2019 December 13 Friday
ഐക്യാഹ്വാനം ചെയ്ത് റിയാദിൽ ഗൾഫ് ഉച്ചകോടി

ഇന്തോനേഷ്യയില്‍ കലാപം; ആറു മരണം

ജക്കാര്‍ത്ത: ജോകോ വിദോദോ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതായി ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നതോടെ പ്രതിഷേധവുമായി തെരുവിലിറങ്ങിയ ജനം അക്രമാസക്തരായതോടെ ഇന്തോനേഷ്യയില്‍ കലാപം. ജോകോവി ഭരണകൂടം തെരഞ്ഞെടുപ്പില്‍ വ്യാപക കൃത്രിമത്വം നടത്തിയെന്നാരോപിച്ച് ഇന്നലെ പ്രതിപക്ഷം സംഘടിപ്പിച്ച കൂറ്റന്‍ റാലിയില്‍ പങ്കെടുത്തവര്‍ അക്രമാസക്തരാവുകയായിരുന്നു. പ്രതിഷേധക്കാരും പൊലിസും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ ആറുപേര്‍ കൊല്ലപ്പെടുകയും 200 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അതേസമയം, തങ്ങള്‍ വെടിവച്ചിട്ടില്ലെന്ന് പൊലിസ് വക്താവ് പറഞ്ഞു. അതിനിടെ തെരഞ്ഞെടുപ്പില്‍ കൃത്രിമത്വം നടന്നതായ ആരോപണം തെരഞ്ഞെടുപ്പു കമ്മിഷന്‍ നിഷേധിച്ചു.

55 ശതമാനം വോട്ടു നേടി ഇന്തോനേഷ്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് സ്ട്രഗിള്‍ സ്ഥാനാര്‍ഥി ജോകോവി വീണ്ടും പ്രസിഡന്റായെന്ന പ്രഖ്യാപനം വന്ന ഉടനെ എതിര്‍സ്ഥാനാര്‍ഥിയായ മുന്‍ സൈനിക ജനറല്‍ പ്രോബോവോ സുബിയാന്റോയെ അനുകൂലിക്കുന്നവര്‍ തെരുവിലിറങ്ങുകയായിരുന്നു. സ്ത്രീകളുള്‍പ്പെടെ ആയിരക്കണക്കിനു പ്രക്ഷോഭകര്‍ തലസ്ഥാനത്തെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഓഫിസിനു മുന്നില്‍ തടിച്ചുകൂടിയതോടെ ബാരിക്കേഡ് തീര്‍ത്ത് പൊലിസ് പ്രതിരോധിച്ചു.

30,000ത്തിലേറെ പൊലിസുകാരെ വിന്യസിച്ച് സമരക്കാരെ നേരിട്ട സര്‍ക്കാര്‍ രാജ്യത്തെ പ്രധാന റോഡുകളും പൊതുഗതാഗത സംവിധാനങ്ങളും അടച്ചിട്ടു. ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹ്യമാധ്യമങ്ങളും തല്‍ക്കാലത്തേക്കു നിരോധിച്ചു. സമരക്കാര്‍ കല്ലേറു തുടങ്ങുകയും റോഡില്‍ ടയര്‍ കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തതോടെ പൊലിസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. അതേസമയം, പ്രക്ഷോഭകര്‍ ജക്കാര്‍ത്തയ്ക്കു പുറത്തുനിന്നു വന്നവരാണെന്നും അക്രമത്തിനു പിന്നില്‍ ആസൂത്രിതമായ നീക്കമുണ്ടെന്നും പൊലിസ് മേധാവി ടിറ്റോ കാര്‍നാവിയന്‍ പറഞ്ഞു.

നേരത്തെ തെരഞ്ഞെടുപ്പു ഫലത്തെ നിരാകരിച്ച പ്രോബോവോ സുബിയാന്റോ നിയമപരമായി നേരിടുമെന്ന് അറിയിച്ചിരുന്നു. എട്ടു ലക്ഷം പോളിങ് സ്‌റ്റേഷനുകളിലായി 192.8 ദശലക്ഷം വോട്ടര്‍മാര്‍ വോട്ടു ചെയ്ത തെരഞ്ഞെടുപ്പില്‍ 60 ലക്ഷം ഉദ്യോഗസ്ഥരാണ് വോട്ടെണ്ണലിനും മറ്റുമായി ജോലിചെയ്തത്. രാപ്പകല്‍ വിശ്രമമില്ലാതെ വോട്ടെണ്ണി ഇവരില്‍ 270 പേര്‍ മരിച്ചത് വലിയ വാര്‍ത്തയായിരുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.