2018 April 20 Friday
ആരുടെ സംസാരം അധികമായോ അവരുടെ അബദ്ധങ്ങളും അധികമായിരിക്കും
ഉമറുല്‍ ഫാറൂഖ് (റ)

ഇനി ജനമനസ്സുകളില്‍ തിളങ്ങും

 

കല്‍പ്പറ്റ: വര്‍ത്തമാന കാലത്ത് സമസ്തക്ക് ധീരമായി നേതൃത്വം നല്‍കി സംഘടനയുടെ യശസ് ഉയര്‍ത്തുന്നതില്‍ നിസ്തുല പങ്ക് വഹിച്ച മഹാനായിരുന്നു ബാപ്പു മുസ്‌ലിയാരെന്നും ശൂന്യതയില്‍ നിന്നാരംഭിച്ച സുപ്രഭാതം ദിനപത്രത്തെ കേരളത്തിന്റെ മുന്‍നിര പത്രമാക്കി മാറ്റിയതില്‍ ബാപ്പു മുസ്‌ലിയാരുടെ പങ്ക് വിസ്മരിക്കാന്‍ കഴിയില്ലെന്നും സമസ്ത ഓഡിറ്റോറിയത്തില്‍ നടന്ന അനുശോചന യോഗം അഭിപ്രായപ്പെട്ടു. സമസ്ത സെക്രട്ടറി, വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍, എന്‍ജിനീയറിങ് കോളജ് കണ്‍വീനര്‍ തുടങ്ങി വിവിധ മേഖലകളില്‍ നേതൃനിരയില്‍ നിന്ന് സജീവമായി ഇടപെട്ട് കൊണ്ടിരിക്കുമ്പോഴുണ്ടായ വിയോഗം സമസ്തക്ക് മാത്രമല്ല പൊതു സമൂഹത്തിന് തന്നെ കനത്ത നഷ്ടമാണെന്നും യോഗം വിലയിരുത്തി. ബാപ്പു മുസ്‌ലിയാര്‍ക്ക് വേണ്ടി പ്രത്യേകം പ്രാര്‍ഥന നടത്തി. സമസ്തയും പോഷക ഘടങ്ങളും നിശ്ചയിച്ച എല്ലാ പരിപാടികളും മാറ്റിവയ്ക്കാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്‌ലിയാര്‍ അധ്യക്ഷനായി. എസ് മുഹമ്മദ് ദാരിമി, സി.പി ഹാരിസ് ബാഖവി, കാഞ്ഞായി ഉസ്മാന്‍, പി.സി ഇബ്‌റാഹീം ഹാജി, അയ്യൂബ് മാസ്റ്റര്‍ മുട്ടില്‍, നവാസ് മൗലവി സംസാരിച്ചു.

അക്കാദമി
സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

വെങ്ങപ്പള്ളി: സമസ്ത സെക്രട്ടറി കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാരുടെ നിര്യാണത്തെ തുടര്‍ന്ന് ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയുടെ കീഴിലുള്ള മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

മദീന പാഷന്‍;
സ്വാഗതസംഘം
യോഗം മാറ്റി

കല്‍പ്പറ്റ: സമസ്ത സെക്രട്ടറി കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാരുടെ നിര്യാണത്തെ തുടര്‍ന്ന് ഇന്ന് നടക്കാനിരുന്ന ‘മദീന പാഷന്‍’ എസ്.കെ.എസ്.എസ്.എഫ് ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം യോഗം മാറ്റിവച്ചതായി സംഘാടകസമിതി ഭാരവാഹികള്‍ അറിയിച്ചു.

പൊതുപ്രവര്‍ത്തനരംഗത്തെ തീരാനഷ്ടം: എം.എ മുഹമ്മദ് ജമാല്‍

മുട്ടില്‍: കര്‍മ്മ നിരതമായ പണ്ഡിത ജീവിതം നയിച്ച മാതൃകാ നേതാവായിരുന്നു കോട്ടുമല ബാപ്പു മുസ്‌ലിയാരെന്ന് ഡബ്ലു.എം.ഒ ജനറല്‍ സെക്രട്ടറി എം.എ മുഹമ്മദ് ജമാല്‍ അനുസ്മരിച്ചു. മികവുറ്റ സംഘാടകനും പ്രാസ്ഥാനിക പ്രതിബദ്ധതയുമുള്ള അദ്ദേഹത്തിന്റെ വിയോഗം കേരളത്തിലെ പൊതുപ്രവര്‍ത്തനരംഗത്ത് തീരാ നഷ്ടമാണ്.
വയനാട് മുസ്‌ലിം ഓര്‍ഫനേജിന്റെ സുവര്‍ണ ജൂബിലി പ്രഖ്യാപന സമ്മേളനത്തില്‍ നവംബര്‍ 10ന് അദ്ദേഹം സംബന്ധിച്ചിരുന്നു. ഡബ്ലു.എം.ഒവിന്റെ വിദ്യാഭ്യാസ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് അദ്ദേഹത്തിന്റെ പ്രഭാഷണത്തിലെ പരാമര്‍ശങ്ങള്‍ വലിയ പ്രചോദനവും പ്രോത്സാഹനവുമാണ് ഡബ്ലു.എം.ഒക്ക് നല്‍കിയതെന്നും മുഹമ്മദ് ജമാല്‍ അനുസ്മരിച്ചു.

അനുസ്മരണ
സമ്മേളനം മാറ്റിവച്ചു

കല്‍പ്പറ്റ: സമസ്ത ജില്ലാ കമ്മിറ്റി ഇന്ന് കല്‍പ്പറ്റയില്‍ നടത്താന്‍ നിശ്ചയിച്ച അനുസ്മരണ സമ്മേളനം കോട്ടുമല ബാപ്പു മുസ്‌ലിയാരുടെ വിയോഗം കാരണം ഈ മാസം 18ലേക്ക് മാറ്റിയതായി കണ്‍വീനര്‍ ഹാരിസ് ബാഖവി അറിയിച്ചു.

വെങ്ങപ്പള്ളി: വിടവാങ്ങിയ സമസ്ത നേതാവ് കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ക്ക് ശംസുല്‍ ഉലമ ഇസ്‌ലാമിക് അക്കാദമി സ്ഥാപനങ്ങളില്‍ പ്രാര്‍ഥനാ സംഗമങ്ങള്‍ നടന്നു. വാഫി കോളജില്‍ നടന്ന പ്രാര്‍ഥനക്ക് സയ്യിദ് സാബിത് റഹ്മാനി നേതൃത്വം നല്‍കി. ജഅ്ഫര്‍ ഹൈതമി, സയ്യിദ് ശിഹാബുദ്ദീന്‍ വാഫി, ഇബ്‌റാഹിം ഫൈസി പേരാല്‍, എ.കെ സുലൈമാന്‍ മൗലവി, ഹാമിദ് റഹ്മാനി, അബ്ദുല്ല ബാഖവി, ഇബ്‌റാഹിം ഫൈസി ഉഗ്രപുരം, കുഞ്ഞിമുഹമ്മദ് ദാരിമി സംബന്ധിച്ചു. വാരാമ്പറ്റ സആദ കോളജില്‍ അബ്ദുസലാം അന്‍വരി പ്രാര്‍ഥനക്കു നേതൃത്വം നല്‍കി. ടി.കെ അബൂബക്കര്‍ മൗലവി, അലി ഹൈതമി, അബ്ദു റഹീം വാഫി, സുഹൈറലി വാഫി സംബന്ധിച്ചു. ശംസുല്‍ ഉലമാ പബ്ലിക് സ്‌കൂളില്‍ സുഹൈല്‍ വാഫി പ്രാര്‍ഥനക്കു നേതൃത്വം നല്‍കി. അബ്ദുറഊഫ് മാസ്റ്റര്‍, മുസ്തഫ വാഫി, നൗഷീര്‍ വാഫി, അന്‍ഷാദ് വാഫി, സാജിദ് വാഫി, അന്‍സാര്‍ വാഫി സംബന്ധിച്ചു. ശിഹാബ് തങ്ങള്‍ വനിതാ ശരീഅത്ത് കോളജില്‍ നടന്ന പ്രാര്‍ഥനക്ക് ഹാരിസ് ബാഖവി കമ്പളക്കാട് നേതൃത്വം നല്‍കി. സലീം മാസ്റ്റര്‍, നവാസ് മൗലവി സംബന്ധിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.