2019 April 23 Tuesday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

ഇനി മാമ്പഴക്കാലം: കരുതിയിരിക്കുക വിഷപ്രയോഗം

അഷറഫ് ചേരാപുരം

 

കോഴിക്കോട്: വീണ്ടുമൊരു മാമ്പഴക്കാലമെത്തി. മധുരമൂറുന്ന വൈവിധ്യമാര്‍ന്ന മാമ്പഴങ്ങള്‍ കമ്പോളങ്ങള്‍ നിറയാന്‍ തുടങ്ങി. എന്നാല്‍, അമിതലാഭം നേടാനുള്ള വ്യഗ്രത മാമ്പഴങ്ങളെ വിഷമയമാക്കുന്നതായി റിപ്പോര്‍ട്ട്.

മാരകമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാവുന്ന കൃത്രിമമായി പഴുപ്പിച്ച മാമ്പഴങ്ങള്‍ സംസ്ഥാനത്തെ വിപണിയില്‍ സജീവമായിട്ടുണ്ട്. കാല്‍സ്യം കാര്‍ബൈഡ് (അസറ്റിലിന്‍ ഗ്യാസ്) ഉപയോഗിച്ച് പഴുപ്പിച്ച മാമ്പഴങ്ങളാണ് മാര്‍ക്കറ്റുകളിലെത്തുന്നത്. മൂപ്പെത്താത്ത മാമ്പഴങ്ങള്‍ ബോക്‌സുകളിലാക്കി അവയില്‍ കാല്‍സ്യം കാര്‍ബൈഡിന്റെ പൊതിവച്ചാണ് കൃത്രിമമായി പഴുപ്പിക്കുന്നത്. ഇങ്ങനെ പഴുപ്പിക്കുന്ന മാമ്പഴങ്ങള്‍ക്ക് നിറവും ഭംഗിയും കൂടുതലാണ്.

കൂടാതെ മാമ്പഴങ്ങള്‍ പെട്ടെന്ന് കേടാകുകയുമില്ല. ഇതിനാലാണ് വ്യാപാരികള്‍ ഇതിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും മാങ്ങകള്‍ എത്തുന്നത്. ഇവയിലാണ് വിഷപ്രയോഗം കൂടുതല്‍ നടക്കുന്നത്. മാമ്പഴക്കാലം തുടങ്ങുന്നതുമുതല്‍ അവസാനംവരെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് മാമ്പഴങ്ങള്‍ കേരളത്തിലെത്താറുണ്ട്. തോട്ടങ്ങളില്‍ നിന്ന് പറിച്ച മാങ്ങകള്‍ വിഷലായനിയില്‍ മുക്കി തുടക്കുന്നതോടെ ഇതിന് കൂടുതല്‍ നിറംവരുന്നു. പിന്നീട് മണിക്കൂറുകള്‍കൊണ്ട് പഴുപ്പിച്ചെടുക്കാവുന്ന രീതിയിലുള്ള വിഷപ്രയോഗമാണ് നടക്കുക.

വലിയ ഗോഡൗണുകളില്‍ കൂട്ടിയിട്ട് രാസവസ്തു വിതറി പഴുപ്പിച്ചെടുക്കുകയും ചെയ്യുന്നവരുണ്ട്. കേരളത്തില്‍ നിന്ന് വിദേശങ്ങളിലേക്ക് കയറ്റിയയക്കുന്ന മാങ്ങകളിലും ചെറിയ തോതില്‍ വിഷപ്രയോഗം നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇത്തവണ കാലാവസ്ഥ അനുകൂലമായതിനാല്‍ മാവുകള്‍ നന്നായി പൂക്കുകയും ഫലലഭ്യത കുടുതലാവുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ നാട്ടിന്‍പുറങ്ങളില്‍ വിവിധതരത്തിലുള്ള മാങ്ങകള്‍ സുലഭമാണ്.

ഇവ പലപ്പോഴും വേണ്ടവിധത്തില്‍ മാര്‍ക്കറ്റ് ചെയ്യാന്‍ കര്‍ഷകര്‍ക്ക് സാധിക്കാറില്ല. അതിനുപകരം കേരളത്തിലെ നഗരവിപണികള്‍ മറുനാടന്‍ ഇനങ്ങളാണ് കൈയടക്കാറുള്ളത്. വിഷം ചേര്‍ത്ത് വില്‍ക്കുന്ന മാങ്ങകള്‍ പിടികൂടി നശിപ്പിക്കാന്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ ഭാഗത്തുനിന്ന് കാര്യമായ നടപടിയുണ്ടാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. കേരളത്തിലെ മാമ്പഴ സീസണ്‍ അവസാനിക്കുന്നത് ആന്ധ്ര, മുതലമട, തമിഴ്‌നാട് മാങ്ങകള്‍ കൊണ്ടാണ്. മഞ്ഞനിറത്തിലുള്ള തെങ്ങനപള്ളി, നീലം, അല്‍ഫോണ്‍സ എന്നിവയാണ് ഡിമാന്‍ഡുള്ള മറുനാടന്‍ മാങ്ങകള്‍. നീലം തമിഴ്‌നാടിന്റെ സ്വന്തം മാങ്ങയാണ്. ഇവ ഏപ്രില്‍ അവസാനമാണ് കൂടുതലായും വരുന്നത്. ഗ്യാസ് വെല്‍ഡിങ്ങിന് ഉപയോഗിക്കുന്ന കാര്‍ബൈഡ് പൊടിയും ഇത്തഡോണ്‍ എന്ന രാസവസ്തുവുമാണ് മാങ്ങ പഴുപ്പിക്കാന്‍ പ്രധാനമായും ഉപയോഗിക്കുന്നത്. വേഗത്തില്‍ പഴുപ്പിക്കാന്‍ വേണ്ടി ഇത്തഡോണ്‍, എത്തിഫോണ്‍ എന്നീ പേരുകളില്‍ വിപണിയില്‍ ലഭ്യമാകുന്ന രാസപദാര്‍ഥം പച്ചമാങ്ങയില്‍ സ്‌പ്രേ ചെയ്യുന്ന രീതിയുമുണ്ട്. മാമ്പഴത്തിലൂടെ ശരീരത്തില്‍ പ്രവേശിക്കുന്ന കാര്‍ബൈഡ് മാരകമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും രക്തചംക്രമണത്തെയും ഇത് കാര്യമായി ബാധിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.