2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

ഇതാണു പൊലിസ്..

 

കൊട്ടിയം: പകര്‍ച്ചവ്യാധി ഭീഷണിയില്‍ മലിനജലത്തിന് നടുവില്‍ ദുരിത ജീവിതം നയിച്ച പാവങ്ങള്‍ക്ക് കൈത്താങ്ങേകി ഇരവിപുരം പൊലിസ്.
കനത്ത മഴയെ തുടര്‍ന്ന് വെള്ളക്കെട്ടായി മാറിയ ഇരവിപുരം വടക്കുംഭാഗം ചേരിയിലെ പത്തോളം കുടുംബങ്ങളുടെ ദുരിതമാണ് ഇരവിപുരം പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ കൂട്ടായ്മയില്‍ പടിയിറങ്ങിയത്.
മഴ മാറിയിട്ടും ഈ പ്രദേശത്ത് നിന്നും വെള്ളമിറങ്ങിയിരുന്നില്ല. രണ്ടാഴ്ചയിലേറെയായി കെട്ടിക്കിടന്ന് മലിനമായ ജലത്തിന് നടുവില്‍ അസഹനീയമായ ദുര്‍ഗന്ധം സഹിച്ച് പകര്‍ച്ചവ്യാധി ഭീതിയിലാണ് ഇവര്‍ കഴിഞ്ഞ് വന്നത്. ഇവരുടെ ദുരിത ജീവിതം മനസിലാക്കിയ ഇരവിപുരം പൊലിസ് ഇന്‍സ്‌പെക്ടര്‍ ബി. പങ്കജാക്ഷന്‍ വിവിധ വകുപ്പുകളെ സഹകരിപ്പിച്ച് നടത്തിയ പ്രവര്‍ത്തനങ്ങളാണ് ദുരിതക്കയമൊഴിയാന്‍ സഹായകമായത്.
കടപ്പാക്കട ഫയര്‍ സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ കെട്ടിക്കിടന്ന മലിനജലം സമീപത്തെ കായലിലേക്ക് ഒഴുക്കിവിട്ടു.
തുടര്‍ന്ന് ആരോഗ്യ വകുപ്പ്, വില്ലേജധികൃതര്‍ എന്നിവരുടെ സഹകരണത്തോടെ പ്രദേശത്ത് ശുചീകരണ പ്രവര്‍ത്തനങ്ങളും പ്രതിരോധ മരുന്ന് വിതരണവും നടത്തി.
മലിന ജലം കലര്‍ന്നതു കാരണം പ്രദേശത്തെ കിണറുകള്‍ ഉപയോഗശൂന്യമായിരുന്നു. വ്യാപാരി വ്യവസായ സമിതി ഇരവിപുരം യൂനിറ്റും പൊലിസ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ഇവര്‍ക്കാവശ്യമായ കുടിവെള്ളം ലഭ്യമാക്കിയത്. കാക്കിക്കുള്ളിലെ കരുതലിന് നിറഞ്ഞ മനസ്സോടെ നന്ദി പറയുകയാണ് ഇവിടുത്തെ കുടുംബങ്ങള്‍.
എസ്.ഐമാരായ സുജാതന്‍ പിള്ള, ശ്രീകുമാര്‍, സുരേഷ് ബാബു, എ എസ് ഐമാരായ ലഗേഷ്, ജോയി ആല്‍ബര്‍ട്ട്, ഹരികുമാര്‍, സി.പി.ഒ മാരായ സജിത്ത്, അനില്‍, ശിവകുമാര്‍, അമല്‍ രാജ്, ഫയര്‍ ഓഫിസര്‍ സുരേഷ് എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

 

 

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.