2018 December 19 Wednesday
ശ്രമത്തിലാണ്, ഫലപ്രാപ്തിയിലല്ല സംതൃപ്തി ഉളവാകുന്നത്.

Editorial

ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കണം


രണ്ടു വര്‍ഷത്തിനുള്ളില്‍ പെരുമ്പാവൂരില്‍ രണ്ടു പേരെ രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ ക്രൂരമായി കൊലപ്പെടുത്തിയതു പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണ്. പെരുമ്പാവൂര്‍ പ്രദേശവാസികള്‍ കൂടുതല്‍ ചകിതരായെന്നതു സ്വാഭാവികം. കേരളമൊട്ടാകെ ഇതു ഭീതി വിതച്ചിട്ടുണ്ട്. 30 ലക്ഷം ഇതരസംസ്ഥാന തൊഴിലാളികള്‍ ഇവിടെയുണ്ട്. ഇതില്‍ ഒരു ലക്ഷം പെരുമ്പാവൂരിലാണ്.
കൊല്ലപ്പെട്ട നിമിഷയുടെ വീടു സന്ദര്‍ശിച്ചു മടങ്ങുകയായിരുന്ന മുഖ്യമന്ത്രിയോട് ആ പ്രദേശത്തെ സ്ത്രീകള്‍ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആശങ്കയറിയിച്ചെങ്കിലും പ്രതികരിക്കാതെപോകുന്ന പതിവു തുടര്‍ന്നു. ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങളടങ്ങുന്ന ഡാറ്റാബാങ്ക് പ്രവര്‍ത്തനം ഉടനെ ആരംഭിക്കുമെന്നാണു കഴിഞ്ഞദിവസം മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞത്. രണ്ടുവര്‍ഷം മുമ്പു ജിഷ കൊല്ലപ്പെട്ടപ്പോഴും ഇതേ സംസാരമാണു മന്ത്രിമാരില്‍ നിന്നുണ്ടായത്. തുടര്‍നടപടിയുണ്ടായില്ല.
മനുഷ്യത്വത്തോടെയാണ് ഇതരസംസ്ഥാന തൊഴിലാളികളോടു കേരളം പെരുമാറി വരുന്നത്. ഇതരസംസ്ഥാന തൊഴിലാളികളില്‍ ബഹുഭൂരിപക്ഷവും നല്ലവരാണ്. എന്നാല്‍, ക്രിമിനല്‍ പശ്ചാത്തലമുള്ളവരും സാമൂഹ്യദ്രോഹികളുമായ പലരും ഇവരുടൈ മറവിലെത്തി കേരളത്തെ ഒളിത്താവളമാക്കുന്നുണ്ട്. നിമിഷയെ കഴുത്തറുത്തു കൊന്ന ബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശി ബിജു ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണെന്നു തെളിഞ്ഞു. ഇതുപോലെ ധാരാളം പേരുണ്ടാവാം. ഇവിടെ ചോദിക്കുവാനും പറയുവാനും ഒരു വ്യവസ്ഥയുമില്ലാത്തതിനാല്‍ അവര്‍ സൈ്വരവിഹാരം നടത്തുന്നു.
പെരുമ്പാവൂരുള്‍പ്പെടെ ഇതരസംസ്ഥാന തൊഴിലാളികള്‍ തമ്പടിച്ച സ്ഥലങ്ങളില്‍ അവര്‍ ചില ഒറ്റപ്പെട്ട കേന്ദ്രങ്ങളില്‍ കൂട്ടംചേര്‍ന്നു നില്‍ക്കുന്നതു പതിവാണ്. ഇതു തദ്ദേശീയരില്‍, പ്രത്യേകിച്ചു സ്ത്രീകളില്‍, ഭീതിപടര്‍ത്തുന്നുണ്ട്. ഇതര സംസ്ഥാന തൊഴിലന്വേഷകരുടെ പൂര്‍ണവിവരം ശേഖരിക്കാതെയാണു തൊഴിലുടമകള്‍ ജോലിക്ക് നിര്‍ത്തുന്നത്. നിമിഷയെ കൊന്നയാളെക്കുറിച്ചു വേണ്ടത്ര അന്വേഷണം നടത്താതെയാണു നിയമിച്ചതെന്നു വ്യക്തമായി. ഇത്തരം തൊഴിലുടമകളും കുറ്റക്കാരാണ്.
ഇതര സംസ്ഥാന തൊഴിലാളികളില്‍ പലരും മദ്യത്തിനും മയക്കുമരുന്നിനും അടിമകളാണ്. 18നും 35നും ഇടയില്‍ പ്രായമുള്ളവരില്‍ പലരും തനിച്ചാണു താമസിക്കുന്നത്. ജോലി കഴിഞ്ഞുള്ള സമയം വെറുതെയിരിക്കുന്നതിനാല്‍ മദ്യശാലകളും മയക്കുമരുന്നും തേടിപ്പോകുന്നു. ലഹരിക്കടിമപ്പെട്ടാണു അക്രമത്തിലേയ്ക്കു തിരിയുന്നത്.
കുറ്റം ചെയ്തു തെളിവ് അവശേഷിപ്പിക്കാതെ എളുപ്പം രക്ഷപ്പെടാന്‍ ഇവര്‍ക്കു കഴിയുന്നു. എവിടത്തുകാരാണെന്ന് അറിയാതെ പൊലിസ് ഇരുട്ടില്‍ത്തപ്പും. ജിഷയെ കൊല ചെയ്ത പ്രതിയെ പിടിക്കുവാന്‍ പൊലിസിന് ഏറെപ്രയാസപ്പെടേണ്ടി വന്നത് ഇതിനാലാണ്. നിമിഷയുടെ കൊലപാതകിയെ നാട്ടുകാര്‍ പിന്തുടര്‍ന്നു പിടിക്കുകയായിരുന്നു.
കുറഞ്ഞ കൂലിക്ക് ഇതര സംസ്ഥാന തൊഴിലാളികളെ ലഭിക്കുന്നുവെന്നതിനാലാണ് ഇവരെ ജോലിക്കു നിര്‍ത്തുന്നത്. തൊഴിലാളികളില്‍ 40 ശതമാനവും എവിടെനിന്നോ വരുന്നു എങ്ങോട്ടോ പോകുന്നുവെന്ന മട്ടിലാണു തൊഴിലുടമകള്‍ പ്രതികരിക്കുക. 60 ശതമാനം പേര്‍ക്ക് ഏര്‍പ്പെടുത്തിയ ലേബര്‍ ക്യാംപുകളാകട്ടെ ശോചനീയാവസ്ഥയിലായിരിക്കും. ഇത്തരം ചുറ്റുപാടില്‍ താമസിക്കുന്നവര്‍ കുറ്റവാളികളായി മാറാനുള്ള സാധ്യത ഏറെയാണ്.
മലയാളികള്‍ പൊതുവെ ജോലി ചെയ്തു ജീവിക്കുന്നതില്‍ വിമുഖരാണ്. എളുപ്പത്തില്‍ പണം സമ്പാദിക്കുന്നതിനെക്കുറിച്ചാണു ചിന്ത. ഇത്തരമൊരവസ്ഥയില്‍ ഇതരസംസ്ഥാന തൊഴിലാളികളെ ആശ്രയിക്കുകയല്ലാതെ വഴിയില്ല. എന്നാല്‍ അവരെ സംബന്ധിച്ച എല്ലാ വിവരങ്ങളും തൊഴില്‍ ദാതാക്കളും കമ്പനികളും നിര്‍ബന്ധമായും വാങ്ങിയിരിക്കണമെന്നും ഓരോ പഞ്ചായത്തിലെയും ഇത്തരം തൊഴിലാളികളെ സംബന്ധിച്ച വിവരങ്ങള്‍ അതത് പൊലിസ് സ്റ്റേഷനുകളിലും തദേശ സ്വയംഭരണ സ്ഥാപനങ്ങളിലും നിര്‍ബന്ധമായും നല്‍കിയിരിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവുണ്ടായാല്‍ മാത്രമേ കുറ്റവാളികളായ ഇതര സംസ്ഥാന തൊഴിലാളികളെ പിടികൂടാന്‍ കഴിയൂ. ഇതിനായി പൊലിസ്, ലേബര്‍ വകുപ്പ്, തദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ ഏകോപിച്ചുള്ള അടിയന്തര പ്രവര്‍ത്തനങ്ങളാണ് ആരംഭിക്കേണ്ടത്.

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.