2018 September 25 Tuesday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങുന്നവര്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ
സോക്രട്ടീസ്

ഇദ്‌ലിബില്‍ റഷ്യന്‍ വ്യോമാക്രമണം; അഞ്ചു കുട്ടികള്‍ കൊല്ലപ്പെട്ടു

ദമസ്‌കസ്: സിറിയയില്‍ വിമതരുടെ കീഴിലുള്ള അവസാന കേന്ദ്രമായ ഇദ്‌ലിബില്‍ വ്യോമാക്രമണം നടത്തി റഷ്യ. പ്രദേശത്തേക്ക് സിറിയന്‍ സര്‍ക്കാരിനെ പിന്തുണക്കുന്ന റഷ്യയുടെ സഹായത്തോടെയുള്ള സൈന്യം നീങ്ങുകയാണെന്ന് സന്നദ്ധ സംഘടനയായ വൈറ്റ് ഹെല്‍മറ്റ് റിപ്പോര്‍ട്ട് ചെയ്തു. അഞ്ചു കുട്ടികള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റെന്ന് സംഘടനഅറിയിച്ചു.
ഇദ്‌ലിബില്‍ ആക്രമണം നടത്തി മനുഷ്യ ദുരന്തത്തിന് വിത്തുപാകരുതെന്നുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് ആക്രമണവുമായി റഷ്യ രംഗത്തെത്തിയത്. ഇന്നലെ രാവിലെ 23 തവണ വ്യോമാക്രമണമുണ്ടായെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തീവ്രവാദികളുടെ അവസാന കേന്ദ്രമെന്നാണ് ഇദ്‌ലിബിനെ റഷ്യ വക്താവ് ദിമിത്രി പെസ്‌കോവ് കഴിഞ്ഞ ദിവസം പറഞ്ഞത്.
മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സിറിയന്‍ സൈന്യം തയാറെടുക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സിറിയക്കും റഷ്യക്കും ഇറാനും മുന്നറിയിപ്പുമായി ട്രംപ് ഇന്നലെ രംഗത്തെത്തിയത്. ഇദ്‌ലിബ് പ്രവിശ്യയെ പ്രസിഡന്റ് ബഷാറുല്‍ അസദ് ആക്രമിക്കരുതെന്നും ഇത് വലിയ മനുഷ്യ ദുരന്തത്തിലേക്ക് നയിക്കുമെന്നും ആക്രമണത്തില്‍ പങ്കുചേരുന്നത് മനുഷ്യത്വപരമായ വലിയ അപരാധമായിരിക്കും ചെയ്യുന്നതെന്നും ട്രംപ് ട്വീറ്റ് ചെയ്തു.
പതിനായിരങ്ങളുടെ മരണത്തിലേക്ക് ഇത് നയിച്ചേക്കും. ആക്രമണം ഒരിക്കലും സംഭവിക്കാന്‍ സമ്മതിക്കരുതെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഏഴ് വര്‍ഷമായി സിറിയയില്‍ തുടരുന്ന സംഘര്‍ഷത്തില്‍ ഇതുവരെ കാണാത്ത അത്ര മനുഷ്യ ദുരന്തത്തിലേക്കും നയിക്കുന്നതായിരിക്കും ഇദ്‌ലിബിന്റെ നേര്‍ക്കുള്ള സമ്പൂര്‍ണ ആക്രമണമെന്നും യു.എസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. 15 ലക്ഷത്തോളമുള്ള ഇദ്‌ലിബിലെ ജനങ്ങളുടെ ദുരന്തത്തിനാണ് ആക്രമണം കാരണമാവുകയെന്ന് യു.എന്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഇദ്‌ലിബില്‍ റഷ്യ ആക്രമണം ആരംഭിച്ചതിനാല്‍ മേഖലയിലെ സമാധാനത്തിനായി റഷ്യയും തുര്‍ക്കിയും ഉടന്‍ ചര്‍ച്ച നടത്തണമെന്ന് യു.എന്നിന്റെ സിറിയന്‍ പ്രതിനിധി സ്റ്റഫന്‍ ഡി മിസ്തൂറ പറഞ്ഞു. പ്രസിഡന്റ് വ്‌ലാദ്മിര്‍ പുടിനും ഉര്‍ദുഗാനും ടെലിഫോണ്‍ സംഭാഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 2011ല്‍ സിറിയയില്‍ ആരംഭിച്ച ആഭ്യന്തര യുദ്ധത്തില്‍ സര്‍ക്കാരിനെതിരേ കീഴടങ്ങാത്ത ഏകപ്രദേശമാണ് ഇദ്‌ലിബ്. വിമതര്‍ക്ക് പിന്തുണയുമായി അയല്‍ രാജ്യമായ തുര്‍ക്കിയാണുള്ളത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.