2018 December 12 Wednesday
ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസിനു ചുറ്റും നാം പണിയുന്നതാണ്-ജവഹര്‍ലാല്‍ നെഹ്‌റു

ഇന്തോനേഷ്യയിലെ ഭൂചലനം: മരണം 142 ആയി

കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ഞായറാഴ്ചയുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 142 ആയി. 1,477 പേര്‍ക്ക് പരുക്കേറ്റു. ലംബോക്ക് ദ്വീപിലാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 1,56,000 പേര്‍ ഭവന രഹിതരായി. എന്നാല്‍ മരിച്ചവരുടെ എണ്ണം 347 ആയെന്ന് ഇന്തോനേഷ്യന്‍ മാധ്യമമായ ആന്‍ട്ര ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. 

കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്ന് ദേശീയ ദുരന്ത നിവാരണ ഏജന്‍സി വക്താവ് സുടോപ്പോ പര്‍വോ നഗ്രോ പറഞ്ഞു. വീടുകള്‍, സ്‌കൂളുകള്‍, പള്ളികള്‍ എന്നിവിടങ്ങളില്‍ കുടുങ്ങിയവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഭൂചലന പ്രദേശങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെയും ഭക്ഷണത്തിന്റെയും ആവശ്യമുണ്ടെന്ന് നുസാ ടെങ്കാര ഗവര്‍ണര്‍ മുഹമ്മദ് സൈനുല്‍ മാജിദി പറഞ്ഞു.
പരുക്കേറ്റ നൂറുകണക്കിന് ആളുകളെ തകര്‍ന്ന ആശുപത്രിയുടെ പുറത്താണ് ചികിത്സിക്കുന്നത്. സന്നദ്ധപ്രവര്‍ത്തകരുടെ വന്‍ കുറവുണ്ട്. പടിഞ്ഞാറന്‍ നുസ ടെങ്കാരിയില്‍ വന്‍ അപകടമാണുണ്ടായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ദ്വീപില്‍ 10 മൊബൈല്‍ ക്ലിനിക്കുകള്‍ പുതുതായി തുടങ്ങിയെന്ന് ഇന്തോനേഷ്യന്‍ റെഡ്‌ക്രോസ് അറിയിച്ചു. ടാന്‍ജുആങ് പ്രദേശത്ത് താല്‍ക്കാലികമായി ആശുപത്രി സ്ഥാപിച്ചുവെന്നും റെഡ്‌ക്രോസ് പറഞ്ഞു. പരുക്കേറ്റവരില്‍ ഭൂരിഭാഗവും എല്ലുകള്‍ പൊട്ടിയവരും തലക്ക് മുറിവേറ്റവരുമാണെന്ന് ടാന്‍ജുആങില്‍ ചികിത്സ നടത്തുന്ന ഡോക്ടര്‍ കുര്‍നായാവന്‍ ഇകോ വിബോ പറഞ്ഞു.
അണുവിമുക്ത പ്രദേശങ്ങളില്ലാത്തതിനാല്‍ ഓപറേഷന്‍ നടത്താന്‍ സാധിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഭൂചലന ഭീഷണിയുള്ളതിനാല്‍ ലംബോക്കില്‍ നിന്ന് സമീപ ദ്വീപായ ഗിലി ട്രവാങ്കനിലേക്ക് ആയിരക്കണക്കിനാളുകളെ മാറ്റിത്താമസിപ്പിച്ചു. 8,400 വിനോദ സഞ്ചാരികളെയും റിസോര്‍ട്ട് തൊഴിലാളികളെയും മാറ്റിത്താമസിപ്പിച്ചുവെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. ശക്തമായ ഭൂചലനമുണ്ടായിരിക്കുന്ന കഴിഞ്ഞാഴ്ച ഇവിടെ 17 പേര്‍ മരിച്ചിരുന്നു.

 

 

 

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.