2018 August 18 Saturday
സ്വാതന്ത്ര്യം തന്നെയമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം
 കുമാരനാശാന്‍

ഇടുക്കി മെഡിക്കല്‍ കോളജ്: വൈദ്യുതീകരണത്തിന് 18 കോടിയുടെ ഭരണാനുമതി

 

ചെറുതോണി: ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രി സമുച്ചയം വൈദ്യുതീകരിക്കുന്നതിന് 18 കോടി രൂപയുടെ ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിച്ചതായി അഡ്വ. ജോയ്‌സ് ജോര്‍ജ്ജ് എം.പി അറിയിച്ചു.
നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന 300 ബെഡുള്ള ആശുപത്രി സമുച്ചയത്തിന്റെ വൈദ്യുതീകരണത്തിനും ആശുപത്രി ഉപകരണങ്ങള്‍ക്കുമാണ് 18 കോടി രൂപ അനുവദിച്ചിട്ടുള്ളത്. 65 കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന ആശുപത്രി സമുച്ചയത്തിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയായിക്കഴിഞ്ഞു. ഒന്നാം ഘട്ടത്തില്‍ ഒരു ലക്ഷം ചതുരശ്ര അടി വിസ്താരത്തിലുള്ള സൗകര്യങ്ങളാണ് ലഭിക്കുന്നത്.
ഒരു ലക്ഷം ചതുരശ്ര അടി സൗകര്യവും കൂടി ലഭിക്കുന്ന രണ്ടാം ഘട്ട നിര്‍മ്മാണവും വേഗത്തില്‍ പുരോഗമിക്കുകയാണ്. 13.5 കോടി രൂപ ചിലവില്‍ നിര്‍മ്മിച്ച അക്കാദമിക് ബ്ലോക്കിന്റെ നിര്‍മ്മാണം 30 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകും. പെയിന്റിംഗ് ഉള്‍പ്പടെയുള്ള അവസാനവട്ട ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്. പാത്തോളജി, മൈക്രോബയോളജി, ഫോറന്‍സിക് മെഡിസിന്‍, കമ്മ്യൂണിറ്റി മെഡിസിന്‍ തുടങ്ങിയ മെഡിക്കല്‍ ശാസ്ത്രശാഖകളാണ് അക്കാദമിക് ബ്ലോക്കില്‍ ആരംഭിക്കുന്നത്.
ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ പരിശോധനയില്‍ ന്യൂനതയായി ചൂണ്ടിക്കാണിച്ച വിദ്യാര്‍ഥികളുടെയും ജീവനക്കാരുടെയും ക്വാര്‍ട്ടേഴ്‌സുകളുടെയും, ഹോസ്റ്റലുകളുടെയും അഭാവം പരിഹരിക്കുന്നതിനായാണ് സംസ്ഥാന സര്‍ക്കാര്‍ 104 കോടി രൂപ അനുവദിച്ചിട്ടുള്ളത്. ഹോസ്റ്റല്‍ കോംപ്ലക്‌സ് നിര്‍മ്മാണത്തിന്റെ ശിലാസ്ഥാപനം തിങ്കളാഴ്ച ഇടുക്കിയില്‍ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ നിര്‍വ്വഹിക്കും. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം 200 കോടി രൂപയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനും യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മ്മാണം മുന്നോട്ട കൊണ്ടുപോകുന്നതിന് കഴിഞ്ഞിട്ടുണ്ടെന്നും എം.പി പറഞ്ഞു.
ഇടുക്കിക്കാര്‍ക്ക് മുഴുവന്‍ അഭിമാനിക്കാന്‍ കഴിയുന്ന നിലയില്‍ സര്‍വ്വ സജ്ജീകരണങ്ങളോടുംകൂടിയ ആധുനിക മെഡിക്കല്‍ കോളേജാണ് ഉയര്‍ന്നുവരുന്നതെന്നും എം.പി വ്യക്തമാക്കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.