2018 June 13 Wednesday
നിങ്ങളില്‍ തന്നെ വിശ്വസിക്കുവിന്‍. മഹാവിശ്വാസങ്ങളാണ് മഹാകര്‍മങ്ങളുടെ മാതാവ്.
-സ്വാമി വിവേകാനന്ദന്‍

ഇതാ… പുതിയ സ്വിഫ്റ്റ്…

എ. വിനീഷ്

കാത്തിരിപ്പിനും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് ഇതാ പുതിയ സ്വിഫ്റ്റ്. 2017 സ്വിഫ്റ്റിന്റെ യഥാര്‍ഥ ചിത്രം പുറത്തുവന്നു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് പുതിയ 2017 മോഡല്‍ കാറിന്റെ കംപ്യൂട്ടര്‍ ജനറേറ്റഡ് ഇമേജുകള്‍ ഓണ്‍ലൈനില്‍ പ്രചരിച്ചിരുന്നു. കാറിന്റെ രൂപത്തെക്കുറിച്ച് ഏകദേശ ധാരണ ഈ ചിത്രങ്ങള്‍ നല്‍കിയിരുന്നെങ്കിലും ആദ്യമായാണ് പുറത്തിറങ്ങാന്‍ പോകുന്ന കാറിന്റെ യഥാര്‍ഥ ചിത്രം ലഭ്യമായത്. മുന്‍വശത്തു നിന്നുള്ള കാഴ്ച മാത്രമേ ലഭ്യമായിട്ടുള്ളൂ എന്നൊരു പരിമിതിയുണ്ട്. ആറു വര്‍ഷം പിന്നിട്ട മൂന്നാം തലമുറയില്‍ പെട്ട സ്വിഫറ്റിന് ശേഷമാണ് പുതിയ മോഡല്‍ പുറത്തിറങ്ങുന്നത്. 2017 മാര്‍ച്ചില്‍ നടക്കുന്ന ജനീവ മോട്ടോര്‍ഷോയില്‍ സുസുകി പുതിയ സ്വിഫ്റ്റിനെ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്.
പുതിയ കാറിന് ഡിസൈനില്‍ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടെങ്കിലും കാഴ്ചയില്‍ ആ പഴയ സ്വിഫ്റ്റ് ലുക്ക് നിലനിര്‍ത്താന്‍ സുസുകി ശ്രദ്ധിച്ചിട്ടുണ്ട്. ഗ്രില്ലിലേക്ക് വളഞ്ഞ് ഇറങ്ങുന്ന ബോണറ്റും ഹെഡ്‌ലാംപുമെല്ലാം ഇതിന് സഹായിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ, എണ്ണിയെടുക്കാന്‍ പുതിയ ഒരുപാട് ഫീച്ചറുകളും ഇതോടൊപ്പമുണ്ട്. പുതിയ ഹെഡ്‌ലാംപിന് ബെലേനിയേയുടേതിനോട് ഏറെക്കുറെ സാമ്യമുണ്ട്. കൂടാതെ ഡേ ടൈം റണ്ണിങ് ലാംപുകളും സ്ഥാനം പിടിച്ചിട്ടുണ്ട്.
പ്രധാനമായുള്ളത് മുന്നില്‍ ഓഡി കാറുകളുടേത് പോലുള്ള ഗ്രില്‍ ആണ്. ഫോഗ് ലാംപുകള്‍ മുന്നിലെ ബംപറിലെ എയര്‍ ഡാപിലേക്ക് ഇറങ്ങി നില്‍ക്കുന്നവയാണ്. പുറകിലെ ഡോര്‍ ഹാന്റില്‍ ആകട്ടെ വിന്‍ഡോ ഫ്രെയിമിനകത്ത് ഒളിപ്പിച്ച നിലയില്‍ ആണ്. ഒറ്റനോട്ടത്തില്‍ ഇത് ശ്രദ്ധയില്‍പെടില്ല.

ബെലേനിയോയുടെ പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ചതാണെങ്കിലും കാറിന് അത്ര നീളമില്ല. അതുകൊണ്ട് തന്നെ 890 കിലോ വരുന്ന ബെലേനിയോയേക്കാള്‍ ഭാരക്കുറവുണ്ട് പുതിയ സ്വിഫ്റ്റിന്. ദൃഢതയേറിയതും ഭാരക്കുറവുമുള്ള പുതിയ പ്ലാറ്റ്‌ഫോമില്‍ കാറിന്റെ ആകെ ഭാരം 15 ശതമാനത്തോളം കുറയ്ക്കുന്നുണ്ട്. ഇത് പുതിയ കാറിന്റെ മൈലേജിലും പെര്‍ഫോമന്‍സിലും കാര്യമായ മാറ്റങ്ങള്‍ വരുത്തുമെന്നാണ് പ്രതീക്ഷ. അടുത്ത ജനറേഷന്‍ ഡിസയറിന്റെ ഇന്റീരിയറുമായാണ് പുതിയ സ്വിഫ്റ്റ് എത്തുക. ഉയര്‍ന്ന മോഡലുകളില്‍ ബെലേനിയോ, വിറ്റാറ ബ്രെസ എന്നിവയിലുള്ളതുപോലെ ആപ്പിള്‍ കാര്‍ പ്ലേ, മിറര്‍ ലിങ്ക് തുടങ്ങിയ സവിശേഷതകളുള്ള ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്‍് സിസ്റ്റവും ഉണ്ടാകും.

പുതിയ കാറിലും 1.2 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ തന്നെയാണ് ഉണ്ടാവുക. എന്നാല്‍ സ്വിഫ്റ്റ് പ്രേമികള്‍ക്ക് സന്തോഷിക്കാന്‍ വകയുള്ള മറ്റ് ചില കാര്യങ്ങളും ഉണ്ട്. 2017 ഫെബ്രുവരിയില്‍ പുറത്തിറങ്ങുന്ന ബെലേനിയോ ആര്‍.എസില്‍ ഉപയോഗിക്കുന്ന 1.0 ലിറ്റര്‍ ബൂസ്റ്റര്‍ ജെറ്റ് പെട്രോള്‍ എന്‍ജിനും മാരുതി തന്നെ വികസിപ്പിച്ചെടുത്ത 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനും പുതിയ സ്വിഫ്റ്റിനായി പരിഗണിക്കുന്നുണ്ട്.

ഇതൊന്നും മതിയാകാത്തവര്‍ക്കായി പുതിയ ഒരു ഹൈപെര്‍ഫോമന്‍സ് സ്വിഫ്റ്റിനെക്കുറിച്ചും പറഞ്ഞു കേള്‍ക്കുന്നുണ്ട്. വിറ്റാറയുടെ അന്തര്‍ദേശീയ മോഡലുകളില്‍ ഉപയോഗിക്കുന്ന 140 ബി.എച്ച്.പി കരുത്തുള്ള ടര്‍ബോ പെട്രോള്‍ എന്‍ജിന്റെ പരിഷ്‌കരിച്ച പതിപ്പാണ് ഈ മോഡലില്‍ ഉപയോഗിക്കുക. പുതിയ മോഡല്‍ സ്വിഫ്റ്റിന്റെയും ഡിസയറിന്റെയും പരീക്ഷണ ഓട്ടം മാരുതി ഇതിനകം ഇന്ത്യയില്‍ ആരംഭിച്ചുകഴിഞ്ഞു. ഇത്രയുമൊക്കെയാണ് പുതിയ സ്വിഫ്റ്റിനെക്കുറിച്ച് ഇപ്പോള്‍ പറയാനാവുന്നത്. ഇനി ഒരൊറ്റ കാര്യം കൂടി ബാക്കിയുണ്ട്. ബെലേനിയോ പുതിയ സ്വിഫ്റ്റും പുറത്തിറങ്ങാന്‍ പോകുന്ന മാരുതി ഇഗ്‌നിസുമൊക്കെ നിര്‍മിച്ചിരിക്കുന്ന പ്ലാറ്റ്‌ഫോമില്‍ ഒരു ഓള്‍ വീല്‍ ഡ്രൈവ് മോഡിലും ഉപയോഗിക്കാന്‍ സാധിക്കുന്നതാണ്. എന്നുവച്ചാല്‍ നമ്മുടെ മഹീന്ദ്ര ജീപ്പ് പോലെ നാല് ചക്രങ്ങളെയും എന്‍ജിന്‍ ഒരേ സമയം കറക്കുന്ന ഫോര്‍വീല്‍ ഡ്രൈവ് എന്നര്‍ഥം. നാലാം തലമുറയില്‍പെട്ട സ്വിഫ്റ്റ് ഭാവിയില്‍ ഓള്‍ വീല്‍ ഡ്രൈവ് മോഡിലും എത്തുമോ എന്നതാണ് അടുത്ത ചോദ്യം. സുസുകി ഏതായാലും ഓള്‍വീല്‍ ഡ്രൈവ് സ്വിഫ്റ്റിന്റെ പരീക്ഷണം ആരംഭിച്ചിട്ടുണ്ട്. മാരുതിക്കും അതിനുള്ള ബുദ്ധിതോന്നാന്‍ വല്ല നേര്‍ച്ചയും നേര്‍ന്ന് നമുക്ക് കാത്തിരിക്കാം.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.