2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഇന്ത്യക്കാര്‍ക്ക് കുവൈത്തില്‍ യാത്രാവിലക്ക്

 

കുവൈത്ത് സിറ്റി: കൊവിഡ് വ്യാപനം ശക്തമായ ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഴു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് താല്‍ക്കാലിക യാത്രാ വിലക്ക് ഏര്‍പ്പെടുത്തി കുവൈത്ത്. ഇന്ത്യയെ കൂടാതെ പാകിസ്താന്‍, ഇറാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പൈന്‍സ്, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിലക്ക്. ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കുവൈത്തില്‍ പ്രവേശിക്കാനോ കുവൈത്തില്‍ നിന്ന് മടങ്ങാനോ അനുമതിയില്ല. കൊവിഡ് വ്യാപനം മൂലം നിര്‍ത്തിവച്ചിരുന്ന അന്താരാഷ്ട്ര വിമാന സര്‍വിസുകള്‍ നാളെ മുതല്‍ പുനരാരംഭിക്കാനിരിക്കെയാണ് തീരുമാനം. ഇന്ത്യയിലേക്കും തിരിച്ചും വിമാന സര്‍വിസ് പുനരാരംഭിക്കുന്നതിന് ഇന്ത്യന്‍ വ്യോമയാന മന്ത്രാലയം കുവൈത്ത് വ്യോമയാന ഡയരക്ടറേറ്റ് ജനറലുമായി ചര്‍ച്ച നടത്തിവരുകയാണ്.
അതിനിടെ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്കേ രാജ്യത്തേക്കു പ്രവേശനം അനുവദിക്കൂവെന്നു കുവൈത്ത് വ്യക്തമാക്കി. യാത്രയുടെ 96 മണിക്കൂര്‍ മുമ്പ് അംഗീകൃത ലബോറട്ടറികളില്‍ നിന്നു തയാറാക്കിയ ആരോഗ്യ സാക്ഷ്യപത്രമാണ് ഹാജരാക്കേണ്ടത്.
ഹോങ്കോങ്ങും ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. എന്നാല്‍ തീരുമാനം പിന്‍വലിക്കാന്‍ ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ മെയ് 25ന് ആഭ്യന്തര വിമാന സര്‍വിസ് പുനരാരംഭിച്ചിരുന്നു. കൊവിഡ് സാഹചര്യം പരിഗണിച്ച് അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് മാര്‍ച്ച് 23ന് ഏര്‍പ്പെടുത്തിയ നിരോധനം ഇന്ന് അവസാനിക്കും.
നിലവില്‍ വിദേശത്തുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി വന്ദേ ഭാരത് മിഷനു കീഴില്‍ എയര്‍ ഇന്ത്യയുടെയും സ്വകാര്യ കമ്പനികളുടെയും വിമാനങ്ങള്‍ അന്താരാഷ്ട്ര സര്‍വിസുകള്‍ നടത്തുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.