2019 August 22 Thursday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

ഇനിയില്ല, ബിന്ദുവിന് കരയാന്‍ കണ്ണുനീര്‍; ഉരുള്‍പൊട്ടലില്‍ ഭര്‍ത്താവും മകനും നഷ്ടപ്പെട്ട ഇവര്‍ക്ക് കരകയറാന്‍ നാം കനിയണം

അംജദ് ഖാന്‍ റശീദി

തിരുവമ്പാടി: ജീവനുതുല്യം സ്‌നേഹിച്ച ഭര്‍ത്താവ്, മൂന്നു മക്കളിലെ ഏക ആണ്‍തരി… പൊടുന്നനെ രണ്ടുപേരും നഷ്ടപ്പെട്ടപ്പോള്‍ ബിന്ദുവിനു കരഞ്ഞുതീര്‍ക്കുകയല്ലാതെ മുന്നില്‍ മറ്റു വഴികളില്ലായിരുന്നു. അത്താഴവും കഴിച്ച് പുലര്‍ച്ചെയെ സ്വപ്നം കണ്ട് തലചായ്ക്കുകയായിരുന്നു അവര്‍, അന്നൊരു ബുധനാഴ്ച. അതിനിടെയാണ് ഉറക്കത്തെ മുറിച്ച്, ജീവിതത്തെ തകര്‍ത്ത് വന്‍ ശബ്ദത്തോടെ ഉരുള്‍പൊട്ടിയത്. അതോടെ ബിന്ദുവും രണ്ടു പെണ്‍മക്കളും അനാഥരായി.
ഭര്‍ത്താവ് കൂടരഞ്ഞി കല്‍പ്പിനി കൂരിയോട്ടുമല തയ്യില്‍തൊടി പ്രകാശ് (45), മകന്‍ പ്രബിന്‍ (10) എന്നിവരുടെ ജീവന്‍ അന്ന് അര്‍ധരാത്രി ഒന്നരയോടെ നിലച്ചു. ബിന്ദുവിനും ഇവരുടെ ഭര്‍തൃപിതാവ് ഗോപാലനും മക്കള്‍ക്കും മാരകമായി പരുക്കേല്‍ക്കുകയും ചെയ്തു. ഉരുള്‍പൊട്ടലില്‍ ഇവരുടെ വീട് നിലനിന്നിരുന്ന സ്ഥലത്തുകൂടെ മലവെള്ളം കുത്തിയൊലിച്ചെത്തുകയും വീട് ഒലിച്ചുപോവുകയും ചെയ്തു. വീടിനകലെയായി ചെളിയില്‍ പുതഞ്ഞ രീതിയിലാണ് ഈ കുടുംബത്തെ പിന്നീട് കണ്ടെത്താനായത്. ദുരന്തം ഇവരെ തുടച്ചുനീക്കുകയായിരുന്നു. പ്രബിന്‍ സംഭവസ്ഥലത്തും പ്രകാശ് ആശുപത്രിയില്‍വച്ചും മരിച്ചു.
ചേതനയറ്റ രണ്ടു ശരീരങ്ങള്‍ക്ക് യാത്രയയപ്പു പോലും നല്‍കാനാകാനായില്ല ബിന്ദുവിന്. സ്‌ട്രെച്ചറില്‍ കിടന്നാണ് ബിന്ദു പ്രിയതമനെയും മകനെയും അവസാനമായി കാണാന്‍ വന്നത്. ബിന്ദുവിന് വാരിയെല്ലിനു ക്ഷതവും ദേഹമാസകലം മുറിവുമേറ്റു. മറ്റു മക്കളായ പ്രബിത (12), പ്രിയ (8) എന്നിവര്‍ക്കും ഗുരുതരമായി പരുക്കേറ്റു. ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബിന്ദുവും മക്കളും തിരുവോണ ദിവസമായ ശനിയാഴ്ച രാത്രിയാണ് ഡിസ്ചാര്‍ജ് ആയത്. പുന്നക്കല്‍ ഓളിക്കലിലെ ബിന്ദുവിന്റെ തറവാട്ടുവീട്ടിലാണിപ്പോള്‍ താമസം. മക്കളായ പ്രബിതയ്ക്കും പ്രിയയ്ക്കും കൈകളില്‍ ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്.
ഇനി ഒന്നില്‍നിന്നു തുടങ്ങണം ഇവര്‍ക്ക്. പക്ഷേ വീടും സ്ഥലവും പൂര്‍ണമായി ഒലിച്ചുപോവുകയും കൈപിടിച്ചുയര്‍ത്താന്‍ ഭര്‍ത്താവുമില്ലാത്ത, രണ്ടു പെണ്‍മക്കള്‍ മാത്രം ബാക്കിയായ ബിന്ദുവിനു കനിവിന്റെ കൈകളുയരണം. ഒളിക്കലിലെ ബിന്ദുവിന്റെ തറവാട്ടുവീട്ടിലാണ് പ്രകാശിനെയും മകന്‍ പ്രബിനിനെയും അടക്കം ചെയ്തത്.
പ്രിയപ്പെട്ടവരുടെ വിരഹവേദന, പൊന്നുമക്കളുടെ ദൈന്യത മുറ്റിയ മുഖം, സ്വശരീരത്തിന്റെ മുറിവ്… കണ്ണീര്‍പൊഴിക്കുകയായാണിവര്‍.
ഒരു രേഖ പോലും ബാക്കിയാക്കാതെയാണ് ഉരുള്‍ പ്രളയം ഇവരെ തനിച്ചാക്കിയത്. ആശുപത്രി ചെലവുകള്‍ നല്ല മനസുകളും അധികൃതരും ചെയ്തുതന്നത് നന്ദിയോടെ ഓര്‍ക്കുന്നു. പ്രിയതമനും മകനും നഷ്ടപ്പെട്ട് സാരമായി പരുക്കേറ്റ രണ്ടു പെണ്‍മക്കളെയും നെഞ്ചോടു ചേര്‍ത്ത് വറ്റിയ കണ്ണീരുമായി കഴിയുന്ന ബിന്ദുവിനെ കരുണയുടെ ഹസ്തങ്ങള്‍ അനുഗ്രഹിച്ചേ തീരൂ.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.