2018 October 22 Monday
തീവ്രമായ സ്‌നേഹം അളക്കുന്നില്ല കൊടുക്കുക മാത്രമേ ചെയ്യുന്നുള്ളൂ

ഇന്തോനേഷ്യ ഭൂകമ്പം: ഭീതിവിതച്ച് തുടര്‍ചലനങ്ങളും; മരണസംഖ്യ 259 ആയി

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ഭൂകമ്പഭീതി ഒഴിയുന്നില്ല. നാലു ദിവസം മുന്‍പുണ്ടായ ഭൂകമ്പത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ വീണ്ടും ശക്തമായ ഭൂചലനം. ദുരന്തഭൂമിയായ ലൊംബോക്ക് ദ്വീപില്‍ ഇന്നലെ റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനങ്ങളുണ്ടായി. അതിനിടെ, ഭൂകമ്പത്തില്‍ മരണസംഖ്യ 259 ആയിട്ടുണ്ട്.
350ഓളം തുടര്‍ചലനങ്ങളാണു ദ്വീപിന്റെ പല ഭാഗങ്ങളില്‍ ഇന്നലെ അനുഭവപ്പെട്ടത്. 5.9, 6.2 എന്നിങ്ങനെ തീവ്രതയിലാണ് മിക്കവാറും ഭൂചലനങ്ങളുണ്ടായത്. ഇതില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നടിയുകയും ചെയ്തിട്ടുണ്ട്. ഞായറാഴ്ചത്തെ വന്‍ ഭൂകമ്പത്തെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കെയാണു വില്ലനായി വീണ്ടും ഭൂകമ്പമെത്തിയത്. ദുരന്തത്തില്‍ 319 പേര്‍ മരിച്ചതായാണ് നേരത്തെ ഇന്തോനേഷ്യ മുഖ്യ സുരക്ഷാ വകുപ്പു മന്ത്രി അറിയിച്ചിരുന്നത്. പ്രാദേശിക മാധ്യമങ്ങള്‍ 347 പേര്‍ മരിച്ചതായും റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ദേശീയ ദുരന്ത നിവാരണ ഏജന്‍സിയാണ് ഔദ്യോഗിക മരണസംഖ്യ 259 ആണെന്നു വ്യക്തമാക്കിയത്. ഒരു ദിവസത്തിനിടെ നൂറിലേറെ പേരുടെ മൃതദേഹങ്ങളാണു രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തത്. ബുധനാഴ്ചത്തെ കണക്കുപ്രകാരം 131 പേരായിരുന്നു മരിച്ചത്.
അടുത്തിടെ ഇന്തോനേഷ്യയിലുണ്ടായ ഏറ്റവും ഭീകരമായ ഭൂകമ്പമാണ് ഞായറാഴ്ചയുണ്ടായതെന്ന് റെഡ്‌ക്രോസ് വ്യക്തമാക്കി. 1,400 പേര്‍ക്ക് പരുക്കേല്‍ക്കുകയും 2,70,000 പേര്‍ ഭവനരഹിതരാകുകയും ചെയ്തിട്ടുണ്ട്.
ഞായറാഴ്ച പകലാണ് ഇന്തോനേഷ്യയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ലൊംബോക്കിന്റെ വടക്കുകിഴക്കന്‍ ഭാഗങ്ങളെ പിടിച്ചുകുലുക്കി വന്‍ ഭൂകമ്പമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ആയിരക്കണക്കിനു കെട്ടിടങ്ങള്‍ തകര്‍ന്നടിഞ്ഞു.
സമീപത്തെ ബാലി, ഗിലി ദ്വീപുകളെയും ഭൂകമ്പം സാരമായി ബാധിച്ചു. ലൊംബോക്കിലെ പ്രധാന നഗരമായ മതറമിലാണു ഭൂകമ്പം കൂടുതല്‍ നാശനഷ്ടങ്ങള്‍ വിതച്ചത്. അപകടഭീഷണിയെ തുടര്‍ന്ന് ലൊംബോക്കില്‍നിന്ന് ആയിരത്തിലേറെ വിദേശ ടൂറിസ്റ്റുകളെ ഒഴിപ്പിച്ചിരുന്നു.കഴിഞ്ഞയാഴ്ചയും ലൊംബോക്കില്‍ ശക്തമായ ഭൂകമ്പമുണ്ടായിരുന്നു. ജൂലൈ 29നു നടന്ന ഭൂകമ്പത്തില്‍ 17 പേരാണു മരിച്ചത്. 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് അന്നുണ്ടായത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.