2019 June 20 Thursday
കുറഞ്ഞ ഗുണത്തിനു നന്ദി ചെയ്യാത്തവന്‍ അധിക ഗുണങ്ങള്‍ക്കും നന്ദി ചെയ്യുകയില്ല. ജനങ്ങളോട് നന്ദി ചെയ്യാത്തവര്‍ക്ക് അല്ലാഹുവിനോടും നന്ദിയുണ്ടാവുകയില്ല -മുഹമ്മദ് നബി(സ)

ഇനി ഹൈടെക്; 2030ല്‍ ഹജ്ജ് ഇനി ഇങ്ങനെയായിരിക്കും

മക്ക: ഹജ്ജിനെ ഹൈടെക് ആക്കി മാറ്റാന്‍ സഊദി അറേബ്യ ഒരുങ്ങുന്നു. ആധുനികതയുടെ നിലവില്‍ ലഭ്യമായ മുഴുവന്‍ നൂതന സംവിധാനങ്ങള്‍ സജ്ജീകരിച്ച് ഹൈടെക് ഹജ്ജിനായിരിക്കും ഹാജിമാര്‍ സാക്ഷ്യം വഹിക്കുക. പ്രത്യേകതരം ഇലക്ട്രോണിക്‌സ് വാച്ച്, സ്‌പെഷ്യല്‍ ബാഡ്ജ്, ഇയര്‍ പ്ലഗ് തുടങ്ങി ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെയായിരിക്കും ഹാജിമാര്‍ ഹജ്ജ് നിര്‍വഹിക്കുക. സഊദി ഹജ്ജ്്- ഉംറ മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.

പന്ത്രണ്ടു വര്‍ഷത്തിനുള്ളില്‍ ഹജ്ജ് സേവന മേഖലയില്‍ വരാനിരിക്കുന്നത് സങ്കല്‍പിക്കാന്‍ പോലും കഴിയാത്ത സേവനങ്ങളായിരിക്കുമെന്ന് ഹജ്ജ്- ഉംറ മന്ത്രാലയം തന്നെ വ്യക്തമാക്കി കഴിഞ്ഞു. ആധുനിക സാങ്കേതികവിദ്യകള്‍ ഹജ് തീര്‍ഥാടകരുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ എളുപ്പമാക്കുകയും മികച്ച സേവനങ്ങള്‍ നല്‍കുകയും തീര്‍ഥാടന കര്‍മം എളുപ്പമാക്കുകയും ചെയ്യുകയാണ് മന്ത്രാലയലക്ഷ്യം. ഇതിന്റെ വിഡിയോയും മന്ത്രാലയം പുറത്ത് വിട്ടു.

സ്വന്തം രാജ്യത്തു വെച്ച് ഹജ്ജ് ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്യുന്ന തീര്‍ഥാടകര്‍ക്ക് സ്മാര്‍ട്ട് തിരിച്ചറിയല്‍ കാര്‍ഡും ഇലക്‌ട്രോണിക് വളയും ഇയര്‍ ഫോണും ലഭിക്കും. മക്കയിലെയും പുണ്യസ്ഥലങ്ങളിലെയും യാത്രക്കിടെ തീര്‍ഥാടകര്‍ക്ക് ആവശ്യമായ മുഴുവന്‍ മാര്‍ഗനിര്‍ദേശങ്ങളും ഇലക്‌ട്രോണിക് വളയും ഇയര്‍ ഫോണും വഴി ലഭിക്കും.

തങ്ങളുടെ ഭാഷകളില്‍ തീര്‍ഥാടകര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിക്കുന്നതിന് അതിവേഗ വിവര്‍ത്തന സേവനവും ഇയര്‍ ഫോണുകള്‍ നല്‍കും. ഇത് ഹാജിമാര്‍ക്ക് ഏറെ സഹായകരമായിരിക്കും. സ്വന്തം രാജ്യത്തുവച്ച് മുന്‍കൂട്ടി ലഭിക്കുന്ന സ്മാര്‍ട്ട് കാര്‍ഡ് എമിഗ്രേഷന്‍, വിമാനത്താവള കടമ്പകള്‍ നിമിഷക്കള്‍ക്കകം പൂര്‍ത്തിയാക്കാനാകും. ഇതോടെ, കൗണ്ടറുകളില്‍ കാത്തു നില്‍ക്കേണ്ട അവസ്ഥ ഓര്‍മയാകും. എയര്‍പോര്‍ട്ടില്‍നിന്ന് ട്രെയിനില്‍ മക്കയിലേക്ക് യാത്ര ചെയ്യുന്നതിനും ഇതേ കാര്‍ഡ് മതിയാകും.

മക്കയിലെയും മദീനയിലെയും ഹോട്ടലുകളില്‍ പ്രവേശനം നല്‍കുന്നതിനുള്ള നടപടികളും ഇതുപോലെ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. ഹോട്ടലുകളിലെ മുറികളുടെ വാതിലുകള്‍ സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിച്ച് തീര്‍ഥാടകര്‍ക്ക് സ്വയം തുറക്കാം. എയര്‍പോര്‍ട്ടില്‍ നിന്ന് ലഗേജുകള്‍ കൈപ്പറ്റുന്നതിനുള്ള ബുദ്ധിമുട്ടുകളും തീര്‍ഥാടകര്‍ക്ക് നേരിടേണ്ടിവരില്ല. ലഗേജുകള്‍ മുറികളില്‍ എത്തുന്നതോടെ ഹാജിമാര്‍ക്ക് മറ്റൊരു ആശ്വാസം കൂടിയാകും.

ത്വവാഫ്, സഅ്‌യ് കര്‍മം നിര്‍വഹിക്കുന്ന തീര്‍ഥാടകര്‍ക്ക് ഏറെ സഹായകരമായിരിക്കും ഇലക്‌ട്രോണിക് വള. ത്വവാഫിന്റെയും സഅ്‌യിന്റെയും എണ്ണം ഇലക്‌ട്രോണിക് വള ഉണര്‍ത്തും. മസ്അയില്‍ പച്ച ലൈറ്റുകള്‍ ഉപയോഗിച്ച് പ്രത്യേകം അടയാളപ്പെടുത്തിയ, ചെറിയ വേഗത്തില്‍ ഓടേണ്ട സ്ഥലവും ഇലക്‌ട്രോണിക് വള തീര്‍ഥാടകരെ ഉണര്‍ത്തും. ഇതോടൊപ്പം ത്വവാഫ്, സഅ്‌യ് കര്‍മങ്ങള്‍ക്കിടയില്‍ ചൊല്ലേണ്ട പ്രാര്‍ഥനകള്‍ ഇയര്‍ഫോണുകള്‍ തീര്‍ഥാടകരുടെ ചെവിയില്‍ ഉരുവിട്ടുകൊണ്ടിരിക്കും.

ഇതോടെ ഹാജിക്ക് മറ്റൊരാളുടെ പിറകില്‍ അവര്‍ ചൊല്ലുന്നത് ഏറ്റു ചൊല്ലുന്നതിനും ഉച്ചത്തില്‍ ഏറ്റുചൊല്ലി മറ്റു തീര്‍ഥാടകര്‍ക്ക് പ്രയാസം സൃഷ്ടിക്കാതെയും ശാന്തമായി കര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിന് ഇതിലൂടെ തീര്‍ഥാടകര്‍ക്ക് സാധിക്കും. കൂടാതെ മക്ക, മദീന, മറ്റു പുണ്യസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ വഴിതെറ്റി അലയുന്ന സാഹചര്യവും പുതിയ സാങ്കേതികവിദ്യകള്‍ പാടെ ഇല്ലാതാക്കും.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.