
ബെയ്ജിങ്: നിയന്ത്രണം നഷ്ടപ്പെട്ട് ബഹിരാകാശത്ത് അലഞ്ഞ ചൈനയുടെ ബഹിരാകാശ നിലയം തലയില്‍ വന്നു പതിക്കുമോയെന്നു പേടിച്ച് ഇനി ആശങ്കപ്പെട്ടു കഴിയേണ്ട.
ഏറെനാളായി ലോകം ഉറ്റുനോക്കിയ ആ നിമിഷം സംഭവിച്ചു കഴിഞ്ഞു. ചൈന സ്വയം വികസിപ്പിച്ചെടുത്ത ബഹിരാകാശ നിലയം ടിയാന്‍ഗോങ്-1 തെക്കന്‍ പസിഫിക്ക് സമുദ്രത്തിനു മീതെ കത്തിയമര്‍ന്നു.
ഇന്നലെ പുലര്‍ച്ചെ 12.15ഓടെ(പ്രാദേശിക സമയം രാവിലെ 8.15)യാണ് നിലയം ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ചിത്. അധികം വൈകാതെ പസിഫിക് സമുദ്രത്തില്‍ ടാഹിതി ദ്വീപിനടുത്ത് കത്തിയമരുകയായിരുന്നു.
ചൈനയുടെ മാന്‍ഡ് സ്പെയ്സ് എന്‍ജിനീയറിങ് അധികൃതരാണു വാര്‍ത്ത പുറത്തുവിട്ടത്. നിലയം പൂര്‍ണമായി കത്തിയമര്ന്നിട്ടുണ്ടോ അതോ അവശിഷ്ടങ്ങള്‍ ഇനിയും ബാക്കികിടക്കുന്നുണ്ടോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഞായറാഴ്ച രാത്രി നിലയം ഭൂമിയില്‍ പതിക്കുമെന്ന് ചൈനീസ് വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഞായറാഴ്ചയ്ക്കു മുന്‍പ് നിലയം ഭൗമാന്തരീക്ഷത്തില്‍ പ്രവേശിക്കുമെന്ന് നേരത്തെ യൂറോപ്യന്‍ സ്പെയ്സ് ഏജന്‍സിയിലെ ശാസ്ത്രസംഘം മുന്നറിയിപ്പ് നല്‍കിയിരുന്നു.
അമേരിക്കയ്ക്കും ആസ്ത്രേലിയയ്ക്കുമിടയില് ഒരിടത്തായിരിക്കും ഇതു പതിക്കുക എന്നാണു സംഘം നിരീക്ഷിച്ചത്. ബ്രസീലിലെ തെക്കന്‍ അറ്റ്ലാന്റിക്കില്‍ സാവോപോളോയ്ക്കും റിയോ ഡി ജനീറോയ്ക്കും ഇടയില്‍ ഒരിടത്തായിരിക്കും ഇതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
നിലയം ചിന്നിച്ചിതറി വീഴുന്നതിനാല്‍ ജനങ്ങള്‍ക്ക് അധികം അപകടഭീഷണിയില്ലെന്നും ശാസ്ത്രസംഘം അറിയിച്ചിരുന്നു. നിലയത്തിലുള്ള വിഷമയമായ ഘടകങ്ങള്‍ ഭൂമിയില്‍ പതിക്കില്ലെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
2011ലാണ് 8,500 ടണ്‍ ഭാരമുള്ള ടിയാന്‍ഗോങ്-1 നിലയം ചൈന സ്വന്തമായി വികസിപ്പിച്ച് ബഹിരാകാശത്തേക്കു വിക്ഷേപിച്ചത്. ചൈനീസ് ശാസ്ത്രജ്ഞര്‍ക്ക് ബഹിരാകാശത്തു തങ്ങി പരീക്ഷണങ്ങള്‍ നടത്താനുള്ള അവസരമൊരുക്കാനായിരുന്നു പരീക്ഷണം.
എന്നാല്‍, അധികം വൈകാതെ നിലയത്തിനു നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഇക്കാര്യം 2016 സെപ്റ്റംബറില്‍ ചൈന ഔദ്യോഗികമായി സമ്മതിക്കുകയും ചെയ്തു.