2018 September 20 Thursday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

ഇദ്‌ലിബില്‍ വ്യോമാക്രമണം; ആറ് പേര്‍ കൊല്ലപ്പെട്ടു

ദമസ്‌കസ്: തെഹ്‌റാനില്‍ നടന്ന ഉച്ചകോടിക്ക് പിന്നാലെ ഇദ്‌ലിബിലെ ആക്രമണം രൂക്ഷമാക്കി റഷ്യന്‍ പിന്തുണയോടെുള്ള സിറിയന്‍ സര്‍ക്കാര്‍. വ്യോമാക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തെക്കന്‍ ഇദ്‌ലിബിനെ ലക്ഷ്യമാക്കിയാണ് ആക്രമണമുണ്ടായത്. ഇദ്‌ലിബിലെ ഹാസ് നഗരത്തിലെ ആശുപത്രികള്‍ ആക്രമണത്തില്‍ തകര്‍ന്നു.
ഹെലികോപ്റ്ററിലൂടെയാണ് ആക്രമണം നടത്തുന്നത്. ഹമ പ്രവശ്യയെ ലക്ഷ്യമാക്കി മാത്രം 150 ഷെല്‍ ആക്രമണങ്ങളാണുണ്ടായതെന്ന് വൈറ്റ് ഹെല്‍മറ്റ്‌സ് പ്രതിനിധിയായ അബ്ദുല്‍ കരീം അല്‍ റഹ്മൂന്‍ പറഞ്ഞു. ഇദ്‌ലിബില്‍ ഈ മാസം തുടക്കം മുതലുണ്ടായ ആക്രമണത്തില്‍ ഇതുവരെ 26 പേര്‍ കൊല്ലപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു.
അതിനിടെ സര്‍ക്കാര്‍ ആക്രമണത്തിനെതിരേ വിമതര്‍ റോക്കറ്റ് ആക്രമണത്തിലൂടെ തിരിച്ചടിച്ചു. ഹമയിലെ സല്‍ഹബിലാണ് വിമതര്‍ ആക്രമണം നടത്തിയത്. ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായ പടിഞ്ഞാറന്‍ ഹമയിലെ മാര്‍ദയില്‍ വിമതരുടെ ആക്രമണത്തില്‍ അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ പത്ത് പേര്‍ കൊല്ലപ്പെട്ടിരുന്നു.
സിറിയന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച തെഹ്‌റാനില്‍ നടന്ന ത്രിരാഷ്ട്ര കൂടിക്കാഴ്ച പ്രത്യേക തീരുമാനങ്ങളില്‍ എത്തിച്ചേരാതെ പിരിയുകയായിരുന്നു. ഇദ്‌ലിബില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് തുര്‍ക്കി ആവശ്യപ്പെട്ടെങ്കിലും ഇറാനും റഷ്യയും തള്ളുകയായിരുന്നു. സിറിയയില്‍ വിമതരുടെ നിയന്ത്രണത്തിന് കീഴിലുള്ള അവസാന കേന്ദ്രമാണ് ഇദ്‌ലിബ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.