എത്തിത്തുടങ്ങി

ജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജിനെത്തുന്ന ഇന്ത്യന്‍ തീര്‍ഥാടകരെ സഹായിക്കുന്നതിനായുള്ള ഉദ്യോഗസ്ഥസംഘം സഊദിയില്‍ എത്തിത്തുടങ്ങി. വിവിധ സംസ്ഥാനങ്ങളില്‍നിന്നായി ഡെപ്യൂട്ടേഷനില്‍ എത്തുന്ന 600 പേരില്‍ പകുതിയിലധികം ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം ജിദ്ദയിലെത്തി. ശേഷിക്കുന്നവര്‍ അടുത്ത ദിവസങ്ങളില്‍ തന്നെ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഓഫിസില്‍ എത്തിച്ചേരും.

സംഘത്തില്‍ മലയാളികളടക്കമുള്ള വനിതകളുമുണ്ട്. ഇന്ത്യയില്‍നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ഈ മാസം 14ന് മദീനയിലെത്തും. ഗോവയില്‍നിന്നുള്ള തീര്‍ഥാടകരാവും ഇത്തവണ ആദ്യം പുണ്യഭൂമിയിലെത്തുക. അവസാന സംഘം ഓഗസ്റ്റ് 16നു യാത്ര തിരിക്കും. കേരളത്തില്‍നിന്നുള്ള ആദ്യ സംഘം ഓഗസ്റ്റ് ഒന്നിന് നെടുമ്പാശ്ശേരി യില്‍ നിന്ന് പുറപ്പെടും. നെടുമ്പാശ്ശേരിക്കു പുറമെ അഹമ്മദാബാദ്, ഔറംഗാബാദ്, ബംഗളൂരു, ഭോപ്പാല്‍, ചെന്നൈ, ഡല്‍ഹി, ഗുവാഹത്തി, ഗോവ, ഹൈദരാബാദ്, ജയ്പൂര്‍, കൊല്‍ക്കത്ത, ലക്‌നൗ, മംഗളൂരു, മുംബൈ, നാഗ്പൂര്‍, ഗയ, റാഞ്ചി, ശ്രീനഗര്‍, വരാണസി തുടങ്ങി 20 ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രങ്ങള്‍ വഴിയാണ് തീര്‍ഥാടകര്‍ യാത്ര തിരിക്കുക.

അതേസമയം ഇന്ത്യന്‍ തീര്‍ഥാടകരുടെ വിമാനയാത്ര, മക്കയിലെയും മദീനയിലെയും താമസം, മക്ക-മദീന ബസ് യാത്ര, അറഫ, മിന, മുസ്ദലിഫ എന്നിവിടങ്ങളിലേക്കുള്ള നീക്കങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. മദീനയിലെത്തുന്ന തീര്‍ഥാടകര്‍ക്ക് മസ്ജിദുന്നബവിക്ക് 700 മീറ്റര്‍ ചുറ്റളവില്‍ മര്‍ക്കസിയയിലാണു താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. എന്തെങ്കിലും കാരണവശാല്‍ ഇവിടെ താമസസൗകര്യം ലഭിക്കാതെ വന്നാല്‍ അവര്‍ക്കു പണം തിരിച്ചുനല്‍കാനും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മദീനയിലെത്തുന്ന ഹാജിമാരെ സ്വീകരിക്കാന്‍ ഇവിടെ ഹജ്ജ് മിഷന്‍ പ്രവര്‍ത്തകരുമുണ്ടാവും. ഹജ്ജ് മിഷന്‍ ഓഫിസിനോട് ചേര്‍ന്നു പത്തു കിടക്കകളുള്ള ആശുപത്രി സജ്ജമാക്കുന്നുണ്ട്. ഇവിടെനിന്ന് എട്ടു ദിവസത്തിനു ശേഷമാണു തീര്‍ഥാടകര്‍ ബസുകളില്‍ മക്കയിലേക്കു തിരിക്കുക. കേരളത്തില്‍നിന്നുള്ള തീര്‍ഥാടകര്‍ രണ്ടാംഘട്ടത്തില്‍ ജിദ്ദ ഹജ്ജ് ടെര്‍മിനല്‍ വഴി മക്കയിലെത്തുക. മക്കയില്‍ ഇത്തവണ 90 ശതമാനം തീര്‍ഥാടകര്‍ക്കും അസീസിയയിലാണു താമസം ഒരുക്കുന്നത്. മസ്ജിദുല്‍ ഹറാമിന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ 12,000 തീര്‍ഥാടകര്‍ക്കാണ് ഗ്രീന്‍ കാറ്റഗറിയില്‍ അവസരം ലഭിക്കുക. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഗ്രീന്‍ കാറ്റഗറിയുടെ പരിധി 500 മീറ്റര്‍ കുറച്ചിട്ടുണ്ട്.

ഗ്രീന്‍ കാറ്റഗറിയില്‍ റൂമുകളില്‍ ഭക്ഷണം പാചകം ചെയ്യാന്‍ അനുമതിയില്ല. അസീസിയില്‍നിന്ന് ഹറമിലേക്കുള്ള യാത്ര, മക്ക-മദീന യാത്ര എന്നിവയ്ക്ക് ഇത്തവണ മികച്ച ബസുകളാണ് ഏര്‍പ്പെടുത്തിയത്. തീര്‍ഥാടകരുടെ എണ്ണത്തില്‍ ഇത്തവണ 20 ശതമാനം വര്‍ധനവുണ്ടാകുമെങ്കിലും മികച്ച സൗകര്യങ്ങളാണ് ഒരുക്കുന്നതെന്ന് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ് പറഞ്ഞു. കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്റെ നേതൃത്വത്തിലുള്ള സംഘം ജൂലൈ പന്ത്രണ്ടു മുതല്‍ പതിനഞ്ചുവരെ സഊദിയില്‍ സന്ദര്‍ശനം നടത്തും.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.