2019 February 24 Sunday
പശുക്കള്‍ അയവിറക്കും പോലെ നാവു കൊണ്ട് അയവിറക്കി വായാടിത്തത്തോടെ സംസാരിക്കുന്നവനോട് അല്ലാഹു കോപിക്കും – മുഹമ്മദ് നബി(സ)

ഇന്തോനേഷ്യ ഭൂകമ്പം: മരണസംഖ്യ 100 കടന്നു

ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ ദ്വീപായ ലൊംബോക്കിനെ പിടിച്ചുകുലുക്കിയ ഭൂകമ്പത്തില്‍ മരണസംഖ്യ ഉയരുന്നു. ഇതിനകം 100 പേര്‍ മരിച്ചതായി സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു. നൂറുകണക്കിനു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നാണ് ഇന്തോനേഷ്യന്‍ ദേശീയ ദുരന്ത നിവാരണ ഏജന്‍സി നല്‍കുന്ന വിവരം.
ഞായറാഴ്ച പകലാണ് വിനോദസഞ്ചാര കേന്ദ്രമായ ലൊംബോക്കിന്റെ വടക്കുകിഴക്കന്‍ ഭാഗങ്ങളില്‍ ശക്തമായ ഭൂകമ്പമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ വീടുകളടക്കം ആയിരക്കണക്കിനു കെട്ടിടങ്ങള്‍ തകര്‍ന്നടിഞ്ഞു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.

ബാലി ദ്വീപിലുണ്ടായ ഭൂചലനത്തില്‍ ഒരാളും മരിച്ചിട്ടുണ്ട്. സമീപത്തെ ഗിലി ദ്വീപുകളെയും ഭൂകമ്പം ബാധിച്ചിട്ടുണ്ട്. ഞായറാഴ്ചത്തെ ഭൂകമ്പത്തെ തുടര്‍ന്ന് 130 തവണ തുടര്‍ചലനങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ലൊംബോക്കിലെ പ്രധാന നഗരമായ മതറമിലാണു ഭൂകമ്പം കൂടുതല്‍ നാനഷ്ടങ്ങള്‍ വിതച്ചത്. ഇവിടത്തെ കെട്ടിടങ്ങളില്‍ അധികവും ദുര്‍ബലമായ വസ്തുക്കള്‍ കൊണ്ടുനിര്‍മിച്ചതായതിനാല്‍ അപകടത്തിന്റെ ആഘാതം വര്‍ധിച്ചു. അപകട ഭീഷണിയെ തുടര്‍ന്ന് ലൊംബോക്കില്‍നിന്ന് ആയിരത്തിലേറെ വിദേശ ടൂറിസ്റ്റുകളെ ഒഴിപ്പിച്ചു.
കഴിഞ്ഞയാഴ്ചയും ലൊംബോക്കില്‍ ശക്തമായ ഭൂകമ്പമുണ്ടായിരുന്നു. ജൂലൈ 29നു നടന്ന ഭൂകമ്പത്തില്‍ 17 പേരാണു മരിച്ചത്. 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് അന്നുണ്ടായത്. ഇന്തോനേഷ്യയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ബാലിയുടെ പടിഞ്ഞാറു ഭാഗത്തായി സ്ഥിതി ചെയ്യുന്ന ദ്വീപാണ് ലൊംബോക്. 4,500 സ്‌ക്വയര്‍ കി.മീറ്ററുള്ള ദ്വീപില്‍ വിദേശികളടക്കം ദശലക്ഷക്കണക്കിനു വിനോദസഞ്ചാരികളാണു വര്‍ഷംതോറും എത്തുന്നത്. 40 ലക്ഷത്തിനടുത്താണു ദ്വീപിലെ ജനസംഖ്യ.



 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.