2018 September 20 Thursday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

ഇന്ത്യക്ക് തോല്‍വി; പരമ്പര നഷ്ടം ഇംഗ്ലണ്ടിന്റെ വിജയം 60 റണ്‍സിന്

 

സൗത്താംപ്ടന്‍: പരമ്പര ലക്ഷ്യമിട്ട് ഇംഗ്ലണ്ടിനെതിരേ നാലാം ടെസ്റ്റിനിറങ്ങിയ ഇന്ത്യക്ക് തോല്‍വി. ഇംഗ്ലണ്ട് ഉയര്‍ത്തിയ 245 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യക്ക് 184 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ഇതോടെ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ട് 60 റണ്‍സിന്റെ വിജയം സ്വന്തമാക്കി. ആദ്യ രണ്ട് ടെസ്റ്റുകളില്‍ വിജയിച്ച ഇംഗ്ലണ്ട് അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റില്‍ മൂന്നും വിജയിച്ചാണ് പരമ്പര സ്വന്തമാക്കിയത്.
നാല് വിക്കറ്റ് നേടിയ മോയിന്‍ അലിയുടെ ബൗളിങ്ങാണ് ഇന്ത്യക്ക് വെല്ലുവിളിയായത്. ഒരു ഘട്ടത്തില്‍ 22 റണ്‍സ് ചേര്‍ക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തിയ ഇന്ത്യയെ അര്‍ധ സെഞ്ച്വറികളുമായി ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും വൈസ്. ക്യാപ്റ്റന്‍ അജങ്ക്യ രഹാനെയുമാണ് കൈപിടിച്ചുയര്‍ത്തിയത്. ഇരുവരെയും പുറത്താക്കിയത് മോയിന്‍ അലിയാണ്. 58 റണ്‍സ് നേടിയ കോഹ്‌ലിയെ കുക്കിന്റെ കൈകളിലെത്തിച്ച മോയിന്‍ അലി 51 റണ്‍സ് നേടിയ രഹാനെയെ വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. അവസാന വിക്കറ്റില്‍ ബുംറയെ കൂട്ടുപിടിച്ച് അശ്വിന്‍ സ്‌കോര്‍ബോര്‍ഡ് ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും 25 റണ്‍സെടുത്ത അശ്വിനെ സാംകറന്‍ വിക്കറ്റിനു മുന്നില്‍ കുരുക്കിയതോടെ ഇംഗ്ലണ്ട് അനായാസം വിജയിച്ചു. ബാറ്റിങ് നിരയുടെ മോശം പ്രകടനമാണ് ഇന്ത്യക്ക് തിരിച്ചടിയായത്. രണ്ടാമിന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ 271 ല്‍ പുറത്താക്കിയ ഇന്ത്യ ബാറ്റിങ്ങില്‍ വമ്പന്‍ പരാജയമായിരുന്നു. ഇന്ത്യക്ക് വേണ്ടി ശിഖര്‍ ധവാന്‍ (17), പൂജാര (5), റിഷഭ് പന്ത് (18), മുഹമ്മദ് ഷമി (8) എന്നിവര്‍ റണ്‍സെടുത്തപ്പോള്‍ ലോകേഷ് രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ, ഇഷാന്ത് ശര്‍മ എന്നിവര്‍ റണ്‍സൊന്നുമെടുക്കാതെ മടങ്ങി. ഇംഗ്ലണ്ട് നിരയില്‍ ജയിംസ് ആന്‍ഡേഴ്‌സണ്‍, ബെന്‍ സ്റ്റോക്‌സ് എന്നിവര്‍ രണ്ടും സ്റ്റുവര്‍ട്ട് ബ്രോഡ്, സാംകറന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.